യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ബാൾട്ടിക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ഹബ്ബില്‍ ഗുരുതര തകരാർ. ക്രൂഡ് ഓയിൽ കയറ്റുമതിയിൽ തടസം നേരിട്ടു.
ബദൽ ശ്രമങ്ങൾ കണ്ടെത്താനുള്ള നടപടി ഊർജിതമാക്കിയെന്നും റിപ്പോർട്ട്. ക്രൂഡ് ഓയിൽ വിൽപനയിൽ യുഎസ് ഉപരോധം നീക്കിയതിന് പിന്നാലെയാണ് തിരിച്ചടി.
റഷ്യയിലെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രങ്ങളായ ഉസ്റ്റ് ലുഗ, പ്രിമോസ്ക് എന്നിവിടങ്ങളിലെ ടെര്‍മിനലുകളിൽ കനത്ത യുക്രെയ്ൻ ആക്രമണമാണ് നടന്നത്.
മാർച്ചിലെ അവസാന 10 ദിവസത്തിനുള്ളിൽ അഞ്ച് ഡ്രോൺ ആക്രമണങ്ങൾ തുറമുഖത്തുണ്ടായി. ഇവിടെ സൂക്ഷിച്ചിരുന്ന 40 ശതമാനം ക്രൂഡ് ഓയിൽ ശേഖരം നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഇതിനു പുറമെ റഷ്യയുടെ പല എണ്ണശുദ്ധീകരണ ശാലകളിലേക്കും യുക്രെയിൻ ആക്രമണം നടന്നു. ഇതോടെ റഷ്യയുടെ ക്രൂഡ് ഓയില്‍ ഉൽപാദനവും കുറഞ്ഞു.
കഴിഞ്ഞ മാർച്ച് 22 മുതൽ ഈ തുറമുഖങ്ങളിലേക്ക് കയറ്റുമതിക്കായി ഡീസൽ എത്തുന്നില്ല.
കൂടുതൽ ഓര്‍ഡർ സ്വീകരിക്കാനും കമ്പനികൾ തയാറാകുന്നില്ല. തുറമുഖങ്ങളിലേക്ക് ട്രെയിനിൽ ക്രൂഡ് ഓയിൽ എത്തിക്കാനാകുമോയെന്നാണ് ഇപ്പോൾ ട്രേഡർമാർ ആലോചിക്കുന്നത്.
എന്നാൽ ഇതിന് ചെലവ് കൂടുതലാണ്. മറ്റ് തുറമുഖങ്ങള്‍ വഴി കയറ്റുമതി സാധ്യമാകുമോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇന്ത്യക്കുള്ളത് മുടങ്ങില്ല
അതേസമയം, ഇന്ത്യയിലേക്കുള്ള എണ്ണ, പാചക വാതക ഇറക്കുമതി ഘട്ടം ഘട്ടമായി വർധിപ്പിക്കാമെന്ന് ഉറപ്പു നൽകി റഷ്യ.
നിലവിൽ റഷ്യൻ കമ്പനികൾക്ക് അതിനുള്ള ശേഷിയുണ്ടെന്നും റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാൻഡുറോഫ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഡെനിസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.
രാജ്യത്തേക്കുള്ള വളം ഇറക്കുമതിയിലും അദ്ദേഹത്തിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചിരുന്നു.
അടുത്ത മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെയും റഷ്യയിലെ ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയുടെയും ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് റഷ്യൻ ഉപപ്രധാനമന്ത്രിയുടെ സന്ദർശനം.
ഇക്കുറി ബ്രിക്സ് അധ്യക്ഷ പദവിയിൽ ഇന്ത്യയാണ്. ബ്രിക്സ് അംഗമായ ഇറാനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഇക്കൊല്ലത്തെ ഉച്ചകോടി നിര്‍ണായകമാണ്.
ഇറാൻ യുദ്ധത്തിൽ ബ്രിക്സ് കൂട്ടായ്മ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ ഡോളറിന് പകരം വ്യാപാരത്തിന് ബ്രിക്സ് രാജ്യങ്ങളുടെ പൊതു കറൻസി ഉപയോഗിക്കാനുള്ള സാധ്യത അടക്കമുള്ള കാര്യങ്ങൾ ബ്രിക്സ് ഉച്ചകോടി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

