കോഴിക്കോട് ∙ ‘‘ ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ. തിരിച്ചെത്തിയല്ലോ.
ഇനിയും ട്രെക്കിങ്ങിനു പോവും’’ – ചെറുചിരിയോടെ ജി.എസ്. ശരണ്യ പറയുമ്പോൾ തൊട്ടടുത്തിരുന്ന് അമ്മ ഷൈലജ മകളെ മുറുക്കി കെട്ടിപ്പിടിച്ചു.
അച്ഛൻ ഗോപിയുടെയും സഹോദരൻ ശ്യാമിന്റെയും മുഖത്തും പുഞ്ചിരി വിടർന്നു. കുടകിലെ തടിയൻഡമോൾബേട്ടയിൽ ട്രെക്കിങ്ങിനിടെ കാട്ടിൽ അകപ്പെട്ട
ശരണ്യയെ നാലാം ദിവസമാണ് സേനകളും ആദിവാസി സംഘവുംചേർന്നു കണ്ടെത്തിയത്.
Q ഈ യാത്ര തുടങ്ങിയത് എങ്ങനെയായിരുന്നു
A
കൊച്ചിയിൽ സോഫ്റ്റ്വെയർ എൻജിനീയറായാണ് ജോലി ചെയ്യുന്നത്. അവധികൾ ഒരുമിച്ചു വന്നതുകൊണ്ടു ലീവ് എടുക്കാതെ യാത്ര തുടങ്ങുകയായിരുന്നു. തലേ ദിവസമാണ് അവിടെയെത്തിയത്.
ട്രെക്കിങ്ങിന് ഓൺലൈൻ ആയി ബുക്ക് ചെയ്യണമെന്ന് എത്തിയപ്പോഴാണറിഞ്ഞത്. അന്നു രാത്രി തന്നെ ബുക്ക് ചെയ്തു.
പിറ്റേദിവസം രാവിലെ ആറു മുതൽ ഒന്നു വരെയുള്ള സ്ലോട്ടാണ് കിട്ടിയത്. വൈകിട്ട് തിരിച്ചെത്തിയശേഷം കുടക് ചുറ്റിക്കണ്ട് തിരികെ കൊച്ചിയിലെത്താമെന്നാണ് കരുതിയത്.
കുറച്ചു പഴവും അര ലീറ്റർ വെള്ളക്കുപ്പിയുമായാണ് കയറിയത്. ഏറെക്കാലമായി മലകൾ കയറുന്നു.
ഒറ്റപ്പെട്ടുപോയ അനുഭവം ഇതാദ്യമായാണ്.
Q എവിടെ വച്ചാണ് വഴി തെറ്റിയത്
A
എനിക്കു മുന്നിൽ, കാണാവുന്ന ദൂരത്തിൽ ഒരച്ഛനും മകനും നടക്കുന്നുണ്ടായിരുന്നു. ഞാൻ നടന്നു ചെല്ലുന്നതിനിടെ അവരെ കാണാതായി.
മുന്നോട്ടുപോയെങ്കിലും ആരെയും കണ്ടില്ല. ദൂരെ മറ്റൊരു മലയുടെ മുകളിൽ കുറച്ചുപേർ നിൽക്കുന്നതു കണ്ടു. നിന്ന മലയിറങ്ങി ഇടതുവശത്തേക്കുള്ള വഴിയിലൂടെ നടന്നാൽ അങ്ങോട്ട് എത്താമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ താഴേക്ക് ഇറങ്ങിയപ്പോൾ ചുറ്റും കാടായിരുന്നു. ചാർജ് തീർന്ന് ഫോൺ ഓഫായതോടെ പെട്ടുവെന്ന് ഉറപ്പിച്ചു.
Q കാട്ടിലെ രാത്രി ഭയാനകമാണോ
A ആ ദിവസം നല്ല ക്ഷീണമുണ്ടായിരുന്നു.
അതുകൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി. രാത്രിയിലെ കാട് നമ്മൾ കരുതുന്നതു പോലെയല്ല എന്ന് ആ രാത്രി തിരിച്ചറിഞ്ഞു.
അന്ന് പൗർണമിയായിരുന്നു. മുഴുവൻ നിലാവായിരുന്നു.
ചീവീടിന്റെ ശബ്ദമൊക്കെ ഏഴു മണിയോടെ തീർന്നു. പിന്നീട് കാടുനിറയെ മിന്നാമിനുങ്ങുകളായിരുന്നു.
Q എങ്ങനെ പിടിച്ചുനിന്നു
A ഫോൺ ഓഫാവുന്നതിനുമുൻപ് ഹോംസ്റ്റേയിലേക്ക് വിളിച്ചറിയിച്ചിരുന്നു.
ആരെങ്കിലും കേൾക്കുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഉറക്കെ ശബ്ദമുണ്ടാക്കി. ഒരു ദിവസം നല്ല മഴ പെയ്തു.
നാലാംദിവസം തിരിച്ചു മല കയറി നോക്കാൻ തീരുമാനിച്ചു. കയറി വരുമ്പോഴാണ് എന്റെ പേര് ഉറക്കെ വിളിക്കുന്നതു കേട്ടത്.
അത് ആദിവാസി സംഘമായിരുന്നു. അരുവിയുടെ കരയിൽ താമസിച്ചതിനാൽ ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരുന്നു.
ഒരു ദിവസം ശരാശരി മൂന്നു ലീറ്റർ വെള്ളം കുടിച്ചിട്ടുണ്ട്. അതുകൊണ്ട് കുഴഞ്ഞു പോവാതെ പിടിച്ചുനിൽക്കാൻ പറ്റി.
ശരീരഭാരം കുറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കത്ര ക്ഷീണമൊന്നും തോന്നിയില്ല.
Q ഈ യാത്ര പഠിപ്പിച്ച പാഠം എന്താണ്
A ഞാൻ കാട്ടിൽ കുടുങ്ങി എന്ന വാർത്ത പരന്നതോടെ എനിക്ക് ആകെയൊരു ആശങ്കയേയുള്ളൂ.
പെൺകുട്ടികൾ ട്രെക്കിങ്ങിനു പുറപ്പെടുമ്പോൾ ഇക്കാര്യം പറഞ്ഞ് തടയാൻ നോക്കും. അതിന്റെയൊന്നും ആവശ്യമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

