യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൽക്കാലത്തേക്ക് കലിയടക്കി. ഇറാന് രണ്ടാഴ്ച സവകാശം നൽകണമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെയും സംയുക്ത സേനാ മേധാവി അസിം മുനീറിന്റെയും അപേക്ഷ അംഗീകരിച്ച ട്രംപ്, രണ്ടാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു.
നഷ്ടത്തിലായിരുന്ന ഓഹരി വിപണിയും സ്വർണവിലയും ട്രംപ് രണ്ടാഴ്ച സമയം അനുവദിച്ചതിന് പിന്നാലെ നേട്ടത്തിലേക്ക് കുതിച്ചുയർന്നു. കുതിച്ചുമുന്നേറിയ ക്രൂഡ് ഓയിൽ വില വലിയതോതിൽ താഴേക്കുമിറങ്ങി.
‘‘പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി ചർച്ച നടത്തി.
ഇറാനെ തകർക്കാനായി സൈന്യത്തെ അയക്കുന്നത് അതുപ്രകാരം ഞാൻ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു. എന്നാൽ, അതിനകം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായും സുരക്ഷിത യാത്രയ്ക്കായി തുറക്കണം’’ – ട്രംപ് പറഞ്ഞു.
ഓഹരിക്കു മുന്നേറ്റം, സ്വർണത്തിനും കുതിപ്പ്, എണ്ണവില താഴ്ന്നു
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 4658 ഡോളറിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4ഓടെ 4830 ഡോളറിലേക്ക് കുതിച്ചുകയറി.
കേരളത്തിലും ഇന്ന് സ്വർണവില കൂടുമെന്ന സൂചന ഇതു നൽകുന്നു.
ബാരലിന് 115 ഡോളറിന് മുകളിലായിരുന്ന യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില 15 ശതമാനത്തിലധികം കൂപ്പുകുത്തി 95 ഡോളറിലെത്തി. 110ന് മേലെ ആയിരുന്ന ബ്രെന്റ് ക്രൂഡ് വില 109.3 ഡോളറിലേക്കും താഴ്ന്നു.
ക്രൂഡ് വില ഇടിഞ്ഞത് ഓഹരി വിപണികൾക്ക് ആശ്വാസമാകും.
യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 718 പോയിന്റ് (+1.5%) മുന്നേറി. നഷ്ടം നികത്തിയാണ് തിരിച്ചുകയറ്റം.
എസ് ആൻഡ് പി500 സൂചിക 1.6%, നാസ്ഡാക് 1.7% എന്നിങ്ങനെയും ഉയർന്നു. ഈ ഉണർവ് ഏഷ്യയിലും ഇന്ത്യയിലും ഇന്ന് സ്വാധീനിച്ചേക്കും.
ലക്ഷ്യം ദീർഘകാല സമാധാനം
‘‘ഇതൊരു ഏകപക്ഷീയ വെടിനിർത്തൽ അല്ല.
ഇറാനെതിരായ ആക്രമണത്തിലൂടെ ഉന്നമിട്ട ലക്ഷ്യങ്ങൾ ഏറക്കുറെ ഞങ്ങൾ നേടിക്കഴിഞ്ഞു.
ഇറാനുമായി ദീർഘകാല സമാധാന ഡീലും മധ്യേഷ്യയിൽ സമാധാനം ഉറാപ്പാക്കാനുള്ള ധാരണയുമാണ് ഇനി മുന്നിലുള്ളത്’’ – ട്രംപ് പറഞ്ഞു.
വെടിനിർത്താനായി ഇറാനിൽ നിന്ന് 10 നിർദേശങ്ങൾ അടങ്ങിയ അപേക്ഷ കിട്ടിയിട്ടുണ്ടെന്നും പ്രശ്നങ്ങൾക്ക് ദീർഘകാല കരാറിൽ ഏർപ്പെടാനാകുന്നത് യുഎസ് പ്രസിഡന്റ് എന്ന നിലയിലും മിഡിൽ ഈസ്റ്റിന്റെ പ്രതിനിധി എന്ന നിലയിലും അഭിമാനമാണെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ എണ്ണ കയറ്റുമതി ഹബ്ബ് തകർത്തു, ആണവ യുദ്ധമില്ല!
ഒറ്റദിവസം കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പായിരുന്നു ഇന്നലെ ട്രംപ് ആദ്യം തൊടുത്തത്. ‘‘ഇന്നൊരു സമൂഹംതന്നെ മരിക്കും.
ഒരു തിരിച്ചുവരവ് ഇല്ലാത്തവിധം. ഇറാനിയൻ ജനതയെ ദൈവം അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഇതിനെതിരെ അമേരിക്കയിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.
ട്രംപ് ഇറാനെതിരെ ആണവായുധ പ്രയോഗമാണോ ഉദ്ദേശിക്കുന്നതെന്ന ആശങ്കയും ഇതിനിടെ ഉയർന്നു. എന്നാൽ, അത്തരമൊരു നീക്കമില്ലെന്ന് യുഎസ് പിന്നീട് വ്യക്തമാക്കി.
അതേസമയം, ഇറാന്റെ എണ്ണ, ഊർജോൽപന്ന കയറ്റുമതിയുടെ തന്ത്രപ്രധാന ഹബ്ബ് ആയ ഖാർഗ് ദ്വീപിനെതിരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ എണ്ണവില കത്തിക്കയറിയിരുന്നു. എന്നാൽ, ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ താഴ്ന്നിറങ്ങി.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്.
ഇവിടെ മാത്രം 50ലേറെ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്.
ഹോർമുസ് തുറക്കണമെന്ന് പാക്കിസ്ഥാൻ, പ്രതികരിക്കാതെ ഇറാൻ
ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇതിനിടെ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഇറാനോട് ആവശ്യപ്പെട്ടു. ട്രംപിന്റെ ‘വെടിനിർത്തൽ’ നിലപാട് പാക്കിസ്ഥാന് സ്വന്തം ജനങ്ങൾക്കിടയിൽ ‘തൽക്കാലം’ മുഖം രക്ഷിക്കാനുള്ള പിടിവള്ളിയായിട്ടുണ്ട്.
സംഘർഷ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാണ്.
Diplomatic efforts for peaceful settlement of the ongoing war in the Middle East are progressing steadily, strongly and powerfully with the potential to lead to substantive results in near future. To allow diplomacy to run its course, I earnestly request President Trump to extend…
അതേസമയം, ട്രംപിന്റെയോ പാക്കിസ്ഥാന്റെയോ ആവശ്യങ്ങളോട് ഇറാൻ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനോടും ഇറാന് താൽപ്പര്യമില്ല. ഹോർമുസ് തുറക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോൾ ‘‘താൽ കളഞ്ഞുപോയി’’ എന്ന് ഇറാൻ കഴിഞ്ഞവാരം പരിഹസിച്ചിരുന്നു.
പാക്കിസ്ഥാനെ കൂടാതെ തുർക്കി, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും സമാധാന നീക്കങ്ങളിൽ സജീവ പങ്കാളികളാണ്.
റിസർവ് ബാങ്ക് പണനയം ഇന്ന്, ഇന്ത്യയ്ക്ക് നിർണായകം
റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യ പണനയ നിർണയ പ്രഖ്യാപനം ഇന്ന് രാവിലെ 10ന് നടക്കും. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പലിശനിരക്ക് കുറയ്ക്കാനോ മാറ്റംവരുത്താനോ സാധ്യതയില്ല.
എണ്ണവില കുതിച്ചുകയറിയത് ഇന്ത്യയിൽ പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ, പണപ്പെരുപ്പ അനുമാനം, ജിഡിപി വളർച്ചാ അനുമാനം എന്നിവയിൽ കാര്യമായ മാറ്റമുണ്ടായേക്കും. ∙ ഡോളറിനെതിരെ രൂപയുടെ ഇടിവും പലിശനിരക്കിന്റെ ഇറക്കത്തിന് തിരിച്ചടിയാണ്.
∙ രൂപയെ രക്ഷിക്കാനുള്ള കടുത്ത നടപടികളിലേക്ക് റിസർവ് ബാങ്ക് കടന്നേക്കാം. ∙ പലിശഭാരം കൂട്ടാനുള്ള സാധ്യത വിരളമാണെങ്കിലും അടുത്ത യോഗങ്ങളിൽ അതിനുള്ള സാധ്യതയുണ്ട്.
പലിശനിരക്ക് വർധനയിലേക്കുള്ള സൂചനയും ഇന്നത്തെ പ്രഖ്യാപനത്തിലുണ്ടായേക്കും. ∙ പണപ്പെരുപ്പ, ജിഡിപി അനുമാനം കൂട്ടുകയോ റിസർവ് ബാങ്ക് കടുത്ത നിലപാടുകൾ എടുക്കുകയോ ചെയ്താൽ ഓഹരി വിപണിയുടെ പ്രകടനത്തെ അത് ശക്തമായി സ്വാധീനിക്കും.
സെൻസെക്സും നിഫ്റ്റിയും
ഇന്നലെ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 155.40 പോയിന്റ് (+0.68%) ഉയർന്ന് 23,123.65ലും സെൻസെക്സ് 509.73 പോയിന്റ് (+0.69%) നേട്ടവുമായി 74,616.58ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
Updating… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

