കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പദവിയിലിരുന്നപ്പോഴുള്ള ശൈലി പ്രതിപക്ഷ നേതാവായ ശേഷവും തുടരുന്നത് ഉചിതമല്ലെന്നും പ്രവർത്തന രീതികളിൽ കാതലായ മാറ്റം അനിവാര്യമാണെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു.
പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുകയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി. കേരള കോൺഗ്രസ് എം-നെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ പരാമർശങ്ങൾ ഉയർന്നു.
ഏറ്റുമാനൂർ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം ക്രോസ് വോട്ട് ചെയ്തെന്നും അവരുടെ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. സ്ഥാനാർത്ഥി നിർണയത്തിലും കമ്മിറ്റി അംഗങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
അനിൽകുമാറിന് പകരം സുരേഷ് കുറുപ്പിനെ മത്സരിപ്പിച്ചിരുന്നെങ്കിൽ വിജയം സാധ്യമാകുമായിരുന്നുവെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, പാർട്ടിയിലെ വിവിധ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണമായും പ്രതിരോധിക്കാനാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രമം.
പാർട്ടിയിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്ന് എം. സ്വരാജും ആവശ്യപ്പെട്ടു.
പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവർത്തനങ്ങളെ പേരെടുത്തു പറഞ്ഞാണ് ജില്ലാ നേതൃയോഗങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്.
എം.വി. ഗോവിന്ദൻ പങ്കെടുത്ത പാർട്ടി യോഗങ്ങളിൽ പോലും അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നതാണ് ഉചിതമെന്ന അഭിപ്രായം ഉയർന്നിരുന്നു.
പത്ത് വർഷം അധികാരത്തിലിരുന്ന് തോൽവി നേരിട്ട പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവായി പരിഗണിക്കുന്നതിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ട്.
പ്രായപരിധിയിൽ ഇളവ് നൽകി പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിനെതിരെ പൊളിറ്റ് ബ്യൂറോയിൽ നേരത്തെ അതൃപ്തി ഉയർന്നിരുന്നു. ഇതിന് പിന്നാലെ കീഴ്ഘടകങ്ങളിൽ നിന്നും എതിർസ്വരം ഉയരുന്നത് പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

