അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് പരിഹാരം തേടി പാകിസ്ഥാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഇറാനിലെത്തി.
ദ്വിദിന സന്ദർശനത്തിനായി ടെഹ്റാനിൽ എത്തിയ അദ്ദേഹത്തിന് ഇറാൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മൊമേനി ഔദ്യോഗിക സ്വീകരണം നൽകി. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച വിശദമായ ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
മേഖലയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികൾ സംയുക്തമായി നേരിടുമെന്നും നയതന്ത്രബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ മുൻകൈ എടുക്കുമ്പോൾ, ലോകരാജ്യങ്ങൾ ഈ നീക്കങ്ങളെ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് ഇറാൻ അറിയിച്ചു.
ഇറാൻ പാർലമെന്റ് സുരക്ഷാ കമ്മിറ്റി മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംവിധാന പ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കും.
ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാമെങ്കിലും, സൈനിക ഇടപെടലിലൂടെ കപ്പലുകൾ കടത്തിവിടാൻ ശ്രമിക്കുന്നവരുടെയും ശത്രുരാജ്യങ്ങളുടെയും കപ്പലുകൾക്ക് പ്രവേശനം നിഷേധിക്കും. ചൈന, പാകിസ്ഥാൻ, ജപ്പാൻ എന്നിവയുടെ കപ്പലുകൾ നിലവിൽ ഇറാൻ കടത്തിവിട്ടുതുടങ്ങിയിട്ടുണ്ട്.
യുഎന്നിൽ ബഹറൈന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പ്രമേയം വരാനിരിക്കെയാണ് ഇറാന്റെ ഈ സുപ്രധാന നീക്കം. അതിനിടെ, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് പുതിയ സൈനിക നടപടികൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

