തിരുവനന്തപുരം ∙ അന്തരീക്ഷത്തിൽ ചൂടു കൂടുമ്പോൾ ശരീരതാപനില നിയന്ത്രിക്കാനാണ് പാമ്പുകൾ തണുപ്പുള്ള സ്ഥലങ്ങൾ തേടി അലയുന്നതെന്ന് വനം വകുപ്പ്. 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ പാമ്പുകൾക്ക് സുഖമായി ജീവിക്കാം.
ഇതിനേക്കാൾ ചൂടു കൂടുമ്പോഴാണ് ഇവ മാളത്തിനു പുറത്തിറങ്ങുക. മൂർഖനെയും അണലിയെയും വെള്ളിക്കെട്ടനെയും (ശംഖുവരയൻ) സൂക്ഷിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വീടിനോടു ചേർന്നുള്ള കിണറിനു സമീപത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനിടെ കാരേറ്റ് പേടികുളം മേലതിൽ വീട്ടിൽ സുധർമ (75) പാമ്പുകടിയേറ്റ് മരിച്ചത്.
വിഷപ്പാമ്പുകളുടെ സാന്നിധ്യം കൂടുതലായി കാണുന്ന സമയമാണ് മാർച്ച്, ഏപ്രിൽ മാസങ്ങൾ. മൂർഖന്റെ മുട്ട
വിരിയുന്നതും ഈ മാസങ്ങളിലാണ്. വീടിന്റെ അടുക്കള ഭാഗങ്ങളിൽ ജലാംശം കൂടുതലായതിനാൽ പാമ്പുകൾ ഇവിടെ തണുപ്പു തേടിയെത്തുന്നത് പതിവാണ്.
ഇതു ശ്രദ്ധിക്കാതെ ഈ ഭാഗങ്ങളിൽ നടക്കുന്നതു പാമ്പുകടിയേൽക്കാൻ കാരണമാകും. വീട്ടിലും പരിസരങ്ങളിലും ചപ്പുചവറുകൾ കൂടിക്കിടക്കുന്നതും പാമ്പ് അടക്കമുള്ള വിഷജീവികൾക്കു ചൂടിൽ നിന്നു രക്ഷനേടി ഒളിഞ്ഞിരിക്കാൻ സൗകര്യമൊരുക്കും.
ഇവിടെ ശ്രദ്ധയില്ലാതെ നടക്കുമ്പോഴോ ചപ്പുചവറുകൾ നീക്കാൻ ശ്രമിക്കുമ്പോഴോ വിഷജീവികളുടെ കടിയേൽക്കാം.
10 വർഷത്തിനിടെ കേരളത്തിൽ 658 പേർ പാമ്പുകടിയേറ്റു മരിച്ചെന്നാണ് വനം വകുപ്പിന്റെ കണക്ക്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് വനം വകുപ്പിന്റെ അവകാശവാദം.
കടിയേറ്റയാളെ ഭയപ്പെടുത്തരുത്
മരണകാരണമാകുന്ന വിഷമാണു മൂർഖന്റേത്.
അണലിയുടെ കടിയേറ്റാൽ രക്തയോട്ടത്തെ ബാധിക്കും. വിഷം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും.
ശരീരത്തിലെ രക്തം നേർപ്പിക്കുന്ന തരത്തിലുള്ള വിഷമാണ് അണലിയുടേത്. വെള്ളിക്കെട്ടന്റെ കടിയേറ്റ ഭാഗത്തു വീക്കമോ വേദനയോ ഉണ്ടാകാറില്ല.
തലയ്ക്കു മത്തുപിടിച്ച പോലെ തോന്നും. കടിയേറ്റു കുറച്ചുസമയത്തിനു ശേഷം മാത്രമേ വിഷബാധയുടെ ലക്ഷണം പ്രകടമാകൂ.
പാമ്പുകടിയേറ്റയാളെ ഭയപ്പെടുത്തരുത്. ഇതു രക്തസമ്മർദം കൂട്ടാൻ ഇടയാക്കും.
നടക്കാനോ ഓടാനോ അനുവദിച്ചാൽ വിഷം പടരാൻ കാരണമാകും. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കുക
(വിവരങ്ങൾക്ക് കടപ്പാട്: വൈ.മുഹമ്മദ് അൻവർ, സർപ്പ സ്റ്റേറ്റ് കോഓർഡിനേറ്റർ)
സർപ്പ മൊബൈൽ ആപ്
പാമ്പുകളുടെ സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ട് വനം വകുപ്പ് രൂപം നൽകിയതാണ് സർപ്പ ആപ്.
സ്നേക് അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്(സർപ്പ-SARPA) എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വീടിനുള്ളിലോ പരിസരത്തോ അപകടകരമായി ഒരു പാമ്പിനെ കാണുകയോ, പാമ്പ് കയറിയ ഇടത്തിന്റെയോ ചിത്രം മൊബൈലിൽ പകർത്തി സർപ്പ ആപ്പിൽ അപ്ലോഡ് ചെയ്യണം.
ജില്ലയിലുള്ള, പാമ്പു പിടിക്കുന്നതിൽ വനം വകുപ്പിന്റെ വിദഗ്ധ പരിശീലനം ലഭിച്ചവർക്ക് നോട്ടിഫിക്കേഷനായി ഇതു ലഭിക്കും. തുടർന്ന് ഇവർ സ്ഥലത്ത് എത്തും.
ഈ സേവനം സൗജന്യമാണെന്ന് വനം വകുപ്പ് അറിയിച്ചു. പാമ്പു ശല്യമുണ്ടായാൽ വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയെ(ആർആർടി) വിളിക്കാം– പാലോട് ആർആർടി: 8547600994, പരുത്തിപ്പള്ളി ആർആർടി: 8547600954.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

