എൽപിജി കിട്ടിയില്ലെങ്കിൽ ഇനി എങ്ങനെ ഭക്ഷണമുണ്ടാക്കും? ടെൻഷനിക്കേണ്ടെന്ന കാര്യമില്ലെന്ന് പറയുന്നത് രാജ്യത്തെ പഞ്ചസാര, എഥനോൾ വ്യവസായികളാണ്. എഥനോളിനെ പാചക ഇന്ധനമായി പരിഗണിക്കണമെന്ന് ഇവർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
രാജ്യത്തെ ചില ഐഐടികൾ എഥനോൾ സ്റ്റൗ നിർമാണ പരീക്ഷണങ്ങളും തുടങ്ങി.
സ്റ്റൗവിന്റെ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇന്‍ഡസ്ട്രി ഡയറക്ടർ ആർ.എസ്. രവി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിൽ 20% എഥനോൾ ചേർക്കുന്നുണ്ട്. ഇതിന് പ്രതിവർഷം 11 ബില്യൻ ലിറ്റർ എഥനോളാണ് വേണ്ടത്.
അതേസമയം, ഉൽപാദനം 20 ബില്യനാണ്. അധികമായി വരുന്ന എഥനോൾ പാചകാവശ്യത്തിനായി മാറ്റാനാകുമെന്ന് വ്യവസായികളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് എൽപിജിക്ക് ഒപ്പം എഥനോളും ഉപയോഗിക്കാവുന്ന ആശയവും ഇവർ മുന്നോട്ടുവയ്ക്കുന്നു.
പലയിടത്തും ഉപയോഗം
ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, എത്യോപ്യ എന്നിവിടങ്ങളിലും ബ്രസീലിലും എഥനോൾ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. എൽപിജിയേക്കാൾ സുരക്ഷിതമാണെന്നാണ് വിദഗ്ധരുടെ വാദം.
20–30% വരെ ഇന്ധന ക്ഷമതയും കൂടുതലാണ്. വിതരണം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും എളുപ്പമാണെന്നും ഇവർ പറയുന്നു.
ഇന്ത്യ 20 ശതമാനമെങ്കിലും എഥനോൾ പാചക ഇന്ധനത്തിലേക്ക് മാറ്റിയാൽ എൽപിജി ഇറക്കുമതി 6 മില്യൻ ടൺ കുറയ്ക്കാമെന്ന് ഈ മേഖലയിലെ സംഘടനകൾ വാദിക്കുന്നു.
2024-25ൽ 31.3 മില്യൻ ടൺ എൽപിജിയാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ 20.66 മില്യൻ ടണ്ണും ഇറക്കുമതിയാണ്.
ഇതിൽ 6 മില്യൻ ടൺ മാറ്റിയാൽ ഇറക്കുമതി ചെലവ് കുറയ്ക്കാനും വിദേശനാണ്യം സംരക്ഷിക്കാനും കഴിയും. പെട്രോളില്‍ എഥനോൾ ചേർത്തതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയില്‍ 45 ദശലക്ഷം ബാരൽ പ്രതിവർഷം ലാഭിക്കാൻ കഴിഞ്ഞെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
എളുപ്പമല്ല
എഥനോൾ ഇന്ധനത്തിലേക്ക് മാറുന്നത് എളുപ്പമല്ല. എൽപിജിയേക്കാൾ ഉയർന്ന വിലയാണെന്ന തിരിച്ചടിയുണ്ട്.
സ്റ്റൗവിനും വില കൂടുതലായിരിക്കും. പാചകത്തിന് എൽപിജിയേക്കാൾ കൂടുതൽ സമയം വേണമെന്നത് സ്വീകാര്യതയെ ബാധിച്ചേക്കും.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന എഥനോൾ നിലവിൽ വ്യവസായിക ആവശ്യങ്ങൾക്കാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. ഇത് ഗാർഹിക ആവശ്യത്തിലേക്ക് മാറ്റുന്നതിന് വിതരണ ശൃംഖലയിൽ മാറ്റം വരുത്തേണ്ടതുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

