വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്നതായി പരാതി. ഈ മാസം മുതൽ ടോൾ നിരക്ക് വർധിപ്പിച്ചു.
ഇതിനൊപ്പം പ്രദേശവാസികളുടെ വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയ സർവ കക്ഷി യോഗ തീരുമാനം അട്ടിമറിച്ച് പലരിൽ നിന്നും ടോൾ പിരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ പ്രദേശവാസികളുടെ വാഹനങ്ങൾ ടോൾ പ്ലാസയിലെത്തി റജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുമെന്നുമാണ് കമ്പനി പറയുന്നത്.
എന്നാൽ കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ജില്ലാ കലക്ടർ, ടോൾ കമ്പനി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവരുമായി സർവ കക്ഷി യോഗ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും 4 ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യ യാത്ര എന്നത് അംഗീകരിച്ചതാണ്.
എന്നാൽ, ആദ്യം സ്കൂൾ വാഹനങ്ങളിൽ നിന്നും പിന്നീട് 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്നും ടോൾ പിരിക്കാൻ തുടങ്ങി. ഇപ്പോൾ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ എടുക്കുന്നു.
വാഹനം നിർത്തി പ്രതിഷേധിക്കുന്നവർക്ക് ടോൾ തുക തിരികെ നൽകുകയാണ് കമ്പനി. പന്നിയങ്കരയിലെ ടോൾ കൊള്ള അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ആറുവരിപ്പാത നിർമാണ അപാകത: അന്വേഷണം നടത്തണം
വടക്കഞ്ചേരി– മണ്ണുത്തി ആറുവരിപ്പാത നിർമാണ അപാകതകളെക്കുറിച്ച് പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
നിർമാണ സമയത്ത് കരാറിൽ പറഞ്ഞ പല ജോലികളും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. നിർമാണം പൂർത്തിയാക്കാതെയാണ് 2022 ൽ ടോൾ പിരിവ് ആരംഭിച്ചത്.
പണി പൂർത്തിയായെന്ന് കാണിച്ച് ദേശീയപാത അതോറിറ്റി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിലും അന്വേഷണം വേണം. വടക്കഞ്ചേരി–വാണിയമ്പാറ സർവീസ് റോഡും പൂർത്തിയാക്കിയിട്ടില്ല.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത സ്ഥലങ്ങളിൽ പലയിടത്തും സംരക്ഷണ ഭിത്തി കെട്ടി നൽകിയിട്ടില്ല. വടക്കഞ്ചേരി, കുതിരാൻ പാലങ്ങളുടെ ബലക്ഷയവും അന്വേഷിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

