മഞ്ചേശ്വരം ∙ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ജീൻ ലാവിന മൊന്തേറോ പിടിക്കുന്ന വോട്ട് ആരെ തുണയ്ക്കുമെന്നതു മുന്നണികളിൽ ആശങ്ക. മാറി മാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ കൊങ്കണി ലത്തീൻ ക്രിസ്തീയ വിഭാഗത്തെയും മഞ്ചേശ്വരം മണ്ഡലത്തെയും അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
നേരത്തേ ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്നയാളാണ് ജീൻ ലാവിന മൊന്തേറോ. ബിജെപിയാണ് ഇവരെ മത്സരത്തിനിറക്കിയതെന്നാണ് യുഡിഎഫ് ആരോപണം.
കൊങ്കണി ലത്തീൻ കാത്തലിക് വിഭാഗത്തിന്റെ ഔദ്യോഗിക പിന്തുണയോടെയല്ല മത്സരമെങ്കിലും ഭേദപ്പെട്ട വോട്ടുകൾ മൊന്തേറോ പിടിക്കുമെന്നാണ് കൂടെയുള്ളവർ കണക്കുകൂട്ടുന്നത്.
അതേസമയം, സമുദായത്തിനകത്ത് ഇവരുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധമുള്ളവരുണ്ട്.
6000ത്തിലേറെ വോട്ട് കൊങ്കണി ക്രിസ്ത്യൻ വിഭാഗത്തിനുണ്ടെങ്കിലും സമുദായത്തിൽ നിന്നുള്ള പൂർണപിന്തുണ ജീൻ ലാവിന മൊന്തേറോയ്ക്ക് ഉണ്ടാവില്ലെന്നാണു മുന്നണികൾ കരുതുന്നത്. മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയാണു രംഗത്തിറങ്ങിയതെന്നും എത്ര വോട്ട് കിട്ടുന്നു എന്നതിലല്ല, പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്നും സ്ഥാനാർഥിക്കൊപ്പമുള്ളവർ പറയുന്നു.
കൊങ്കണി ക്രിസ്തീയ പുരോഹിതന്മാർ മുഖേന പിന്മാറാൻ യുഡിഎഫ് ഇടപെട്ടെങ്കിലും ഇവർ തയാറായില്ല. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജീൻ ലാവിന മൊന്തേറോ തന്റെ വാർഡിൽനിന്നു പഞ്ചായത്ത് ഭരണസമിതിയിൽ എത്തിയത് യുഡിഎഫ് പിന്തുണയോടെയാണ്.
എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയുമാണ് ഇവരെ വോട്ട് ചെയ്ത് പഞ്ചായത്ത് പ്രസിഡന്റാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർക്കു കിട്ടുന്ന വോട്ട് ആർക്കു വിനയാകുമെന്ന ചോദ്യമാണ് ഉയരുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.ബി.അബ്ദുൽറസാഖ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ 89 വോട്ട് ഭൂരിപക്ഷത്തിലാണു പരാജയപ്പെടുത്തിയത്.
സുരേന്ദ്രൻ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ സാന്നിധ്യം മുന്നണികൾക്ക് ഭീഷണിയാണ്. മംഗളൂരുവിൽ വാഹന ബിസിനസുകാരാണ് ജീൻ ലാവിന മൊന്തേരോയും ഭർത്താവ് ജോർജ് മൊന്തേരോയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

