പനമരം ∙ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടി കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ എത്തിക്കുന്നതിനിടെ ചത്തു. വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതാണ് പിടികൂടിയ പുലി ചാകാൻ കാരണമെന്ന് പറയപ്പെടുന്നു.
കമ്പളക്കാട്, പനമരം പഞ്ചായത്തുകളിലെ ജനവാസ മേഖലയിലൂടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലങ്ങും വിലങ്ങും പാഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയാണ് ഒടുവിൽ ചത്തത്. 4 ദിവസത്തോളമായി കണിയാമ്പറ്റ പഞ്ചായത്തിലെ പുളിക്കൽ കുന്നിലും പനമരം പഞ്ചായത്തിലെ കരിമ്പുമ്മൽ, വാടോച്ചാൽ, ഓടക്കൊല്ലി ഭാഗങ്ങളിലെ ജനവാസ മേഖലയിലും ഭീതി പരത്തിയ പുലി ഒടുവിൽ ഇന്നലെ രാവിലെ അഞ്ചോടെ ഓടക്കൊല്ലി മെഴുകുതിരി കമ്പനിക്കു സമീപത്തെ വാസുദേവൻ നായരുടെ കൂട്ടിൽ കെട്ടിയിരുന്ന 3 ആടുകളെ പിടിച്ച് മൂന്നിടങ്ങളിലായി എത്തിച്ച് ഭക്ഷിച്ചിരുന്നു.
കൂട്ടിൽ ആടുകളെ കാണാത്തതിനെ തുടർന്ന് വാസുദേവനും സുഹൃത്തും കൂടി നടത്തിയ തിരച്ചിലിൽ ഒരു ആടിനെ പുലി ഭക്ഷിക്കുന്ന നിലയിൽ കണ്ടെത്തി.
ഇവരെ കണ്ടയുടൻ പുലി ഇവർക്ക് നേരെ ചാടിയെങ്കിലും പുലിയുടെ ചാട്ടം പിഴച്ചതും ഓടി മാറിയതിനാലും രക്ഷപ്പെട്ടു. തുടർന്ന് വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പും ആർആർടി ടീമും തിരച്ചിൽ നടത്തുന്നതിനിടെ പുലി ഇവർക്ക് നേരെ ചാടിയപ്പോൾ പുലിയെ വല ഉപയോഗിച്ച് പിടികൂടുകയായിരുന്നു.
പുലിയെ പിടികൂടിയത് അറിഞ്ഞ് പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. സ്ഥലത്തെത്തിയ ജനപ്രതിനിധികൾ അടക്കമുള്ളവരോട് രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ആടിനെ നഷ്ടപ്പെട്ട
കർഷകന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രാത്രി പുലി പനമരം കരിമ്പുമ്മലിൽ റോഡ് മുറിച്ച് കടക്കുന്നതും വാഹന ഷോറൂമിലെ വണ്ടികൾ മറിച്ചിടുന്നതും പിന്നീട് ഷോറൂമിന്റെ പിന്നിലേക്ക് പോകുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിൽ ആയിരുന്നു.
ഒരിക്കൽപോലും വന്യമൃഗശല്യം ഉണ്ടാകാതിരുന്ന സ്ഥലത്ത് പുലിയെത്തി ആടുകളെ പിടിച്ചത് ഗൗരവത്തോടെ കാണണമെന്നും ആടുകളെ നഷ്ടപ്പെട്ട കർഷക കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വാസുദേവൻ നായരും സുഹൃത്തും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പനമരം ∙ കൂട്ടിൽ നിന്ന് കാണാതായ ആടുകളെ തിരയുന്നതിനിടെ പുലിയുടെ മുൻപിൽ അകപ്പെട്ട
കർഷകനും സുഹൃത്തും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആടുകളുടെ ഉടമ ഓടക്കൊല്ലി മെഴുകുതിരി കമ്പനിക്ക് സമീപത്തെ അജിതാലയം വാസുദേവൻ നായരും സുഹൃത്തുമാണ് ചാടിവീണ പുലിയുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെയോടെയാണു വാസുദേവന്റെ വീടിനോട് ചേർന്നുള്ള ആട്ടിൻകൂട് പൊളിച്ച് മൂന്ന് ആടുകളെ പുലി പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്.
രാവിലെ ആട്ടിൻകൂട്ടിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ 10 ആടുകളിൽ 3 എണ്ണത്തെ കാണാത്തതിനെ തുടർന്ന് സുഹൃത്തുമൊത്ത് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ കൃഷിയിടത്തിൽ ആടുകളിൽ ഒന്നിനെ പുലി ഭക്ഷിക്കുന്നതായി കണ്ടത്. ആടുകളിൽ മൂന്നെണ്ണത്തിനെയും പാതിയോളം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഉപജീവന മാർഗമായ ആടുകൾ നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് വാസുദേവനും മറ്റുമുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

