അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. നെതന്യാഹുവിനെ ആധുനിക കാലത്തെ ‘ഹിറ്റ്ലർ’ എന്ന് വിശേഷിപ്പിച്ച എർദോഗൻ, രക്തദാഹവും വിദ്വേഷവും കൊണ്ട് നെതന്യാഹു അന്ധനായെന്ന് വിമർശിച്ചു.
ഗാസയിലെയും ലബനനിലെയും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന പരോക്ഷ ഭീഷണിയും അദ്ദേഹം മുഴക്കി. നെതന്യാഹുവിന്റെ പേര് ഹിറ്റ്ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമാണ് ചരിത്രം രേഖപ്പെടുത്താൻ പോകുന്നതെന്ന് എർദോഗൻ പറഞ്ഞു.
ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും ഇതിന് നെതന്യാഹു ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ലിബിയയിലും നാഗോർണോ-കറാബാക്കിലും തുർക്കി സൈനിക ഇടപെടൽ നടത്തിയത് ചൂണ്ടിക്കാട്ടിയ എർദോഗൻ, ഇസ്രായേലിന്റെ കാര്യത്തിലും തങ്ങൾ ഇതേ രീതിയിൽ പ്രവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
“അവർക്ക് (ഇസ്രായേൽ) ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ അവിടെയും പ്രവേശിക്കും,” എന്നായിരുന്നു എർദോഗന്റെ വാക്കുകൾ. കഴിഞ്ഞ കുറച്ചു മാസങ്ങളായി തുർക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിട്ടുണ്ട്.
ഗാസയിലെ സൈനിക നടപടികളെത്തുടർന്ന് ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഗാസയ്ക്ക് പിന്നാലെ ലബനനിലേക്കും യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കം മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങളെ പാശ്ചാത്യ രാജ്യങ്ങൾ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നും എർദോഗൻ പറഞ്ഞു. തുർക്കിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.
എർദോഗൻ സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അതിന്റെ ഫലം എന്തായിരിക്കുമെന്ന് അദ്ദേഹം ഓർക്കണമെന്നും ഇസ്രായേൽ തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷ സാധ്യതയാണ് ഉയർത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

