സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ച ഇന്നലെ നേരിട്ട സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിന്റെ പാതയിലേറിയേക്കും.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 75 പോയിന്റ് ഉയർന്ന് വ്യാപാരം ചെയ്തത് ശുഭപ്രതീക്ഷയാണ് നൽകുന്നത്.
യുഎസ് ഓഹരി വിപണികൾ ഇന്നലെയും നഷ്ടത്തിലേക്ക് വീണെങ്കിലും ഫ്യൂച്ചേഴ്സ് നേട്ടത്തിലേറി. ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രകടനം നടത്തുന്നു.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.27%, നാസ്ഡാക് കോംപസിറ്റ് 0.28%, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.44% എന്നിങ്ങനെ താഴ്ന്നു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചേഴ്സ്, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.2% വീതം ഉയർന്നു. രാജ്യാന്തര എണ്ണ ഉൽപാദന, വിതരണശൃംഖലയിലെ തടസ്സങ്ങളും ഉയർന്നതലത്തിലെത്തിയ ഊർജോൽപന്ന വിലകളും ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ദക്ഷിണ കൊറിയയുടെ കോസ്പി 1%, കോസ്ഡാക് 1.23% എന്നിങ്ങനെ ഉയർന്നു.
ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.5% താഴ്ന്നു. ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായ 10-ാം മാസവും അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു.
5-വർഷ ലോൺ റേറ്റ് 3.5%, ഒരുവർഷ റേറ്റ് 3% എന്നിങ്ങനെ തുടരും. ഹോങ്കോങ്ങിന്റെ ഹാങ്സെങ് 0.61%, ചൈനയിൽ ഷാങ്ഹായ് 0.21%, ജപ്പാനിൽ നിക്കേയ് 3.38%, യൂറോപ്പിൽ ഡാക്സ് 2.82%, എഫ്ടിഎസ്ഇ 2.35% എന്നിങ്ങനെ താഴ്ന്നാണുള്ളത്.
ഇറാന്റെ ശക്തി ക്ഷയിച്ചെന്നും അവർക്കിനി യുറേനിയം ശേഖരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ കഴിയില്ലെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത് ഓഹരി വിപണികൾക്ക് ആശ്വാസമായേക്കാം.
രാജ്യാന്തര എണ്ണവില യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) ബാരലിന് 3.10% താഴ്ന്ന് 92.59 ഡോളറിലും ബ്രെന്റ് വില 3.15% കുറഞ്ഞ് 105.2 ഡോളറിലുമാണ് രാവിലെയുള്ളത്. ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി കനക്കുകയും യുഎസ് ഡോളർ ഇൻഡക്സ് ശക്തമാവുകയും ചെയ്തതോടെ സ്വർണവില ഔൺസിന് 202 ഡോളർ താഴ്ന്ന് 4,668 ഡോളറിലും നിൽക്കുന്നു.
കേരളത്തിൽ ഇന്നും വില കുറഞ്ഞേക്കാം.
നിഫ്റ്റി ഇന്നലെ 775 പോയിന്റ് (-3.26%) നഷ്ടവുമായി 23,002ലും സെൻസെക്സ് 2496 പോയിന്റ് (-3.26%) ഇടിഞ്ഞ് 74,207ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ച.
നിക്ഷേപക സമ്പത്തിൽ നിന്ന് 13 ലക്ഷം കോടിയോളം രൂപയും കൊഴിഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ അതാനു ചക്രവർത്തി രാജിവച്ചതും ഓഹരികളെ ഉലച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 5 ശതമാനത്തിലേറെ ഇടിഞ്ഞു.
വിപണിമൂല്യത്തിൽ നിന്ന് ഒരുലക്ഷം കോടിയോളം രൂപയും ചോർന്നു. അതാനുവിനോട് രാജി പുനഃപരിശോധിക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) പിന്മാറ്റവും വിപണിയെ ഉലയ്ക്കുകയാണ്.
ഇന്നലെ അവർ 7,558 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു. വിദേശ നിക്ഷേപ നഷ്ടം, ഉയർന്നുനിൽക്കുന്ന എണ്ണവില, ഡോളറിന്റെ മുന്നേറ്റം തുടങ്ങിയ വെല്ലുവിളികൾമൂലം രൂപ ഇന്നലെ ഡോളറിനെതിരെ റെക്കോർഡ് 92.63ലേക്കും താഴ്ന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

