വയനാട് ജില്ലയിലെ വിവിധ തൊഴിൽ മേഖലകളെ സാരമായി ബാധിച്ചുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് അനിശ്ചിതമായി നീളുന്നു. നിർമാണ മേഖല, ഹോട്ടൽ–റസ്റ്റോറന്റ് ശൃംഖല, വാണിജ്യ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.
യൂണിയനുകളുടെ കണക്കനുസരിച്ച് ഏകദേശം 25,000-ത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ ജോലി ചെയ്തിരുന്നത്. ഇവർ ഭൂരിഭാഗവും അസം, ബംഗാൾ, നേപ്പാൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലെ വോട്ട് രേഖപ്പെടുത്തുന്നതിനും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയെത്തുടർന്നും നാട്ടിലേക്ക് മടങ്ങിയ ഇവർ പലരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ജില്ലയിലെ നിർമാണ മേഖലയിലാണ് തൊഴിലാളി ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
പ്ലംബിങ്, പ്ലാസ്റ്ററിങ്, പെയിന്റിങ് തുടങ്ങിയ ജോലികൾ കരാറടിസ്ഥാനത്തിൽ ചെയ്യുന്നവർ ജോലി ഉപേക്ഷിച്ച് പോയതോടെ പല കെട്ടിട നിർമാണങ്ങളും പാതിവഴിയിൽ നിലച്ചു.
പ്രത്യേകിച്ചും മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ജോലികളെയും ഈ തൊഴിലാളി ക്ഷാമം ദോഷകരമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ മടങ്ങിവരവ് വൈകുന്നതിന് പിന്നിൽ വിവിധ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
സ്വന്തം നാട്ടിലെ ഭരണമാറ്റവും സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന ഭയവും തൊഴിലാളികളെ പിന്തിരിപ്പിക്കുന്നുണ്ട്. കൂടാതെ, വരാനിരിക്കുന്ന ബലിപെരുന്നാൾ ആഘോഷങ്ങളും വടക്കേ ഇന്ത്യയിലെ കൃഷിക്കാലവും കണക്കിലെടുത്ത് ജൂൺ മാസം വരെ ഇവർ നാട്ടിൽ തുടരാനാണ് സാധ്യത.
കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതോടെ നിർമാണ മേഖലയിലെ തൊഴിൽ സാധ്യത കുറയുമെന്നതും മടങ്ങിവരവ് വൈകിപ്പിക്കാൻ കാരണമാകുന്നു. യാത്രാ സൗകര്യങ്ങളുടെ പരിമിതിയും വലിയൊരു തടസ്സമാണ്; അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റുകൾ നിലവിൽ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ട
നിലയിലാണ്. പ്രതിസന്ധി മറികടക്കാൻ ചില തൊഴിലുടമകൾ വിമാന ടിക്കറ്റുകൾ അടക്കമുള്ള വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല.
തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

