വികസനക്കുതിപ്പിലേക്ക് നീങ്ങുന്ന കാഞ്ഞങ്ങാട് നഗരത്തിൽ അടിയന്തര പരിഹാരം കാണേണ്ട പ്രശ്നങ്ങളുണ്ട്.
രൂക്ഷമായ ഗതാഗതക്കുരുക്കാണ് ആദ്യത്തേത്. വെളിച്ചമില്ലാത്തതും വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും നഗരം നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനം തന്നെ.
നഗരത്തിന്റെ വികസന പ്രശ്നങ്ങളിലേക്ക് ഒരെത്തിനോട്ടം…
കാഞ്ഞങ്ങാട് ∙ വീതിയേറിയ റോഡുള്ള നഗരമാണ് കാഞ്ഞങ്ങാട്. നാലുവരിപ്പാതയും സർവീസ് റോഡും നടപ്പാതയുമുള്ള ആധുനിക സൗകര്യത്തോടു കൂടിയ റോഡ്.
എന്നാൽ ഈ വലുപ്പം റോഡിൽ കാണാനില്ല. രാവിലെയും വൈകിട്ടും നഗരത്തിലുണ്ടാകുന്ന തിരക്കിനു പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മാറിമാറി വരുന്ന ഭരണസമിതികൾ നഗരത്തിൽ ഗതാഗതപരിഷ്കാരം പ്രഖ്യാപിക്കും. എന്നാൽ നടപ്പാക്കാനുള്ള ആർജവം ഭരണാധികാരികൾക്കുണ്ടാകാറില്ല.
ഇത്തവണയും പുതിയ ഭരണസമിതി അധികാരമേറ്റയുടൻ ഗതാഗതപരിഷ്കാരം പ്രഖ്യാപിച്ചു. ഇതിനായി വകുപ്പുകളുടെയും സംഘടനകളുടെയും യോഗം വിളിച്ചു.
നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു തീരുമാനങ്ങളുമെടുത്തു.
കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെടണമെന്നും കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ ആളെ കയറ്റാനും ഇറക്കാനും മാത്രമേ പാടുള്ളൂവെന്നുമുള്ള തീരുമാനം മാത്രം നടപ്പിലാക്കി.
ആദ്യ കുറച്ചു ദിവസം പൊലീസെത്തി തീരുമാനം കടുപ്പിച്ചു. പിന്നീട് കാര്യങ്ങൾ പഴയപടിയായി.
മറ്റു തീരുമാനങ്ങൾ കാഞ്ഞങ്ങാട് – കാസർകോട് സംസ്ഥാനപാതയുടെ നവീകരണശേഷം നടപ്പാക്കാനായി മാറ്റിവച്ചു. ടാറിങ് നീളുന്നതോടെ ഈ തീരുമാനങ്ങളും നീണ്ടു പോകുകയാണ്.
ഇനി പെരുന്നാൾ, ഈസ്റ്റർ, വിഷു തിരക്കുകൾ വരുന്നതോടെ ഗതാഗതത്തിരക്കിൽ നഗരത്തിനു ശ്വാസംമുട്ടും. വലിയ വാഹനങ്ങൾ തിരക്കേറിയ സമയം നഗരത്തിൽക്കൂടി കടന്നു പോകുന്നതിനു നിയന്ത്രണം വേണം, സർവീസ് റോഡിലെ അലക്ഷ്യമായ പാർക്കിങ്ങിനും നിയന്ത്രണം വേണം, പേ പാർക്കിങ് സംവിധാനങ്ങൾ കൂടുതലായി ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ ഗൗരവമായി ഇടപെട്ടെങ്കിലേ ഉത്സവത്തിരക്കിൽ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകൂ.
കുരുക്കിന്റെ കവല
കോട്ടച്ചേരി ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ചാണു ഗതാഗതക്കുരുക്ക്.
ഇവിടെ സിഗ്നൽ സംവിധാനമുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. പ്രവർത്തിപ്പിച്ച നേരത്താകട്ടെ, മുൻപെങ്ങുമില്ലാത്ത ഗതാഗതക്കുരുക്കും.
കേരളത്തിൽ മറ്റെങ്ങും സിഗ്നൽ സംവിധാനത്തിൽ ഈ പ്രതിസന്ധിയില്ല. നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയാണു കാരണമെന്നു പറയുന്നു.
ട്രാഫിക് സർക്കിളിന്റെ വലുപ്പക്കൂടുതലും കാരണമായി ചൂണ്ടിക്കാട്ടുന്നു.
പ്രശ്നങ്ങൾ പരിഹരിച്ചു ട്രാഫിക് സിഗ്നൽ സംവിധാനം നടപ്പിലാക്കുന്നതിനുപകരം ഉപേക്ഷിക്കാനാണ് അധികൃതർക്കു താൽപര്യം. ഇതുമൂലം സർക്കിളിൽ അപകടം പതിവുസംഭവമായി.
ഓരോ ദിവസവും ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. പരുക്കേൽക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
രണ്ടു ഹോം ഗാർഡുമാർ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. തിരക്ക് കൂടിയാൽ മാത്രം പൊലീസ് തിരിഞ്ഞുനോക്കും.
തിരക്ക് നിയന്ത്രിക്കുന്നതിനേക്കാൾ പൊലീസിന് താൽപര്യം വാഹനങ്ങൾക്ക് പിഴ ഇടാനാണ്.
സർക്കിളിനോട് ചേർന്നു ഓട്ടോ സ്റ്റാൻഡ് എന്നതും കാഞ്ഞങ്ങാടിന്റെ മാത്രം പ്രത്യേകതയാണ്. പെരുകുന്ന ഓട്ടോ സ്റ്റാൻഡുകളും നഗരത്തിനു തലവേദനയാണ്.
ഓരോ പുതിയകട ഉദ്ഘാടനം ചെയ്യുമ്പോഴും അവിടെയൊരു പുതിയ സ്റ്റാൻഡും വരും.
സർവീസ് റോഡിനെ വളച്ചുകെട്ടിയാണു സ്റ്റാൻഡ് ഒരുക്കുന്നത്. ഇതു പിന്നീട് ഓട്ടോക്കാരുടെ മാത്രം കേന്ദ്രമാകും.
ഇടറോഡുകൾ വികസിപ്പിക്കണം
കുന്നുമ്മൽ – ശ്രീകൃഷ്ണ മന്ദിരം റോഡ്, വെള്ളായി പാലം- നോർത്ത് കോട്ടച്ചേരി റോഡ് എന്നിവ പ്രയോജനപ്പെടുത്തിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനാകും.
ഇതിൽ കുന്നുമ്മൽ – ശ്രീകൃഷ്ണ മന്ദിരം റോഡ് കോൺക്രീറ്റ് ചെയ്തു മികച്ച നിലയിലാണ്. ഇതുവഴി നഗരത്തിലേക്കു കടക്കേണ്ടാത്ത വാഹനങ്ങളെ തിരിച്ചു വിടാനാകും.
കുന്നുമ്മലിൽനിന്നു പുതിയ കോട്ടയിലേക്കു നഗരത്തിലെ തിരക്കുള്ള മേഖല ഒഴിവാക്കി എത്താനാകും. വെള്ളായി പാലം നോർത്ത് കോട്ടച്ചേരി റോഡ് പകുതിയിലധികം വീതിയേറിയ റോഡാണ്.
നോർത്ത് കോട്ടച്ചേരിയിൽനിന്ന് ഐഷാൽ ആശുപത്രിക്കു സമീപത്തു വരെയാണു റോഡിനു വീതിക്കുറവ്.
റോഡിനായി റീസർവേയിൽ അഞ്ചര മീറ്റർ വരെ സ്ഥലം വിട്ടിട്ടുണ്ട്. ഈ സ്ഥലം കൂടി ഉൾപ്പെടുത്തി റോഡ് വികസനം സാധ്യമാക്കിയാൽ കാസർകോട്ട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു നഗരത്തിൽ പ്രവേശിക്കാതെ മാവുങ്കാൽ ഭാഗത്തേക്കു പോകാൻ കഴിയും.
ഇരുട്ടിലാകുന്ന നഗരം
ഒന്നര വർഷം മുൻപു പ്രഖ്യാപിച്ച നഗര സൗന്ദര്യവൽക്കരണവും തെരുവുവിളക്കു സ്ഥാപിക്കലും അനന്തമായി നീളുന്നു.
വെളിച്ചത്തിനായി തൂണു സ്ഥാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചം വന്നില്ല. ഡിവൈഡറിൽ വൈദ്യുത കേബിൾ സ്ഥാപിക്കാൻ ആഴ്ചകളോളം റോഡിൽ കിടന്നു.
ഇപ്പോഴാണു കേബിൾ സ്ഥാപിച്ചു തുടങ്ങിയത്. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തൂണു സ്ഥാപിച്ചതു വിവാദങ്ങൾക്കുശേഷമാണ്.
മാസങ്ങളോളം നോക്കുകുത്തിയായിനിന്ന തൂൺ പിന്നീടു മാറ്റി സ്ഥാപിക്കുകയായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണു സൗന്ദര്യവൽക്കരണം ഏറ്റെടുത്തത്.
കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളർ ലൈറ്റുകൾ കേടായതോടെ പുതിയവ സ്ഥാപിക്കാൻ നഗരസഭ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല.
പിന്നീട് ഡിടിപിസിയെ ഏൽപിക്കുകയായിരുന്നു. നഗരത്തിൽ തെരുവുവിളക്കുകൾ ഇല്ലാത്തതിനെത്തുടർന്നു റോഡിന്റെ ഇരുഭാഗത്തെയും സർവീസ് റോഡിലെ ഡിവൈഡറിൽ നഗരസഭ തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു.
ഈ വെളിച്ചം മാത്രമാണു നഗരത്തിലെ ഇപ്പോഴുള്ളത്. അതുതന്നെ പലയിടത്തും കേടായ നിലയിലാണ്.
2 ഹൈമാസ്റ്റ് ലൈറ്റുകൾ ഉണ്ടെങ്കിലും ഇതും സ്ഥിരമായി കത്താറില്ല. പുതിയ ഭരണസമിതി അധികാരമേറ്റപ്പോൾ ജനുവരി ഒന്നിനു തന്നെ നഗരത്തിൽ വെളിച്ച വിപ്ലവം കൊണ്ടുവരുമെന്നു പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചമെത്തിയില്ല.
മേൽനടപ്പാലമെന്ന നീളുന്ന സ്വപ്നം
നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന പദ്ധതിയാണു കോട്ടച്ചേരി ബസ് സ്റ്റാൻഡിനു മുൻപിലെ മേൽനടപ്പാലം.
ഇത്തവണ ബജറ്റിൽ 2 കോടി അനുവദിച്ചിട്ടുണ്ട്. നേരത്തെ അടിപ്പാതയ്ക്കും ബജറ്റിൽ തുക അനുവദിച്ചെങ്കിലും നടന്നില്ല.
ഇത്തവണ നടപ്പാക്കുമെന്നാണു പ്രതീക്ഷ. കാൽനടയാത്രക്കാർ തുടർച്ചയായി റോഡ് കുറുകെ കടക്കുന്നതാണു ഗതാഗതക്കുരുക്കിനു കാരണം.
രാവിലെയും വൈകിട്ടും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇവിടെയും ഹോംഗാർഡുമാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
നേരത്തെ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ മേൽനടപ്പാലത്തിന് നഗരസഭ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡ് കുറുകെകടക്കുന്നതിനിടെ കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നതും പതിവുകാഴ്ചയാണ്.
നഗരത്തിലെ സീബ്രാലൈനുകൾ പൂർണമായി മാഞ്ഞ നിലയിലാണ്. റോഡ് നവീകരണം കഴിഞ്ഞശേഷം ലൈനുകൾ സ്ഥാപിക്കാമെന്ന മട്ടിലാണ് അധികൃതർ.
അപകടഭീഷണിയിൽ കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടം
കാലപ്പഴക്കത്താൽ അപകടഭീഷണി നേരിടുകയാണു കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടം.
കെട്ടിടത്തിലെ കോൺക്രീറ്റ് ഇളകി വീഴുന്നതു പതിവുസംഭവമാണ്. ഈയിടെ കൂറ്റൻ കോൺക്രീറ്റ് കഷ്ണം പൊട്ടിവീണെങ്കിലും റൂഫിങ് സീറ്റിനു മുകളിൽ വീണതിനാൽ വലിയ അപകടമൊഴിവായി.
അമ്മയും മകളും ബസ് കാത്തുനിൽക്കുന്നതിനിടെ കോൺക്രീറ്റ് പാളി താഴേയ്ക്കുവീണ് തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ട സംഭവവുമുണ്ടായി.
കോൺക്രീറ്റ് പാളികൾ തലയിൽവീണു പരുക്കേറ്റവരും ഏറെ.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാൻ എൽബിഎസ് എൻജിനീയറിങ് കോളജിൽനിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. കെട്ടിടം പുതുക്കി പണിയുകയല്ലാതെ മാർഗമില്ലെന്നും കണ്ടെത്തി.
പുതിയ ഭരണസമിതി കെട്ടിടത്തിന്റെ ബലപരിശോധനയ്ക്കു കോഴിക്കോട് എൻഐടി സംഘത്തെ നിയോഗിച്ചു. സംഘം കെട്ടിടപരിശോധന നടത്തി.
പ്രാഥമിക പരിശോധനയിൽ സംഘം കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി. വിശദപഠനത്തിനു ശേഷമേ പൂർണ റിപ്പോർട്ട് സമർപ്പിക്കൂ.
കഴിഞ്ഞ വി.വി.രമേശൻ ഭരണസമിതി കെട്ടിടം പൊളിച്ചുമാറ്റി പാർക്കിങ് പ്ലാസ നിർമിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പദ്ധതി നടപ്പിക്കാനായില്ല. നിലവിൽ ബസ് കയറുന്ന ഭാഗത്തെ കൂറ്റൻ കോൺക്രീറ്റ് പാണി പൊട്ടിവീഴാൻ നിൽക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

