ഐപിഎൽ ലീഗ് ഘട്ടം നിർണായകമായ അവസാനത്തിലേക്ക് കടക്കുമ്പോൾ, ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളുമായി ചെന്നൈ സൂപ്പർ കിംഗ്സ്. പരിക്കിനെത്തുടർന്ന് പുറത്തായ യുവ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടകയുടെ ഓൾറൗണ്ടർ മാക്നീൽ ഹാഡ്ലി നൊറോണയെ ടീമിൽ ഉൾപ്പെടുത്തി.
ഇക്കാര്യം ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെയ് 2-ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലൂടെയായിരുന്നു രാമകൃഷ്ണ ഘോഷ് തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്.
എന്നാൽ, ആദ്യ മത്സരത്തിനിടെ വലതു കാൽപ്പാദത്തിൽ സംഭവിച്ച പൊട്ടലിനെത്തുടർന്ന് താരം സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് പുറത്താവുകയായിരുന്നു. ഘോഷിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും, ഇത്രയും നാൾ പകരക്കാരനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.
കർണാടക പ്രീമിയർ ലീഗിലെ (മഹാരാജ ട്രോഫി) മികച്ച പ്രകടനമാണ് 24-കാരനായ നൊറോണയ്ക്ക് ചെന്നൈ ടീമിലേക്കുള്ള വഴിതുറന്നത്. 2025 മഹാരാജ ട്രോഫിയിൽ മംഗളൂരു ഡ്രാഗൺസിനായി കളിച്ച താരം, 13 മത്സരങ്ങളിൽ നിന്ന് 253 റൺസാണ് അടിച്ചുകൂട്ടിയത്.
148.82 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 19 സിക്സറുകളും താരം സ്വന്തം പേരിലാക്കി. ഇതിനുപുറമെ, ഓഫ് സ്പിന്നർ എന്ന നിലയിൽ 7.44 ഇക്കോണമിയിൽ 10 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയ്ക്കായി കളിച്ച പരിചയസമ്പത്തും നൊറോണയുടെ കരുത്താണ്. ഈ സീസണിൽ പരിക്കുകൾ ചെന്നൈ ടീമിന് വലിയ തിരിച്ചടിയായിരുന്നു.
മുൻ നായകൻ എം.എസ് ധോണി, പേസർ ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ, ഓസ്ട്രേലിയൻ പേസർ നഥാൻ എല്ലിസ് എന്നിവർ നേരത്തെ തന്നെ പരിക്കുമൂലം പുറത്തായിരുന്നു. ലീഗ് ഘട്ടത്തിലെ അവസാന മൂന്ന് മത്സരങ്ങൾ നിർണായകമായിരിക്കെ, മധ്യനിരയിൽ നൊറോണയുടെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബിസിസിഐയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ താരം ടീമിനൊപ്പം ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

