കണ്ണൂർ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ, സംഘടനാപരമായ തിരുത്തൽ നടപടികൾക്കായി സിപിഎം തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 15-ന് ജില്ലാ സെക്രട്ടേറിയറ്റും, 16, 17 തീയതികളിൽ ജില്ലാ കമ്മിറ്റിയും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചേരും.
തുടർന്ന് ഏരിയ, ലോക്കൽ, ബ്രാഞ്ച് തലം വരെ വിപുലമായ പരിശോധനകൾ നടക്കും. തിരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ അടിത്തറയിൽ ഉണ്ടാക്കിയ തിരിച്ചടി ചെറുതല്ല.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾ സംസ്ഥാനതലത്തിൽ തന്നെ ചർച്ചയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതും, ടി.ഐ.മധുസൂദനന്റെ സ്ഥാനാർഥിത്വത്തിന് എതിരെ ഉയർന്ന ഫണ്ട് വിവാദങ്ങളും വലിയ തോതിൽ ജനവികാരത്തെ ബാധിച്ചു.
പാർട്ടി വിട്ട ടി.കെ.ഗോവിന്ദൻ എതിർചേരിയിൽ നിന്ന് വിജയിച്ചതും, മുൻ നേതാവ് വി.കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ വിമർശനങ്ങളോട് അണികൾ സ്വീകരിച്ച നിലപാടും നേതൃത്വത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇടതുനയങ്ങളിൽ നിന്ന് പാർട്ടിയും ഭരണകൂടവും വ്യതിചലിച്ചു തുടങ്ങിയെന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാണ്. സംഘടനയുടെ വലതുവൽക്കരണത്തിനെതിരെ നടപടികൾ വേണമെന്നും, തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നുമാണ് അണികളുടെ ആവശ്യം.
കെ.കെ.ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കു മാറ്റിയ തീരുമാനമുൾപ്പെടെയുള്ള വിഷയങ്ങളിൽ നേതൃത്വം എന്ത് മറുപടി നൽകുമെന്നതും നിർണായകമാണ്. ഔദ്യോഗിക പാനലുകളിൽ വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി നേതൃത്വത്തെ നിലനിർത്തുന്ന രീതി മാറണമെന്നും, അർഹരായവരെ പരിഗണിക്കണമെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നു.
യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാതെ നടത്തുന്ന അവലോകനങ്ങൾ കേവലം പ്രഹസനമാകുമോ എന്ന ആശങ്കയും അണികൾക്കിടയിലുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ ഇത്തരം വിഷയങ്ങളിൽ സത്യസന്ധമായ മറുപടികളും തിരുത്തലുകളും ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

