ജിമെയിൽ സേവനത്തിൽ സൗജന്യമായി ലഭിക്കുന്ന സ്റ്റോറേജ് പരിധിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ ഒരുങ്ങുന്നു. നിലവിൽ എല്ലാ വ്യക്തിഗത ജിമെയിൽ അക്കൗണ്ടുകൾക്കും 15GB സൗജന്യ സ്റ്റോറേജ് ലഭ്യമാണ്.
എന്നാൽ, ഫോൺ നമ്പർ ഉപയോഗിച്ച് പരിശോധിക്കാത്ത പുതിയ അക്കൗണ്ടുകൾക്ക് ഇനി മുതൽ 5GB സ്റ്റോറേജ് മാത്രമേ ലഭിക്കൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെഡ്ഡിറ്റ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ഉയരുന്ന ചർച്ചകൾ പ്രകാരം, കെനിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ പുതിയ രീതി ഗൂഗിൾ നിലവിൽ പരീക്ഷിക്കുന്നത്.
ഉപയോക്താക്കൾ തങ്ങളുടെ ഫോൺ നമ്പർ ലിങ്ക് ചെയ്ത് അക്കൗണ്ട് വെരിഫൈ ചെയ്താൽ മാത്രമേ 15GB സ്റ്റോറേജ് ലഭിക്കുകയുള്ളൂ. ഫോൺ നമ്പർ നൽകാൻ തയ്യാറല്ലാത്തവർക്ക് 5GB സ്റ്റോറേജിൽ ഒതുങ്ങേണ്ടി വരും.
സ്റ്റോറേജ് പരിധി വർദ്ധിപ്പിക്കാനായി പുതിയ ജിമെയിൽ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന രീതി തടയാനാണ് കമ്പനിയുടെ ഈ നീക്കം. ദീർഘകാലമായി 15GB സൗജന്യ സ്റ്റോറേജ് എന്നത് ഗൂഗിളിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.
എന്നാൽ, ആപ്പിളിന്റെ ഐക്ലൗഡ് (iCloud) സേവനത്തിന് സമാനമായി 5GB സ്റ്റോറേജ് എന്ന മാനദണ്ഡത്തിലേക്ക് ഗൂഗിൾ മാറുകയാണ്. ഫോൺ നമ്പർ വെരിഫിക്കേഷൻ ഇല്ലാതെ പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് ഗൂഗിൾ നേരത്തെ തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. അതേസമയം, എഐ പ്രോ (AI Pro) വരിക്കാർക്ക് സ്റ്റോറേജ് പരിധി 2TB-ൽ നിന്ന് 5TB ആയി ഉയർത്തി രണ്ട് മാസത്തിന് ശേഷമാണ് ഗൂഗിൾ ഇത്തരം ഒരു പരീക്ഷണം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഔദ്യോഗിക ജിമെയിൽ സപ്പോർട്ട് പേജുകളിൽ നിലവിൽ 15GB സ്റ്റോറേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിലും, വരും ദിവസങ്ങളിൽ ആഗോളതലത്തിൽ ഈ മാറ്റം നടപ്പിലാക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

