ഏനാത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാർഷിക മേഖല വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. തരിശുഭൂമികളെ സമ്പന്നമാക്കി വാണിജ്യാടിസ്ഥാനത്തിൽ പൈനാപ്പിൾ കൃഷി വ്യാപകമാവുകയാണ്.
നേരത്തെ റബർ തോട്ടങ്ങളിൽ ഇടവിളയായി മാത്രം ഒതുങ്ങിയിരുന്ന പൈനാപ്പിൾ കൃഷി, ഇപ്പോൾ ഗ്രാമീണ മേഖലകളിൽ മുഖ്യ കൃഷിയായി മാറിക്കഴിഞ്ഞു. റബർ തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ആദ്യ മൂന്ന് വർഷം ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്യുന്നതായിരുന്നു മുൻപുള്ള രീതി.
തോട്ടം പാട്ടത്തിനെടുക്കുന്നവർ റബർ തൈകൾ നട്ടുപരിപാലിക്കുന്നതിനൊപ്പം കർഷകർക്ക് പാട്ടത്തുക നൽകുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ ലാഭകരമല്ലാത്ത റബർ മരങ്ങൾ നീക്കം ചെയ്ത് പൂർണമായും പൈനാപ്പിൾ കൃഷിക്കായി ഭൂമി വിട്ടുനൽകുന്ന രീതിയാണ് വർധിച്ചുവരുന്നത്.
റബർ കൃഷിയിൽ നിന്ന് വരുമാനം ലഭിക്കാൻ ഏഴ് വർഷത്തോളം കാത്തിരിക്കണം. എന്നാൽ, കുറഞ്ഞ കാലയളവിൽ കുറഞ്ഞ പരിചരണം മാത്രം മതിയാകും എന്നതിനാലാണ് കർഷകർ പൈനാപ്പിളിലേക്ക് തിരിയുന്നത്.
ഹൈറേഞ്ചുകളിലും മലയോര മേഖലകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കൃഷിരീതി ഇപ്പോൾ കിളിവയൽ, കിഴക്കുപുറം തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. തരിശായി കിടന്നിരുന്ന സ്ഥലങ്ങൾ പാകപ്പെടുത്തിയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.
കർഷകരുടെ അഭിപ്രായപ്രകാരം ഏക്കറിന് ഏകദേശം ഒരു ലക്ഷം രൂപ വരെയാണ് കൃഷിച്ചെലവ്. വിപണിയിൽ ഉത്സവ സീസണുകളിൽ പൈനാപ്പിളിന് കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിൽ ലഭിക്കാറുണ്ട്.
ഉയർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ മനോഹരമായ കാഴ്ചകൾ സഞ്ചാരികളെ ആകർഷിക്കുന്നതിനാൽ, പല കൃഷിയിടങ്ങളും ഇപ്പോൾ ഫോട്ടോ ഷൂട്ട് കേന്ദ്രങ്ങളായും മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

