പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ 15 ഇന നിർദേശങ്ങളാണ് ഇറാനു മുന്നിൽ യുഎസ് വച്ചത്. ഇതിന് മറുപടിയായി ഇറാനും ചില നിർദേശങ്ങൾ പരസ്യമാക്കിയിട്ടുണ്ട്.
ഇതിലൊന്നാണ് ലോകത്തിന്റെ എണ്ണക്കവാടമായ ഹോർമുസിന്റെ പൂർണ നിയന്ത്രണം വേണമെന്നത്. രാജ്യാന്തര എണ്ണവിപണിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഇടുങ്ങിയ പാത ‘അടഞ്ഞത്’ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ഇതു മുതലെടുത്ത് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനു മാത്രമായാൽ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഇതോടൊപ്പം രാജ്യാന്തര സാമ്പത്തിക മേഖലയിൽ സമ്മർദ ശക്തിയാകാനും ഇറാനു കഴിയും.
വൈകി മനസിലാക്കിയ തുറുപ്പുചീട്ട്
ഇസ്രയേൽ, യുഎസ് ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് നേരത്തേതന്നെ ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഹോർമുസ് അടഞ്ഞതോടെയാണ് അതിന്റെ ആഘാതം ലോകം മനസ്സിലാക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണവരവ് ചില രാജ്യങ്ങൾക്കു മാത്രമായി പരിമിതപ്പെട്ടു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളര്‍ കടന്നു കുതിച്ചു.
ഹോര്‍മുസിനെ എങ്ങനെ തന്ത്രപരമായി ഉപയോഗിക്കാമെന്ന് ഇറാനും മനസ്സിലാക്കിയത് ഇതിനു ശേഷമാണെന്ന് ചില സാമ്പത്തിക വിദഗ്ധർ പറയുന്നു. ഭാവിയിലും ഇറാൻ ‘ഹോർമുസ്’ ആയുധം പുറത്തെടുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് പണം പിരിക്കാനും ഇറാന് പദ്ധതിയുണ്ട്. ഇതിനായി നിയമനിർമാണത്തിനും ഇറാൻ തയാറെടുക്കുന്നതായാണ് വിവരം.
ഇറാനു പണം പിരിക്കാമോ?
രാജ്യാന്തര സമുദ്ര വ്യാപാര നിയമങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള പണപ്പിരിവുകൾ പാടില്ല.
ഇറാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്ര അതിർത്തിയിലാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഇരുരാജ്യങ്ങളുടെയും നിയമങ്ങൾ ബാധകമാണ്.
സമുദ്രവ്യാപാരത്തിൽ നിർണായകമായതിനാൽ ഹോർമുസിൽ രാജ്യാന്തര വ്യാപാര നിയമങ്ങളാണ് ബാധകമാവുക. എല്ലാ രാജ്യങ്ങൾക്കും ഇതിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ അവകാശമുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട യുഎൻ ഉടമ്പടിയിൽ അമേരിക്കയും ഇറാനും അംഗമല്ലെന്നതാണ് വിചിത്രം.
അതുകൊണ്ടുതന്നെ രാജ്യാന്തര നിയമങ്ങൾ പാലിക്കേണ്ട ചുമതലയില്ലെന്ന വാദം ഉയർത്താൻ ഇറാന് കഴിഞ്ഞേക്കും.
കോടികളുടെ വരുമാനം
ഇറാന്റെ ആവശ്യം ലോകരാജ്യങ്ങള്‍ അംഗീകരിച്ചാൽ കോടികളുടെ അധിക വരുമാനമാണ് ഇതിലൂടെ ലഭിക്കുക.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് 2 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് കടന്നു പോയിരുന്നതായാണ് കണക്ക്. ഇത്രയും എണ്ണ പുറത്തെത്തിക്കാൻ 10 വലിയ ടാങ്കറുകളെങ്കിലും വേണം.
ഓരോ കപ്പലിനും 20 ലക്ഷം ഡോളർ വീതമെങ്കിലും ഫീസ് പിരിക്കാൻ ഇറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അതായത് ഒരു ദിവസം 2 കോടി ഡോളർ.
ഒരു മാസത്തെ വരുമാനം 60 കോടി ഡോളർ. ഇനി പാചക വാതകവും കൂടി ചേർത്താൽ പ്രതിമാസ വരുമാനം 80 കോടി ഡോളർ (ഏകദേശം 7500 കോടി രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
ഉപരോധവും യുദ്ധവും തകർത്ത സാമ്പത്തിക മേഖലയെ കരകയറ്റാൻ കൂടിയാണ് ഇറാൻ ഇങ്ങനെയൊരു നീക്കത്തിന് മുതിരുന്നതെന്നാണ് കരുതുന്നത്.
നടക്കുമോ?
അതേസമയം, ഇറാന്റെ നിർദേശം ഒരു രാജ്യവും അംഗീകരിക്കാൻ വഴിയില്ല. ഇറാന്റെ നീക്കം നിയമവിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.
ഇറാന്റെ നീക്കങ്ങളെ ചെറുക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളും സമാനമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ ചില കപ്പലുകൾ ഇതിനോടകം തന്നെ ഇറാന് പണം നൽകി ഇതിലൂടെ കടന്നുപോയതായും റിപ്പോർട്ടുകൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

