ഇന്ത്യൻ ഓഹരി വിപണിയിൽ ഭാരതി എയർടെൽ ചരിത്രപരമായ നേട്ടത്തിലേക്ക്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി എന്ന പദവിയിലേക്ക് എയർടെൽ തൊട്ടടുത്തെത്തി.
എച്ച്ഡിഎഫ്സി ബാങ്കിനെ പിന്തള്ളി ഈ നേട്ടം കൈവരിക്കാൻ കമ്പനിക്കായെന്നത് ശ്രദ്ധേയമാണ്. റിലയൻസ് ഇൻഡസ്ട്രീസ് മാത്രമാണ് നിലവിൽ വിപണി മൂല്യത്തിൽ എയർടെല്ലിന് മുന്നിലുള്ളത്.
ഇന്നത്തെ വ്യാപാരത്തിനിടെ എയർടെൽ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഉയർന്ന് 1953.80 രൂപ എന്ന നിലവാരത്തിലെത്തിയിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 12 ലക്ഷം കോടി രൂപയായി വർധിക്കുകയും എച്ച്ഡിഎഫ്സി ബാങ്കിനെ (11.8 ലക്ഷം കോടി രൂപ) മറികടക്കുകയും ചെയ്തു.
എങ്കിലും, വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് നേരിയ വ്യത്യാസത്തിൽ തിരികെ രണ്ടാം സ്ഥാനം പിടിച്ചു. 1.72 ശതമാനം നേട്ടത്തോടെ 1938.10 രൂപയിൽ ക്ലോസ് ചെയ്ത എയർടെല്ലിന്റെ നിലവിലെ വിപണി മൂല്യം 11.80 ലക്ഷം കോടി രൂപയാണ്.
എച്ച്ഡിഎഫ്സി ബാങ്കിന്റേത് 11.83 ലക്ഷം കോടി രൂപയുമാണ്. ഏകദേശം 3280 കോടി രൂപയുടെ വ്യത്യാസം മാത്രമാണ് ഇരു കമ്പനികളും തമ്മിലുള്ളത്.
റിലയൻസ് ഇൻഡസ്ട്രീസ് 18 ലക്ഷം കോടി രൂപയുടെ മൂല്യവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ നാല് വ്യാപാര ദിനങ്ങൾക്കിടെ 11 ശതമാനത്തോളമാണ് എയർടെൽ ഓഹരികൾ ഉയർന്നത്.
ഏപ്രിലിൽ 6 ശതമാനം നേട്ടം കൈവരിച്ച എയർടെൽ, ഓഹരി വിപണിയിലെ നിക്ഷേപകരുടെ വിശ്വാസം ആർജ്ജിക്കുന്നതിൽ വിജയിച്ചു. അതേസമയം, ഏപ്രിൽ മാസത്തിൽ 5.49 ശതമാനം നേട്ടം സ്വന്തമാക്കിയ എച്ച്ഡിഎഫ്സി ബാങ്കിന് പിന്നീട് കാര്യമായ വളർച്ച കൈവരിക്കാനായിട്ടില്ല.
മേയ് 13-ന് പുറത്തുവിട്ട നാലാം പാദ സാമ്പത്തിക ഫലങ്ങൾ പ്രകാരം, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് എയർടെല്ലിന്റെ അറ്റലാഭത്തിൽ 10.5 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
എന്നാൽ, മുൻവർഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ 33.5 ശതമാനം ഇടിവോടെ അറ്റലാഭം 7,325 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ വർഷം ലഭിച്ച നികുതി ക്രെഡിറ്റ് ഇനത്തിലുള്ള 2892 കോടി രൂപയുടെ അധിക നേട്ടം ഇത്തവണ ലഭിക്കാത്തതാണ് ലാഭത്തിലെ ഈ കുറവിന് കാരണമായത്.
ഫലപ്രഖ്യാപനത്തിന് ശേഷവും പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ എയർടെൽ ഓഹരികളിൽ ‘ബയ്’ (Buy) റേറ്റിങ് നിലനിർത്തിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

