പാലിയേക്കര ∙ മടക്കാവരയിൽ കൊച്ചി–സേലം പൈപ് ലൈനിൽ പാചക വാതക ചോർച്ചയുണ്ടായത് പദ്ധതിക്ക് സംസ്ഥാനതല സുരക്ഷാ പുരസ്കാരം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ. ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ചേർന്നു നടപ്പാക്കുന്നതാണ് കൊച്ചി–സേലം എൽപിജി പൈപ് ലൈൻ പദ്ധതി (കെഎസ്പിപിഎൽ).
റോഡ് മാർഗം ബുള്ളറ്റ് ടാങ്കറുകളിലൂടെയുള്ള പാചകവാതക നീക്കം കുറയ്ക്കാൻ, ദീർഘദൂര പൈപ് ലൈൻ ശൃംഖലകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ സംയുക്ത പദ്ധതിയാണിത്. ഈ പദ്ധതിക്ക് നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ 2025–ലെ സുരക്ഷാ പുരസ്കാരം ഈ മാർച്ച് 5ന് ലഭിച്ചിരുന്നു.
മികച്ച സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയതിനു മൈക്രോ ഇൻഡസ്ട്രീസ് വിഭാഗത്തിലായിരുന്നു പുരസ്കാരം. പൈപ്പുകൾ സ്ഥാപിക്കുമ്പോഴുള്ള സുരക്ഷാ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചതിനുള്ള അംഗീകാരമായിരുന്നു ഇത്.
എന്നാൽ പുരസ്കാരം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ മാർച്ച് 18ന് പൈപ് ലൈനിലെ മടവാക്കര ഭാഗത്ത് മനുഷ്യപ്പിഴവു കാരണം ചോർച്ചയുണ്ടായി.
ബിപിസിഎൽ പൈപ്പിനു പകരം തൊട്ടടുത്തുണ്ടായിരുന്ന അവരുടെ തന്നെ എൽപിജി പൈപ് ലൈനിൽ തുളച്ചതാണ് കാരണം. സമീപത്തെ 25 വീട്ടുകാരെ ചോർച്ച ബാധിച്ചു.
ഇതിൽ 18 കുടുംബങ്ങൾക്കു പ്രദേശത്തു നിന്നു മാറി താമസിക്കേണ്ടിയും വന്നു. ചോർച്ചയുണ്ടായതിനു തൊട്ടടുത്തുള്ള കുടുംബങ്ങൾ ഇതുവരെ മടങ്ങിയെത്തിട്ടില്ല.
ഈ പദ്ധതിയിൽ കേരളത്തിലൂടെ 203 കിലോമീറ്റർ എൻപിജി പൈപ് ലൈൻ പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ പാലക്കാട് മുതൽ സേലം വരെയുള്ള 256 കിലോമീറ്റർ (കേരളത്തിൽ 10 കിലോമീറ്ററും തമിഴ്നാട്ടിൽ 246 കിലോമീറ്ററും) പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് അപ്രതീക്ഷിത തടസ്സം.
എറണാകുളം പുതുവൈപ്പിനിലെ ഐഒസി എൽപിജി ടെർമിനൽ, ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി എന്നിവിടങ്ങളിലാണ് പൈപ് ലൈനിന്റെ തുടക്കം (എൻട്രി പോയിന്റ്). ഉദയംപേരൂരിലെ ഐഒസി ബോട്ട്ലിങ് പ്ലാന്റിലും പാലക്കാട്ടെ ബിപിസിഎൽ എൽപിജി ടെർമിനലിലുമാണ് പൈപ് ലൈനുകൾ അവസാനിക്കുന്നത്.
പശുക്കൾ പേടിച്ചു; പാല് കുറഞ്ഞു
∙ മണലിപ്പുഴ നിറഞ്ഞൊഴുകിയെത്തിയ 2018ലെ പ്രളയ ദുരന്തത്തിൽ നിന്നു ഒരുവിധം കരകയറിയ മടവാക്കരയിലെ മണലി വീട് ഇന്ന് മറ്റൊരു അപ്രതീക്ഷിത ദുരിതം നേരിടുകയാണ്.
കൊച്ചി–സേലം പാചകവാതക പൈപ് ലൈനിലുണ്ടായ ചോർച്ചയിൽ കുടുംബത്തിനു മാറിത്താമസിക്കേണ്ടി വന്നതിനൊപ്പം ഇവരുടെ ചെറു ഫാമിലുള്ള 23 പശുക്കളും ദുരിതത്തിലായി. ക്ഷീര കർഷകരായ ജിനനും ഭാര്യ പ്രജിതയുമാണ് പശുക്കളെ നോക്കിയിരുന്നത്.
രാവിലെയും വൈകിട്ടും സമീപത്തെ വീടുകളിൽ പാൽ വിതരണം പതിവായിരുന്നു. മിച്ചമുള്ള പാൽ സൊസൈറ്റിക്കും നൽകും.
ഇന്നു 11 കറവപ്പശുക്കളും പശുക്കിടാങ്ങളും അടക്കമുള്ളവ പാചക വാതക ചോർച്ച കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതോടൊപ്പം പാലുൽപാദനം പകുതിയായി കുറയുകയും ചെയ്തു.
മാർച്ചിൽ ഉദുമൽപേട്ടയിൽ നിന്നു വാങ്ങിയ മൂന്ന് മുന്തിയ ഇനം കറവപ്പശുക്കകൾക്ക് ഉൾപ്പെടയാണ് ബുദ്ധിമുട്ടുകൾ.
ഒന്നിന് 1.10 ലക്ഷം രൂപ നൽകിയാണ് ദിവസം 20 ലീറ്റർ വീതം പാൽ തരുന്ന മൂന്നു പശുക്കളെ വാങ്ങിയത്. മൂന്നു പശുക്കളിൽ നിന്നായി 60 ലീറ്റർ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ പശുക്കൾക്കുണ്ടായ ശാരീരിക പ്രശ്നങ്ങൾ കാരണം ഇതുവരെ ആകെ 15 ലീറ്റർ മാത്രമാണ് ലഭിച്ചതെന്ന് കുടുംബം പറയുന്നു. ഇവരുടെ വീടിനു പിന്നിലൂടെയാണ് പൈപ് ലൈൻ കടന്നുപോകുന്നത്.
ഇന്നലെ നെന്മണിക്കര പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർ നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവയെ പരിശോധിച്ചു. മനുഷ്യർക്ക് അനുഭവപ്പെടുന്നതു പോലെ പശുക്കൾക്കും സമ്മർദവും ഭയവും ഉണ്ടാകുമെന്നും അതുവഴി പാൽ ഉൽപാദനം ഗണ്യമായി കുറയുമെന്നും ഡോ.നിഖിൽ മനോരമയോടു പറഞ്ഞു.
നിലവിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും പശുക്കളിൽ പേടി പിടികൂടിയിട്ടുണ്ടെന്നും പശുക്കിടാങ്ങൾക്ക് വളർച്ചാ മുരടിപ്പ് നേരിടാമെന്നും അദ്ദേഹം പറഞ്ഞു. ചോർച്ചയുണ്ടായ ആദ്യ ദിനങ്ങളിൽ പ്രജിതയ്ക്കും രക്തസമ്മർദനത്തിൽ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നെന്നും ചികിത്സ തേടിയതിനൊപ്പം ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറിത്താമസിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.
സുരക്ഷയിൽ ആശങ്ക
∙ സുരക്ഷ ലക്ഷ്യമിട്ടാണ് ദീർഘദൂര എൽപിജി പൈപ് ലൈൻ ശൃംഖലകൾ സ്ഥാപിക്കുന്നതെങ്കിലും മടവാക്കരയിലെ ചോർച്ച വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇവിടെ മണലിപ്പുഴയ്ക്ക് അടിയിലൂടെ എത്തുന്ന പൈപ് ലൈൻ പിന്നീട് നെൽപാടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു തരം കോട്ടിങ്ങോടു കൂടിയ കാർബൺ സ്റ്റീൽ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ത്രിതല സുരക്ഷയുള്ള പൈപ്പിൽ ചോർച്ചയുണ്ടായതും വേഗത്തിൽ പരിഹരിക്കാൻ കഴിയാത്തതിലുമാണ് പ്രധാന ആശങ്ക.
പ്രശ്ന പരിഹാരം തുടരുന്നു
∙ കൊച്ചിയിൽ നിന്നു രണ്ടു ഘട്ടങ്ങളിലായി വിദഗ്ധ സംഘത്തെ മടവാക്കരയിലെത്തിച്ച് ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ പൈപ് ലൈൻ അധികൃതർ തുടരുന്നുണ്ട്. 8 അടിയോളം ആഴത്തിൽ സ്ഥാപിച്ചിരുന്ന പൈപ് ലൈനിനു മുകളിലെ മണ്ണു മാറ്റിത്തുടങ്ങിയെങ്കിലും ചോർച്ച കാരണമുള്ള നീരാവിയും മറ്റും മുകളിലേക്ക് എത്തിയതോടെ താൽക്കാലികമായി അറ്റകുറ്റപ്പണി നിർത്തിയിരുന്നു.
2 മീറ്ററോളം ഇനി കുഴിക്കാനുണ്ട്. വീണ്ടും കുഴിക്കുമ്പോൾ മർദ്ദം ഉയരുന്നതാണ് തിരിച്ചടി.
നിലവിൽ ഇടയ്ക്കിടെ വാതകം വ്യാപിച്ചതിന്റെ ഗന്ധമുണ്ടെങ്കിലും മറ്റു പ്രശ്നങ്ങളില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൈപ് ലൈൻ അധികൃതർ പറയുന്നു. വാതകം വ്യാപിക്കാതിരിക്കാൻ മണലിപ്പുഴിയിൽ നിന്നു പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
ഞെട്ടൽ മാറാതെ
∙ 30 വർഷമായി മടവാക്കരയിൽ താമസിക്കുന്ന ചക്കുമാട്ടപറമ്പിൽ ശ്രീധരനും ഭാര്യ ഗീതയും പാചക വാതക ചോർച്ചയുണ്ടായ ദിനത്തിലെ ഞെട്ടലിൽ നിന്നു പൂർണമായി മാറിയിട്ടില്ല.
ചോർച്ച ശ്രദ്ധയിൽപെട്ട ഉടൻ അധികൃതരെത്തി ലൈറ്റുകൾ ഓഫ് ചെയ്യണമെന്നും അടുക്കളയിൽ പാചകം പാടില്ലെന്നും മുന്നറിയിപ്പു തന്നു.
പിന്നാലെ അടുത്ത ദിവസം തന്നെ തലോറിൽ വാടകയ്ക്കു താമസം മാറേണ്ടി വന്നു. 5 ദിവസത്തിനു ശേഷമാണ് സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്.
നിലവിൽ പാചകത്തിനും മറ്റും ബുദ്ധിമുട്ടുകളില്ല. ആദ്യ രണ്ടു ദിനങ്ങളിൽ എൽപിജി ഗന്ധം പരിസരത്താകെ ഉണ്ടായിരുന്നു.
സമീപത്തുള്ളവർക്കടക്കം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി.
ഗീതയ്ക്കു കഠിന തലവേദനയും. പിന്നീട് പ്രശ്നങ്ങൾ മാറിയെന്നും മറിത്താമസിക്കേണ്ടി വന്നപ്പോൾ നൽകിയ വാടകയും മറ്റു തിരികെ പൈപ് ലൈൻ അധികൃതർ നൽകിയെന്നും കുടുംബം പറയുന്നു.
ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് താമസം മാറണമെന്നുണ്ടെങ്കിൽ സൗകര്യങ്ങൾ ചെയ്തു തരാമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇവിടെ തുടരുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. സമീപത്തെ മൂന്നു വീട്ടുകാർ ഇതുവരെ മടങ്ങിയെത്തിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

