തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കെഎസ്ആർടിസിയുടെ ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി. പൊതുസ്ഥലങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോർഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് പെരുമാറ്റച്ചട്ടം.
മൂവായിരത്തിൽപരം ബസുകളിൽ ഒരു മാസത്തേക്കാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി സർക്കാർ പരസ്യം നൽകിയത്. അതിദാരിദ്ര്യ നിർമാർജനം മുതൽ വിവിധ പദ്ധതികളായിരുന്നു വിഷയം.
ബസുകളിലെ പരസ്യം നീക്കാത്തതു സംബന്ധിച്ച് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചു ചേർത്ത യോഗത്തിൽ യുഡിഎഫ് പരാതിപ്പെട്ടിരുന്നു.
പൊതുസ്ഥലങ്ങളിൽ സർക്കാർ പരസ്യബോർഡുകൾ സ്ഥിതി ചെയ്യുന്നത് കെപിസിസി സെക്രട്ടറി എം.കെ.റഹ്മാൻ ഉന്നയിച്ചു. ബസിലെ പരസ്യം നീക്കുകയാണെങ്കിൽ ട്രെയിനുകളിലെ കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളും മാറ്റുമോയെന്ന് സിപിഎമ്മിലെ എ.എ.റഹീം ചോദിച്ചു.
ബസിലെ പരസ്യങ്ങളിൽ ഉള്ളതു വസ്തുതയാണെന്ന് സിപിഐയിലെ ജോർജ് തോമസ് യോഗത്തിൽ പറഞ്ഞു. കെഎസ്ആർടിസി പരസ്യത്തെക്കുറിച്ച് സിഇഒ യോഗത്തിൽ പ്രത്യേകം മറുപടി പറഞ്ഞില്ല.
ഒരു മാസത്തെ കാലാവധി മാർച്ച് 10നു കഴിഞ്ഞതായും പരസ്യം തുടരേണ്ടതില്ലെന്നു കെഎസ്ആർടിസിയെ അറിയിച്ചതായും പിആർഡി വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

