വണ്ണപ്പുറം ∙ ബിഎംബിസി നിലവാരത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന സ്ഥലത്ത് ദിവസങ്ങളായി ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും അപകടത്തിൽ പെടുന്നതായി പരാതി. വണ്ണപ്പുറം -ചേലച്ചുവട് റോഡിലാണ് അപകടം പതിവായത്.
ഒട്ടേറെ ഇരുചക്ര വാഹനക്കാർക്ക് അപകടം പറ്റിയിട്ടുണ്ട്. റോഡ് പണിയുന്നതിനു മുൻപ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയോ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയോ ഗതാഗതം തിരിച്ചു വിടുകയോ ചെയ്തിട്ടില്ല.
ബദൽ സംവിധാനം ഏർപ്പെടുത്താതെ റോഡ് പണി തുടങ്ങിയതാണ് പ്രശ്നം ആയതെന്നാണ് പരാതി.
റോഡിലെ മെറ്റൽ ഒന്നാകെ ഇളക്കി ഇട്ടതാണ് അപകടത്തിന് പ്രധാന കാരണം. മെറ്റൽ ഇളക്കുന്നതിനൊപ്പം ഇളക്കുന്ന മെറ്റൽ ഒതുക്കി ഉറപ്പിച്ചിരുന്നെങ്കിൽ പ്രശ്നം ഉണ്ടാവില്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
റോഡിന് വീതി കുറവുള്ളതും മറ്റൊരു പ്രശ്നമാണ്.
ഏറെ നാളത്തെ ആവശ്യത്തിന് ഒടുവിലാണ് വണ്ണപ്പുറം ചേലച്ചുവട് റോഡ് ബിഎംബിസി നിലവാരത്തിൽ പണിയാൻ അനുമതിയായത്. എന്നാൽ നിലവിലുള്ള ടാർ ഭാഗം മാത്രമാണ് ആധുനിക നിലവാരത്തിൽ പണിയുന്നത്.
വീതി കൂട്ടാതെ പണിയുന്നതിനാൽ ഇപ്പോൾ കയറ്റത്തിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്ന സാഹചര്യം കുറയില്ല. വണ്ണപ്പുറം മുതൽ മുണ്ടന്മുടി അച്ചൻകവല വരെയുള്ള ഭാഗം പണിയുമ്പോൾ നാരങ്ങാനം -തൊമ്മൻകുത്ത് വഴി ഗതാഗതം തിരിച്ചുവിടുകയും വെൺമണിയിൽ നിന്നു ചെറു വാഹനങ്ങൾ പട്ടയക്കുടി വഴി വണ്ണപ്പുറത്തിനു വിടുകയും ചെയ്ത് താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

