ഇറാൻ യുദ്ധത്തിൽ നിർണായക ‘മധ്യസ്ഥത’ വഹിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഇവർ മുന്നോട്ടു വച്ച സമാധാന പ്ലാൻ വിജയിച്ചിട്ടുമില്ല.
തടസങ്ങളും വെല്ലുവിളികളുമുണ്ടെങ്കിലും മധ്യസ്ഥത ശ്രമങ്ങൾ തുടരുമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. മധ്യസ്ഥത വഹിച്ചതിനുള്ള സമ്മാനമായി പാക്കിസ്ഥാന്റെ 20 കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇവ പാക്കിസ്ഥാനിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഇറാൻ യുദ്ധത്തോടെ കൂടുതൽ തകർന്നു.
ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ വിലക്കയറ്റം 17 മാസത്തെ ഉയർന്ന നിലയിലെത്തി.
ഹോർമുസ് വഴി ഇന്ധനം വരാതായതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും തീവിലയാണ്. ഇറക്കുമതിയിലുണ്ടായ അധിക ചെലവ് ജനങ്ങളുടെ തലയിൽ ഇടാനാണ് പാക്ക് സർക്കാർ തീരുമാനിച്ചത്.
ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാനും കഴിയുന്നില്ല. ഇതോടെ പാചക വാതക വില 23 ശതമാനവും വൈദ്യുതി നിരക്ക് 14 ശതമാനവും വര്‍ധിച്ചു.
യാത്രാ ചെലവുകള്‍ ക്രമാതീതമായി കൂടി.
സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഐഎംഎഫിന്റെ കര്‍ശന നിരീക്ഷണത്തിലാണ് മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ എന്നിവയ്ക്ക് അടക്കം സബ്സിഡികൾ അനുവദിക്കുന്നതിന് നിയന്ത്രണമുണ്ട്.
ആവശ്യമായ ഇന്ധനത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന പാക്കിസ്ഥാന് അതുകൊണ്ടുതന്നെ രാജ്യാന്തര വിലയിൽ ഇവ വിൽക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച് അടിക്കടി രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനും പാക്കിസ്ഥാൻ നിർബന്ധിതരാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
ഇത്തരം നിരീക്ഷണങ്ങൾ ശരിവെക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തിയത്.
പെട്രോൾ ലിറ്ററിന് 137.24 പാക്കിസ്ഥാനി രൂപയും ഡീസല്‍ ലിറ്ററിന് 184.49 പാക്കിസ്ഥാനി രൂപയുമാണ് ഉയർത്തിയത്.ഇറാൻ യുദ്ധം തുടങ്ങിയ ശേഷം ഇതു രണ്ടാമതാണ് വില ഉയർത്തുന്നത്. ഇതോടെ പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 458.4 പാക്കിസ്ഥാനി രൂപയായി (ഏകദേശം 153 ഇന്ത്യൻ രൂപ).
ഡീസല്‍ ലിറ്ററിന് 520.35 പാക്കിസ്ഥാനി രൂപയും (ഏകദേശം 173 ഇന്ത്യൻ രൂപ). നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു.
യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ധന വില കൂട്ടിയ ആദ്യ രാജ്യങ്ങളിലൊന്ന് കൂടിയാണ് പാക്കിസ്ഥാൻ. മാർച്ച് ആറിന് പെട്രോള്‍ ലിറ്ററിന് 55 പാക്കിസ്ഥാൻ രൂപയാണ് വർധിപ്പിച്ചത്.
സബ്സിഡിയുണ്ട് ഒരു ട്വിസ്റ്റും
ഇന്ധന വില പ്രഖ്യാപിച്ചതിനു പിന്നാലെ ചില ‘ഇളവുകളും’ പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്നു മാസത്തേക്ക് ഇരുചക്ര വാഹനങ്ങളിൽ പെട്രോൾ അടിക്കുന്നവർക്ക് ലിറ്ററിന് 100 പാക്കിസ്ഥാനി രൂപ സബ്സിഡി കിട്ടും. പ്രതിമാസം 20 ലിറ്റർ പെട്രോളാണ് ഇങ്ങനെ അടിക്കാവുന്നത്.
ചെറുകിട കർഷകർക്ക് ഒരു ഏക്കറിന് 1,500 പാക്കിസ്ഥാനി രൂപ വീതവും ലഭിക്കും.
ഇന്റർസിറ്റി, ചരക്കുഗതാഗത മേഖലയിലെ ഹെവി വാഹനങ്ങൾക്ക് ലിറ്ററിന് 100 പാക്കിസ്ഥാനി രൂപയാണ് സബ്സിഡി. ഇന്റർസിറ്റി സർവീസ് നടത്തുന്ന ലാർജ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് പ്രതിമാസം 80,000 പാക്കിസ്ഥാനി രൂപയും പൊതുമേഖലയിലെ വാഹനങ്ങൾക്ക് ഒരുലക്ഷം പാക്കിസ്ഥാനി രൂപയും സർക്കാർ സഹായം നൽകും.
എന്നാൽ ഈ ഇളവുകൾ എന്നുമുതൽ ലഭിക്കുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ഇതെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുമെന്നാണ് പ്രതിപക്ഷ ആരോപണം.
ഐഎംഎഫിന്റെ അനുമതി ഇല്ലാതെ ഇക്കാര്യത്തിൽ പാക്കിസ്ഥാന് തീരുമാനം എടുക്കാനും കഴിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

