
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന കുറയുന്നു. പത്തുവർഷത്തിനിടെ ബിവറേജസിന്റെ മദ്യക്കച്ചവടത്തിൽ 33 ശതമാനം കുറവുണ്ടായി. ആശ്വാസവാർത്ത ആണെങ്കിലും ആശ്വസിക്കാൻ വരട്ടെ… മദ്യത്തെ കാൾ കൂടുതൽ വീര്യം ലഭിക്കുന്ന മറ്റ് ലഹരി വസ്തുക്കളിലേക്ക് പുതിയ തലമുറ വഴി മാറിയതാണ് മദ്യ വിൽപ്പനയിൽ കുറവ് വരാൻ ഉള്ള ഒരു കാരണം. മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി നാർകോട്ടിക് കേസുകൾ കൂടിയതും പിടികൂടുന്ന ലഹരിവസ്തുക്കളുടെ വർധനയും ശരിവെക്കുന്നു.
2011-12 ൽ 241.78 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2020-21 ൽ 187.22 ലക്ഷം കെയ്സായി കുറഞ്ഞു. മദ്യവിൽപ്പനയിൽ 4.91 കോടി ലിറ്ററിന്റെ ഇടിവാണ് ഇക്കാലയളവിൽ സംഭവിച്ചത്. വർഷം 220-240 ലക്ഷം കെയ്സ് മദ്യം വിറ്റിരുന്ന സ്ഥാനത്ത് 2014-15 മുതലാണ് ഇടിവുണ്ടായിത്തുടങ്ങിയത്. 2020-ൽ ഇത് 200 ലക്ഷം കെയ്സിനു താഴെയായി.
കഴിഞ്ഞ മൂന്നുമാസത്തെ കണക്കുകൾ പരിശോധിച്ചാലും കുറവ് പ്രകടം. മാസം ശരാശരി 20 ലക്ഷം കെയ്സ് മദ്യം വിറ്റിരുന്നത് 16 ലക്ഷത്തിലേക്ക് താഴ്ന്നു. 2020 നവംബറിൽ 18.48 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2021-ൽ 16.97 ലക്ഷം കെയ്സായി മാറി. ഡിസംബർ, ജനുവരി മാസങ്ങളിലും മുൻവർഷത്തെ അപേക്ഷിച്ച് 1.60, 1.45 ലക്ഷം കെയ്സ് മദ്യവിൽപ്പന കുറഞ്ഞു.
ശരാശരി 300 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബിവറേജസിന് ഉണ്ടായിട്ടുള്ളത്. എന്നാൽ മദ്യത്തിന്റെ വിലയിലും നികുതിയിലും കഴിഞ്ഞകാലങ്ങളിലുണ്ടായ വർധന കാരണം വിൽപ്പനയിലെ ഇടിവ് ബിവറേജസിന്റെ വിറ്റുവരവിനെ ബാധിച്ചിട്ടില്ല.
വിൽക്കുന്ന മദ്യത്തിന്റെ കണക്കിനു പകരം വരുമാനം മാത്രമാണ് ബിവറേജസ് കോർപ്പറേഷൻ പുറത്തുവിടുന്നത്. കോവിഡ് വ്യാപനം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കുപുറമേ മറ്റുപല കാരണങ്ങളും മദ്യവിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]