കാസർകോട് ∙ അർജുൻ പാണ്ഡ്യന് പയ്യന്നൂർ സ്വദേശി എൻ.വി.സനൂപ് വെറും സുഹൃത്തായിരുന്നില്ല. എല്ലാത്തിനും കൂടെയുണ്ടായിരുന്ന കൂടപ്പിറപ്പായിരുന്നു.
അതുകൊണ്ടുതന്നെ സനൂപിന്റെ പേരിലുള്ള ഫുട്ബോൾ ടൂർണമെന്റ് 4ാം സീസൺ പയ്യന്നൂരിനു സമീപം കാനം മമ്പലം ഭഗവതിക്ഷേത്ര പരിസരത്ത് നടക്കുമ്പോൾ ചടങ്ങിൽ പങ്കെടുക്കാൻ ഇത്തവണയും കലക്ടർ അർജുൻ പാണ്ഡ്യന് എത്താതിരിക്കാനായില്ല.
കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളായത്. പഠനകാലത്ത് 4 വർഷം ഇരുവരും പരസ്പരം സഹായിച്ചും പ്രോത്സാഹിപ്പിച്ചും വളർന്നു.
കോഴ്സ് പൂർത്തിയാക്കി അർജുൻ ആദ്യം ജോലിക്കു കയറിയപ്പോൾ സനൂപ് ഉപരിപഠനം തുടർന്നു. പഠനം പൂർത്തിയായശേഷം ജോലിയില്ലാതിരുന്ന സമയങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ പരസ്പരം സഹായിച്ച് ഇരുവരും ബന്ധം നിലനിർത്തി.
പക്ഷേ 2020 ഫെബ്രുവരി അർജുൻ പാണ്ഡ്യന് ഒരിക്കലും മറക്കാനാവില്ല.
ഒറ്റപ്പാലം സബ് കലക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ അന്ന് തേടിയെത്തിയത് ദുരന്ത വാർത്തയായിരുന്നു. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള കേരള ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ മരണത്തിൽ സനൂപ് മരണപ്പെട്ടെന്ന അറിയിപ്പായിരുന്നു അത്.
സേലത്തിനു സമീപം അവിനാശിയിൽ നടന്ന അപകടത്തിൽ അന്ന് 19 പേർ മരിച്ചു.
അതിർത്തി ജില്ല എന്ന നിലയിൽ സനൂപിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ ചെയ്തത് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന അർജുൻ പാണ്ഡ്യൻകൂടി ഇടപെട്ടായിരുന്നു. അപകടം നടന്ന സേലത്ത് ഉടൻ കുതിച്ചെത്തിയ അദ്ദേഹം പിന്നീട് സനൂപിന്റെ വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.
അതിനുശേഷം സനുപിന്റെ സ്മരണയ്ക്കായി കാനം ബ്രദേഴ്സ് സ്പോർട്സ് ക്ലബ് മമ്പലം ശ്രീഭഗവതി ക്ഷേത്ര ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ സ്ഥിരം പങ്കാളിയായി. ഇതിനു മുൻപ് നടന്ന 3 ടൂർണമെന്റുകളിലും അർജുൻ പങ്കെടുത്തിരുന്നു.
തൃശൂർ കലക്ടറായിരിക്കെ ഏറെദൂരം യാത്ര ചെയ്ത് പയ്യന്നൂരിലെത്തിയാണ് അർജുൻ പാണ്ഡ്യൻ സനൂപിനോടുള്ള തന്റെ കടപ്പാട് പ്രകടിപ്പിച്ചത്.
സിവിൽ സർവീസ് പരീക്ഷ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ചതു പലപ്പോഴും സനൂപ് കൂടിയായിരുന്നുവെന്ന് അർജുൻ പാണ്ഡ്യൻ ഓർക്കുന്നു. അന്നത്തെ സഹപാഠികളായ ചിലരും ഇന്നലെ ചടങ്ങിൽ പങ്കെടുക്കാൻ വന്നിരുന്നു.
എല്ലാവരും ടൂർണമെന്റ് സമാപിച്ചശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപം ഞണ്ടൻമാരെ വീട്ടിൽ എൻ.വി.ചന്ദ്രന്റെ മൂന്നു മക്കളിൽ മൂത്തയാളായിരുന്നു സനൂപ്. മരിക്കുമ്പോൾ 30 വയസ്സായിരുന്നു പ്രായം.
കോണ്ടിനെന്റൽ ഓട്ടമോട്ടീവ്സിൽ എൻജിനീയറായിരുന്നു. നിശ്ചയം കഴിഞ്ഞ് വിവാഹം നടക്കാനിരിക്കെ 2 മാസം മുൻപായിരുന്നു അപകടം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

