കൊല്ലം ∙ ജില്ലയിൽ 3 സ്ഥലങ്ങളിൽ ഉയരപ്പാത പൊളിച്ചു നീക്കി ഫ്ലൈഓവർ നിർമാണം. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിലാണു കോൺക്രീറ്റ് തൂണുകളിൽ പാത നിർമിക്കുന്നത്.
90 കോടി രൂപയാണ് അധികച്ചെലവ്. മൈലക്കാട് നിർമാണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ ഉയരപ്പാത തകർന്നതിനെ തുടർന്നു നടത്തിയ പരിശോധനയിൽ, ചതുപ്പു മേഖലയായ 3 സ്ഥലങ്ങളിലും മണ്ണിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്നു ഫ്ലൈ ഓവർ (വയഡക്ട്) നിർമിക്കാൻ തീരുമാനിക്കുകയും ഉയരപ്പാത ഭാഗികമായി പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. ഫ്ലൈ ഓവർ നിർമാണം സംബന്ധിച്ചു തിരുവനന്തപുരം മേഖല ഓഫിസിൽ നിന്നുള്ള ശുപാർശ ദേശീയപാത അതോറിറ്റി അംഗീകരിക്കുകയായിരുന്നു.
മൈലക്കാട്ട് പൈലിങ് നടപടികൾ തുടങ്ങി. കടവൂർ, മേവറം എന്നിവിടങ്ങളിലും നിർമാണ നടപടികൾ ആരംഭിച്ചു.
മൈലക്കാട്ട് നിലവിലുള്ള വയഡക്ടിൽ നിന്നു കൊട്ടിയം ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലാണ് പുതിയ നിർമാണം. മേവറത്ത് നിലവിലുള്ളതിന്റെ ഇരുവശത്തുമായി 80 മീറ്റർ വീതം നീളത്തിൽ ഫ്ലൈ ഓവർ നിർമിക്കും.
കടവൂരിൽ 440 മീറ്റർ നീളത്തിലാണ് നിർമാണം. ചാത്തന്നൂർ, കൊട്ടിയം, അയത്തിൽ, കല്ലുംതാഴം എന്നിവിടങ്ങളിൽ ഉയരപ്പാത പൊളിച്ചുനീക്കി ഫ്ലൈ ഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടക്കുന്നുണ്ടെങ്കിലും തീരുമാനം ആയില്ല.
കൊട്ടിയത്ത് ഗതാഗതത്തിനായി ഉയരപ്പാത തുറന്നു നൽകിയിട്ടുണ്ട്. ചാത്തന്നൂരിൽ ഉയരപ്പാത സുരക്ഷിതമാണെന്ന് പാലക്കാട് ഐഐടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനാൽ ഫ്ലൈഓവർ നിർമാണം പ്രായോഗികമല്ലെന്ന് തിരുവനന്തപുരം മേഖലാ പ്രോജക്ട് ഡയറക്ടർ ദേബാപ്രസാദ് ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

