മലയാളത്തിന് വ്യത്യസ്തതയാർന്ന ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കെ.ജി. ജോർജ്. ക്ലാസിക്കുകൾ എന്നുവിളിക്കാവുന്ന ഒരുപിടി ചിത്രങ്ങൾ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. നിരവധി പേരാണ് ചലച്ചിത്രലോകത്തിനകത്തുനിന്നും പുറത്തുനിന്നുമായി അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്. നടൻ മമ്മൂട്ടിയും തന്റെ ഗുരുനാഥനായ കെ.ജി.ജോർജിന് ആദരാഞ്ജലികളർപ്പിച്ചു.
1980-ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ മമ്മൂട്ടി എത്തിയത്. സർക്കസ് കൂടാരത്തിലെ ബൈക്ക് അഭ്യാസിയുടെ വേഷമായിരുന്നു മേളയിൽ മമ്മൂട്ടിയുടേത്. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ എന്നാണ് കെ.ജി.ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
മേളയ്ക്ക് പിന്നാലെ പിന്നെയും മമ്മൂട്ടി-കെ.ജി. ജോർജ് കൂട്ടുകെട്ടിൽ ചിത്രങ്ങൾ പിറന്നു. 1982-ൽ പുറത്തിറങ്ങിയ യവനികയിലാണ് പിന്നീടിരുവരും ഒന്നിച്ചത്. ഈ ചിത്രം മലയാള കുറ്റാന്വേഷണ സിനിമകളിലെ ക്ലാസിക് ആയാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത വർഷമിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിൽ പ്രേംസാഗർ എന്ന കഥാപാത്രമായി മമ്മൂട്ടിയുണ്ടായിരുന്നു. സി.വി. ബാലകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കിയെത്തിയ മറ്റൊരാൾ എന്ന ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. ഈ ചിത്രത്തെ സി.വി. ബാലകൃഷ്ണന്റെ ചിത്രമെന്നായിരുന്നു ഒരിക്കൽ കെ.ജി.ജോർജ് വിശേഷിപ്പിച്ചത്.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത മഹാനഗരം നിർമിച്ചത് കെ.ജി. ജോർജ് ആയിരുന്നു. 1992-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ മുട്ടത്തുവർക്കിയുടേതായിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ചന്തക്കാട് വിശ്വൻ എന്ന കഥാപാത്രം ഇന്നും ആരാധകമനസുകളിൽ നിലകൊള്ളുന്നതാണ്.
വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ഞായറാഴ്ച കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി.ജോർജിന്റെ അന്ത്യം. ചൊവ്വാഴ്ചയാണ് സംസ്കാരം. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]