മലമ്പനിയോടും വന്യജീവികളോടും പടവെട്ടി മണ്ണിൽ പൊന്നുവിളയിച്ചവരുടെ നാടാണ് ഗൂഡല്ലൂർ. ഒടുവിൽ ഭൂനിയമങ്ങളുടെ കുരുക്കിൽപെട്ട് കുടിയിറങ്ങാനാകുമോ കർഷകജനതയുടെ വിധി? ഗൂഡല്ലൂരിലെ ഭൂപ്രശ്നങ്ങളെക്കുറിച്ചു മനോരമ പരമ്പര തുടരുന്നു…
ഗൂഡല്ലൂർ ∙ മലബാറിൽ നിന്നും മധ്യതിരുവിതാംകൂറിൽ നിന്നും വളക്കൂറുള്ള മണ്ണു തേടിയാണു കർഷകജനത ഗൂഡല്ലൂരിലേക്കെത്തിയത്.
ആദ്യം ഇവിടെ എത്തിയവർ നടത്തിയ കത്ത് ഇടപാടുകളിലൂടെയാണ് വീണ്ടും കർഷക പ്രവാഹമുണ്ടായത്. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യ–ചൈന യുദ്ധം, ഇന്ത്യ–പാക് യുദ്ധം എന്നിവയുണ്ടായപ്പോൾ നാട്ടിലാകെ ഭക്ഷ്യക്ഷാമവുമുണ്ടായി.
ഇതു പരിഹരിക്കാൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ആഹ്വാനപ്രകാരം കൂടുതൽ കർഷകർ ഭക്ഷ്യോൽപാദനത്തിനായി ഗൂഡല്ലൂരിലേക്കെത്തി. രാജ്യതാൽപര്യം മുൻ നിർത്തി സ്വന്തം ജനതയെ സംരക്ഷിക്കുന്നതിനായി കർഷകർ ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിച്ചു.
പാഴായ ഉറപ്പുകൾ
1964 ൽ കാമരാജ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കർഷകർക്ക് ഗൂഡല്ലൂരിൽ പട്ടയ വിതരണം ആരംഭിച്ചു.
തുടർന്നെത്തിയ സർക്കാരുകൾ പട്ടയം നൽകിയെങ്കിലും കുടിയിറക്കലും വിള നശിപ്പിക്കലും നിർബാധം നടത്തി. 1968 ൽ കേരളത്തിൽ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോൾ ജന്മിത്വ നിരോധന നിയമം നടപ്പിലാക്കി ജന്മിയുടെ ഭൂമി പിടിച്ചെടുത്ത് കുടിയാനു നൽകി.
ഈ നിയമം ഗൂഡല്ലൂരിലും നടപ്പിലാക്കി ജന്മിയിൽനിന്നു കുടിയാന് സംരക്ഷണം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അങ്ങനെ ഗൂഡല്ലൂർ ജന്മിത്വ നിരോധന നിയമത്തിലൂടെ ജന്മിയുടെ ഭൂമി സർക്കാരിന്റെ അധീനതയിലാക്കി.
കുടിയാനെ സംരക്ഷിക്കുമെന്നുള്ള ഉറപ്പിലാണ് നിയമം നടപ്പിലാക്കിയത്.
1969 ൽ നടപ്പിലാക്കിയ നിയമം 1972 ൽ പ്രാബല്യത്തിലാക്കി. ഭൂമി ഏറ്റെടുത്തെങ്കിലും കർഷകരെ സംരക്ഷിക്കുന്നതിന് പകരം കർഷകരെ കുടിയിറക്കലും വിള നശിപ്പിക്കലുമാണ് പിന്നീട് അരങ്ങേറിയത്.
ഇതിനെതിരെ 1970–71 വർഷങ്ങളിൽ വൻ പ്രക്ഷോഭം അലയടിച്ചു. സമരം ശക്തമായതോടെ, നീലഗിരി കലക്ടറായിരുന്ന അലുവാലിയ സന്ധി സംഭാഷണത്തിനായി സമര സമിതി നേതാക്കളെ ക്ഷണിച്ചു.
അർഹതയുള്ള കർഷകർക്ക് പട്ടയം നൽകുമെന്ന് ഉറപ്പ് നൽകി. അന്ന് കുറച്ച് കർഷകർക്ക് കൂടി പട്ടയം നൽകിയെങ്കിലും അനുകൂല നടപടികൾക്കു തുടർച്ചയുണ്ടായില്ല.
സമരതീക്ഷ്ണമായ കാലം
1972 ൽ കുടിയിറക്കൽ നടപടികൾ വീണ്ടും ആരംഭിച്ചതോടെ കർഷകരുടെ നേതൃത്വത്തിൽ കർഷക സംരക്ഷണ സംഘം എന്ന പേരിൽ സംഘടന രൂപികരിച്ച് സമരം ശക്തമാക്കി.
ഫാ. ജോർജ് പാറയ്ക്കൽ പ്രസിഡന്റും സെക്രട്ടറിയായി ഡോ.
എം.ജെ. ചെറിയാനും കുടിയിറക്കലിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചാണ് സമരം ശക്തമാക്കിയത്.
കർഷകരുടെ ഭൂമിയിൽ വനം വകുപ്പ് നട്ട 80 ലക്ഷം യൂക്കാലി തൈകൾ സമരത്തിന്റെ ഭാഗമായി പ്രവർത്തകർ പറിച്ചു നശിപ്പിച്ചു.
1973 ഫെബ്രുവരി 20 ന് 3,000 പൊലീസുകാരുടെ അകമ്പടിയോടെ കുടിയിറക്കൽ ആരംഭിച്ചു. വീടുകൾ കത്തിക്കുകയും കൃഷികൾ വെട്ടി നിരത്തിയും പൊലീസിന്റെ ഇടിവണ്ടികളിൽ കണ്ണിൽ കണ്ടവരെയെല്ലാം പിടിച്ചിട്ട് മർദിച്ച് അവശരാക്കിയും കുടിയിറക്കൽ തുടർന്നു.
കൃഷിയിടങ്ങളിൽ നിന്നു രക്ഷപ്പെട്ടവർക്കായി വയനാട്ടിലെ ചീരാലിൽ അഭയാർഥി ക്യാംപ് തുറന്നു. കുടിയറക്കൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീരാലിൽ ഫാ.
വടക്കന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. കുടിയിറക്കൽ പ്രശ്നങ്ങളിൽ വിവിധ നേതാക്കൾ ഇടപെട്ടതോടെ പ്രശ്നത്തിന് താൽക്കാലിക വിരാമമായി.
വനമായി മാറ്റുന്നത് ആർക്കുവേണ്ടി?
ജന്മം ഭൂമി സർക്കാർ ഏറ്റെടുത്തതോടെ ഈ ഭൂമിയിലുള്ള 11 വൻകിട
എസ്റ്റേറ്റുകളും 82 ചെറുകിട തോട്ടമുടമകളും കോടതിയെ സമീപിച്ചു.
ഏറ്റെടുക്കൽ നടപടികൾ പൂർണമായും പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞതുമില്ല. ഏറ്റെടുക്കുന്ന ഭൂമി പൂർണമായും വനമാക്കണമെന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് താൽപര്യമുണ്ടായിരുന്നതും വ്യക്തമാണ്.
പല ഘട്ടങ്ങളിലായി ഗൂഡല്ലൂരിൽ നടപ്പിലാക്കിയ വന നിയമങ്ങളും ഇതിന്റെ ഭാഗമായിരുന്നു. മുതുമല കടുവ സങ്കേതത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കിയ ബെൽറ്റ് ഏരിയ, പട്ടയ ഭൂമികൾ തമിഴ്നാട് സ്വകാര്യ വന സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്തിയ നടപടി, ടൂറിസത്തിന് സാധ്യത ഉണ്ടായിട്ടും ഒരു പദ്ധതികൾ പോലും നടപ്പിലാക്കാതെ പോയതും ഇതിന്റെ ഭാഗമാണ്.
കർഷകരെ സംരക്ഷിക്കണമെന്നാണ് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും പറയുന്നത്. ഭൂമിയുടെ അവകാശത്തിനായി ഗൂഡല്ലൂരിൽ നടന്ന സമരത്തിന് കണക്കില്ല.
നിലനിൽപ്പിന് വേണ്ടിയുള്ള സമരം ആരംഭിച്ച തലമുറയിൽ നിന്നു സമരം 4ാം തലമുറയിലേക്ക് മാറി. പരിസ്ഥിതി സംഘടനകളുടെ ശക്തമായ ഇടപെടലുകളും ബ്യൂറോക്രസിയുടെ താൽപര്യവും മാത്രമാണു സംരക്ഷിക്കപ്പെടുന്നതെന്നു നാട്ടുകാർ പറയുന്നു.
ലൂയിസിന്റെ രക്തസാക്ഷിത്വം
1977 ൽ വീണ്ടും കർഷകരെ കുടിയിറക്കാനുള്ള നടപടികൾ ആരംഭിച്ചു.
പട്ടയ ഭൂമികളിലെ വിളകൾ പോലും നശിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടാൽ വെടിവച്ച് കൊല്ലുമെന്നുള്ള ഭീഷണിയും ഉയർത്തി.
1978 ഒക്ടോബർ 7 ന് കുടിയിറക്കലിന് എതിരെ നൂറുകണക്കിന് കർഷകരുമായി ഗൂഡല്ലൂർ ആർഡിഒ ഓഫിസിന് മുൻപിലെത്തിയ മച്ചിക്കൊല്ലിയിലെ ലൂയിസ് ജീവ ത്യാഗം ചെയ്തു. ലൂയിസിന്റെ മരണം വലിയ ചർച്ചയായി മാറി.
അന്ന് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ ഗൂഡല്ലൂരിൽ നേരിട്ടെത്തി.
കുടിയിറക്കൽ താൽക്കാലികമായി അവസാനിപ്പിച്ചു. കുടിയിറക്കൽ നടപടി പൂർണമായും ഇല്ലാതായത് 1981 സെപ്റ്റംബർ 23 ന് ഡോ.
എം.ജെ. ചെറിയാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലൂടെയാണ്.
കുടിയിറക്കൽ നടപടിക്ക് നൽകിയ ഇടക്കാല സ്റ്റേ പിന്നീട് സുപ്രീം കോടതി സ്ഥിരമാക്കി മാറ്റി. കർഷകർക്ക് പട്ടയം നൽകുന്നതിനായി അപേക്ഷ സ്വീകരിക്കാനും 9 മാസത്തിനുള്ളിൽ അപേക്ഷയുടെ മേൽ നടപടി സ്വീകരിക്കാനും സുപ്രീം കോടതി അന്ന് ഉത്തരവിട്ടിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു. ഇത്തരത്തിൽ 9,133 അപേക്ഷകൾ സ്വീകരിച്ചിരുന്നു.
അപേക്ഷകൾ സ്വീകരിച്ചതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല.- തുടരും… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

