സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സമാപിച്ച രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെ 78 റൺസിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ചരിത്രനേട്ടം കുറിച്ചു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് സ്വന്തം പേരിലാക്കി.
437 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിങ്സ് 358 റൺസിൽ അവസാനിക്കുകയായിരുന്നു. നാട്ടില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.
മഴയെത്തുടർന്ന് വൈകി ആരംഭിച്ച അവസാന ദിനത്തിൽ, 316 റൺസിന് 7 വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാൻ കളി പുനരാരംഭിച്ചത്. 75 റൺസുമായി ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്റെ പ്രകടനം ടീമിന് പ്രതീക്ഷ നൽകിയിരുന്നു.
സജിദ് ഖാനൊപ്പം ചേർന്ന് സ്കോർ 350 കടത്തിയെങ്കിലും, ഇടംകൈയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം സജിദ് ഖാനെ പുറത്താക്കിയതോടെ പാകിസ്ഥാൻ പ്രതിരോധം തകർന്നു. സെഞ്ചുറിക്ക് 6 റൺസ് അകലെ വെച്ച് ഷൊറീഫുൽ ഇസ്ലാമിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി മുഹമ്മദ് റിസ്വാൻ (94) പുറത്തായതോടെ പാകിസ്ഥാന്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു.
മത്സരത്തിൽ തൈജുൽ ഇസ്ലാം ആറ് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ: ബംഗ്ലാദേശ് 278, 390; പാകിസ്ഥാൻ 232, 358.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവിയോടെ പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പരമ്പരയിലെ മികച്ച താരമായി മുഷ്ഫിഖുർ റഹീമിനെ തെരഞ്ഞെടുത്തു. രണ്ടാം ഇന്നിങ്സിൽ അദ്ദേഹം നേടിയ സെഞ്ചുറി (137) ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണ്ണായകമായി.
ആദ്യ ഇന്നിങ്സിൽ ലിറ്റൺ ദാസ് നേടിയ സെഞ്ചുറിയും (126) ബംഗ്ലാദേശിന് കരുത്തായി. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ നിരയിൽ ബാബർ അസം (68) മാത്രമാണ് രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

