ടെഹ്റാൻ∙ സംഘർഷം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പഴയതുപോലെ ആവില്ലെന്ന സൂചന നൽകി ഇറാൻ. വെടിനിർത്തൽ നീക്കങ്ങളോട് അനുബന്ധിച്ച് ഇറാൻ യുഎസിന് മുന്നിൽവച്ച നിർദേശങ്ങളിലൊന്ന് ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും കപ്പലുകളിൽ നിന്ന് ‘ട്രാൻസിറ്റ് ഫീ’ പിരിക്കാൻ അനുവദിക്കണമെന്നുമാണ്.
ചരക്കുനീക്ക ചെലവേറും, വില കൂടും
ഇറാന്റെ ആവശ്യം ട്രംപ് അംഗീകരിച്ചാൽ അത് രാജ്യാന്തര വാണിജ്യ, ചരക്കുനീക്ക മേഖലയെത്തന്നെ മാറ്റിമറിക്കും.
ക്രൂഡ് ഓയിൽ, എൽഎൻജി, എൽപിജി, മറ്റ് ചരക്കുകൾ എന്നിങ്ങനെ ഹോർമുസ് വഴി കടന്നുപോകുന്ന ഉൽപന്നങ്ങളുടെയെല്ലാം വില കൂടാനും ഇതിടയാക്കും. ഇറാന്റെയും ഒമാന്റെയും സമുദ്രപരിധിയിൽ 34 കിലോമീറ്റർ വീതിയിലുള്ളതാണ് ഹോർമുസ് കടലിടുക്ക്.
ഒമാനുമായി ചേർന്ന് ഹോർമുസിൽ ഫീസ് പിരിക്കുന്നതിനുള്ള ചട്ടക്കൂട്ട് തയാറാക്കാൻ ഇറാൻ ശ്രമിക്കുന്നതായി ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബാബദി പറഞ്ഞിരുന്നു.
ഇതുവരെ ഇറാനോ മറ്റേതെങ്കിലും രാജ്യമോ ഹോർമുസിൽ ഫീസുകളൊന്നും പിരിച്ചിരുന്നില്ല.
ഇന്ത്യയും കാശ് കൊടുക്കണോ?
സംഘർഷ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ ഗതാഗതം താളംതെറ്റിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന തുടങ്ങി ഏതാനും രാജ്യങ്ങളുടെ കപ്പലുകളെ മാത്രമാണ് ഇറാൻ കടത്തിവിട്ടത്.
ഫീസ് പിരിക്കാനുള്ള നീക്കം യുഎസ് അംഗീകരിച്ചാൽ ഹോർമുസ് വഴി നീങ്ങുന്ന എല്ലാ കപ്പലുകളും പണം നൽകേണ്ടിവരും. ഇത് ഇന്ത്യയെയും ബാധിക്കും.
ഇന്ത്യയ്ക്കുള്ള എണ്ണയും ചട്ടലംഘനവും
ലോക വിപണിയിലേക്കുള്ള മൊത്തം എണ്ണ, ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോർമുസ് വഴിയാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം എണ്ണയുടെ 40% വന്നിരുന്നതും ഇതുവഴിയായിരുന്നു. അതേസമയം, ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കം നിയമപ്രശ്നങ്ങൾക്ക് വഴിവച്ചേക്കും.
യുഎൻ ചട്ടപ്രകാരം ഇത്തരം കടലിടുക്കുകൾ വഴിയുള്ള കപ്പൽ ഗതാഗതം പൂർണമായും സുരക്ഷിതവും സൗജന്യവുമായിരിക്കണമെന്നാണ്.
ഏതെങ്കിലും രാജ്യം ഫീസ് പിരിക്കുന്നത് ചട്ടലംഘനമാകും. ഫീസ് പിരിക്കാൻ ഇറാനെ അനുവദിച്ചാൽ ലോകത്ത് ഇത്തരം പാതകൾ നിയന്ത്രിക്കുന്ന മറ്റ് രാജ്യങ്ങളും സമാന ആവശ്യവുമായി വന്നേക്കാം.
അത് കപ്പൽ ഗതാഗതത്തെയും ചരക്കുകളുടെ വിലയെയും ബാധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

