പശ്ചിമേഷ്യയെ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണ് ഇറാനിലെ പണപ്പെരുപ്പവും അതിനെതിരെയുണ്ടായ ‘ജൻ സീ’ പ്രതിഷേധവും. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായതോടെ വ്യാപാരികളും ജനങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഇതിനെ പിന്തുണയ്ക്കാനെന്ന രീതിയിലാണ് യുഎസും ഇസ്രയേലും ഇറാനിൽ ഇടപെടുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ ലോകത്താകെ ബാധിച്ച പണപ്പെരുപ്പ ഭീഷണി ഇറാനിൽ അതിരൂക്ഷമായി.
കഴിഞ്ഞദിവസം ഒരു കോടി ഇറാനിയൻ റിയാലിന്റെ കറൻസി നോട്ട് ഇറാൻ പുറത്തിറക്കിയത് രാജ്യത്ത് പ്രതിസന്ധി ഗുരുതരമാണെന്നതിന്റെ തെളിവുമായി.
ഒരു കോടി നോട്ട്
രാജ്യത്ത് ഇതുവരെ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് ഒരു കോടി റിയാലിന്റേത്. ഇതിന്റെ മൂല്യം ഏതാണ്ട് ഏഴ് അമേരിക്കൻ ഡോളർ വരുമെന്നാണ് കണക്ക്.
ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച് 650 ഇന്ത്യൻ രൂപ മാത്രം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ യുദ്ധം കൂടി വന്നതോടെയാണ് ഇറാന്റെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമായത്.
വിലക്കയറ്റം അതിരൂക്ഷമായതോടെ അവശ്യ സാധനങ്ങൾ വാങ്ങാൻ കെട്ടുകണക്കിന് കറൻസി കൊടുക്കേണ്ട അവസ്ഥയാണ്.
ഇതിന് പരിഹാരമായാണ് വലിയ മൂല്യമുള്ള കറൻസികൾ പുറത്തിറക്കിയതെന്നാണ് ഇറാന്റെ വിശദീകരണം. 50 ലക്ഷം റിയാലിന്റെ നോട്ടായിരുന്നു നിലവിലത്തെ ഏറ്റവും മൂല്യമുള്ള കറൻസി.
യുദ്ധസാഹചര്യത്തിൽ ബാങ്ക്, ഡിജിറ്റൽ ഇടപാടുകൾ മുടങ്ങുമെന്ന ആശങ്കയിൽ ഇറാനികൾ വലിയ തോതിൽ കറൻസി പിൻവലിക്കുന്നതും സ്ഥിതി രൂക്ഷമാക്കി.
എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ ആളുകൾ തടിച്ചു കൂടിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പലരും സേവിങ്സ് അക്കൗണ്ടുകളിലെ പണം കറൻസി രൂപത്തിൽ സൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.
ഇത് രാജ്യത്ത് കറൻസി ക്ഷാമത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുകളും ഒരു കോടിയുടെ നോട്ട് ഇറക്കാൻ ഇറാനെ പ്രേരിപ്പിച്ചെന്നാണ് വിശദീകരണം. ഡിജിറ്റൽ പണമിടപാടുകളും ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള ഇടപാടുകളും സാധാരണ നിലയിൽ തന്നെ നടക്കുമെന്നും ഇറാനിയൻ കേന്ദ്ര ബാങ്ക് വിശദീകരിക്കുന്നു.
തിരിച്ചടി
വലിയ വിനിമയ മൂല്യമുള്ള കറൻസികൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം.
കറൻസിയുടെ വാങ്ങൽ ശേഷി കുറയുകയാണെന്ന് കേന്ദ്രബാങ്കുകൾ സ്വയം സമ്മതിക്കുന്നതു കൂടിയാണിത്. രാജ്യത്ത് ഇനിയും വിലക്കയറ്റമുണ്ടാകുമെന്ന സന്ദേശമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.
ഇത്രയും വലിയ നോട്ടുകൾ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വിലക്കയറ്റം അതിരൂക്ഷം
വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്ന രാജ്യമാണ് ഇറാൻ. ക്രൂഡ് ഓയിൽ വരുമാനം കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്തത് സാമ്പത്തി മേഖലയെ സാരമായി ബാധിച്ചു.
കഴിഞ്ഞ വർഷം ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാനിയൻ കറന്‍സിയുടെ വിനിമയ മൂല്യം 40 ശതമാനം കുറഞ്ഞതായാണ് കണക്ക്. നിലവിലെ യുദ്ധം തുടങ്ങിയതോടെ അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് 16.6 ലക്ഷമായി കുറഞ്ഞു.
ഇത് പിന്നീട് മെച്ചപ്പെട്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ഇറാന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജന്‍സിയുടെ കണക്ക് പ്രകാരം രാജ്യത്തെ വാർഷിക പണപ്പെരുപ്പം 47.5 ശതമാനമാണ്.
ഭക്ഷ്യ വിലക്കയറ്റം 105 ശതമാനത്തിലെത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശം പണപ്പെരുപ്പമാണ് ഇറാൻ അനുഭവിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിലക്ക് നീക്കിയത് പുതുജീവൻ?
അതേസമയം, ക്രൂഡ് ഓയിൽ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 30 ദിവസത്തേക്ക് നീക്കിയ യുഎസ് നടപടി ഇറാന് സാമ്പത്തിക മേഖലയിൽ പുതുജീവനായേക്കുമെന്ന വാദവും ഉയർന്നിട്ടുണ്ട്.
നിലവിൽ ഷാഡോ ഫ്ളീറ്റിന്റെ സഹായത്തോടെ ഡിസ്കൗണ്ട് നിരക്കിലാണ് ഇറാൻ ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ വിൽക്കുന്നത്. ഉപരോധം നീക്കിയതോടെ വിപണി വിലയ്ക്ക് തന്നെ ഇറാന് ക്രൂഡ് ഓയിൽ വിൽക്കാൻ അവസരമൊരുങ്ങും.
ഇത് രാജ്യത്തേക്ക് കൂടുതൽ വിദേശനാണ്യമെത്തിക്കും. ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് മെച്ചപ്പെടാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ പറയുന്നു.
എന്നാൽ നിലവിൽ കപ്പലുകളിൽ ലോഡ് ചെയ്ത ക്രൂഡ് ഓയിലിന് മാത്രമാണ് ഇളവെന്നും പുതുതായി ഉൽപാദിപ്പിക്കുന്നവയ്ക്ക് വിലക്ക് തുടരുമെന്നുമാണ് യുഎസിന്റെ വിശദീകരണം. ഈ സാഹചര്യത്തിൽ യുഎസ് ഇളവ് ഇറാന് വലിയ രീതിയിൽ സഹായമാകില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

