കൽപറ്റ: വയനാട് മീനങ്ങാടി ഗവ. എച്ച്എസ്എസിൽ അധ്യാപക തസ്തിക നിലനിർത്തുന്നതിനായി വിദ്യാർത്ഥികളെ വ്യാജമായി സ്കൂളിൽ ചേർത്ത സംഭവത്തിൽ അച്ചടക്ക നടപടികൾ വൈകുന്നു.
ഒൻപതാം ക്ലാസിലെ നാല് ഡിവിഷനുകളിലായി 16 കുട്ടികളെ അധികമായി ചേർത്താണ് തസ്തിക സംരക്ഷിക്കാൻ ശ്രമം നടന്നത്. 2025–26 അധ്യയനവർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിന് ശേഷം ഇവർ ആരും തന്നെ സ്കൂളിൽ ഹാജരായിട്ടില്ലെന്ന് ഫെബ്രുവരി 18നും 19നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സ്കൂളിൽ എത്താത്ത ഈ വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകർ കൃത്യമായി ഹാജർ രേഖപ്പെടുത്തിയതായും കണ്ടെത്തി. അധികൃതർ കുട്ടികളുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ഇവർ സ്കൂളിൽ വന്നിട്ടില്ലെന്ന വിവരം സ്ഥിരീകരിച്ചത്.
തുടർന്ന് ഫെബ്രുവരി അവസാന വാരത്തിൽ നാല് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നുവെങ്കിലും, തുടർനടപടികൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ, വ്യാജ പ്രവേശനത്തിന് നേതൃത്വം നൽകിയ പ്രധാനാധ്യാപകന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ അധ്യാപക സംഘടനാ നേതാക്കളുടെ ഇടപെടലുകളും സമ്മർദവുമുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

