അഡൂർ ∙ വനംവകുപ്പ് നിർമിച്ച ആനപ്രതിരോധ മതിലിലെ വമ്പൻ വിടവ് ഒടുവിൽ അടച്ചു. നബാർഡിന്റെ ധന സഹായത്തിൽ 10 വർഷം മുൻപ് വനംവകുപ്പ് ദേലംപാടി പഞ്ചായത്ത് അതിർത്തിയിൽ കരിങ്കൽ ഉപയോഗിച്ച് നിർമിച്ച ആനപ്രതിരോധ മതിലിലെ 200 മീറ്റർ വിടാവാണ് സോളർ വൈദ്യുതവേലി നിർമിച്ച് അടച്ചത് ഇനി 3 വിടവുകൾ കൂടിയുണ്ട്. ആനമതിലിലെ ആനമണ്ടത്തരം പൂർണമായും പരിഹരിക്കാൻ വനം വകുപ്പ് നടപടിയെടുക്കുമെന്നാണു അഡൂർ സ്വദേശികളുടെ പ്രതീക്ഷ.തലപ്പച്ചേരി മുതൽ കാട്ടികജെ വരെ ഒന്നര കിലോമീറ്റർ മതിലിലാണു നാലിടത്ത് ആനകൾക്ക് കടക്കാൻ കഴിയുന്ന 4 വിടവുകളുണ്ടായിരുന്നത്.
2 കോടിയോളം രൂപ ചെലവിൽ നിർമിച്ച വേലിയുടെ ഉദ്ദേശ്യശുദ്ധി തന്നെ ഇല്ലാതാക്കിയതായിരുന്നു ഇത്. ഇതിൽ തലപ്പച്ചേരിയിലെ 200 മീറ്റർ വിടവാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ സോളർ വേലി വേലി നിർമിച്ച് അടച്ചത്.
സ്വകാര്യ വ്യക്തികൾ അനുമതി നൽകാതിരുന്നത് കാരണമാണ് ഈ ഭാഗത്ത് ആനമതിൽ നിർമിക്കാതിരുന്നതാണെന്നാണു വനംവകുപ്പ് പറയുന്നത്. കാട്ടാനകൾ കൃഷിയിടത്തിലേക്കു കടക്കുന്നത് പതിവായതോടെയാണ് വനംവകുപ്പിന്റെ നടപടി. ദേലംപാടിയിൽ സോളർ തൂക്കുവേലി നിർമിച്ചപ്പോൾ അഴിച്ചുമാറ്റിയ സോളർ വേലി ഉപയോഗിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ വേലി നിർമിക്കുകയായിരുന്നു. ഇനിയുള്ള 3 വിടവുകളിൽ വൈദ്യുതി ഗേറ്റ് നിർമിക്കാനുള്ള ആലോചനയിലാണ് വനംവകുപ്പ്.വിടവുകളിട്ട് മതിൽ നിർമിച്ചതിനെതിരെ ഓഡിറ്റ് റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു.
നിർമാണത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനിൽ നിന്ന് 1.76 കോടി രൂപ തിരിച്ചു പിടിക്കണമെന്ന എജിയുടെ ശുപാർശയിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. സോളർ വേലി നിർമിച്ചതോടെ കാട്ടാനകളിൽ നിന്നു കർഷകർക്ക് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാട്ടികജെ വനസംരക്ഷണ സമിതി പ്രസിഡന്റ് വെങ്കിട്ടരമണ പറഞ്ഞു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി.വി.രാജഗോപാലൻ, സെക്ഷൻ ഓഫിസർ ബി.ശേഷപ്പ, ദേലംപാടി പഞ്ചായത്ത് വനംവകുപ്പ് ലെയ്സൺ ഓഫിസർ ബി.വിനീത്, ബിഎഫ്ഒമാരായ കെ.സുധീഷ് കുമാർ, എസ്.അഭിലാഷ്, ബി.സുമിത്ര, ബിബിൻ ചാക്കോ, ആർ.രാകേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

