ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ യുദ്ധവും ഹോർമുസിലെ തടസ്സവും ഇന്ത്യയിലെ അടുക്കളകൾക്ക് എൽപിജി ഷോക്ക് ആയതിനു പിന്നാലെ ഇനി ഇരട്ടയാഘാതമായി പഞ്ചസാരയ്ക്കും ക്ഷാമം വരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ വഴിമുട്ടിയത് എണ്ണയ്ക്ക് മാത്രമല്ല, ചില സുപ്രധാന മൂലകങ്ങൾക്കുമാണ്.
ഇതാണ് പഞ്ചസാരയ്ക്കും ‘കെണി’യാകുന്നത്. ‘ആസിഡുകളുടെ രാജാവ്’ എന്നറിയപ്പെടുന്ന സൾഫ്യൂരിക് ആസിഡാണ് ഇതിൽ പ്രധാനം. വളം, കെമിക്കൽസ്, ടെക്സ്റ്റൈൽസ്, മെറ്റൽ പ്രോസസിങ് തുടങ്ങി വിവിധ മേഖലകളിൽ പ്രതിസന്ധി പടരുമെന്ന സൂചന ഇതു നൽകുന്നു.
യുദ്ധം നീളുന്നത് ഇന്ത്യയിൽ വളത്തിന്റെ ക്ഷാമത്തിന് ഇടയാക്കുമെന്ന് വ്യവസായ ലോകം പരാതിപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി.
രാജ്യത്ത് ഉടൻ ആരംഭിക്കാനിരിക്കുന്ന കാർഷിക സീസണിന് മുന്നോടിയായി പ്രതിസന്ധി രൂക്ഷമാകാൻ ഇടയുണ്ട്. വളം നിർമാണത്തിന് ആവശ്യമായ സൾഫ്യൂരിക്ക് ആസിഡിന്റെ ലഭ്യത കുറവാണ് പ്രധാന തിരിച്ചടി.
ഫോസ്ഫോറ്റ് റോക്കിനെ ഫോസ്ഫോറിക് ആസിഡായി മാറ്റുന്നതിനാണ് സൾഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നത്.
പക്ഷേ സൾഫ്യൂരിക്ക് ആസിഡ് നിർമിക്കാൻ സൾഫർ എന്ന മൂലകം വേണം.
ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന ഉപ ഉൽപന്നങ്ങളിലൊന്നാണ് സൾഫർ. ലോകത്തിലെ ഏറ്റവും കൂടുതൽ സൾഫർ ഉൽപാദിപ്പിക്കുന്നത് യുഎസ് ആണെങ്കിലും ഇതിൽ 90 ശതമാനവും തദ്ദേശീമായി തന്നെ ഉപയോഗിക്കുകയാണ്.
മാത്രവുമല്ല ഉയർന്ന വിലയും ഗതാഗത ചെലവും കണക്കിലെടുത്ത് ഇന്ത്യൻ കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് സൾഫർ വാങ്ങിയിരുന്നത്.
രാജ്യാന്തര സമുദ്ര വ്യാപാരത്തിലെ 50 ശതമാനം സൾഫറും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. പ്രതിവര്‍ഷം ഇന്ത്യ 420 മില്യൻ ഡോളറിന്റെ സൾഫർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തെന്നാണ് കണക്കുകൾ പറയുന്നത്.
ആകെ സൾഫർ ഇറക്കുമതിയുടെ 65 ശതമാനമാണിത്. കൂടുതലും യുഎഇയിൽ നിന്നാണ്.
ഖത്തർ, ഒമാൻ, കുവൈത്ത്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യ സൾഫർ വാങ്ങിയെന്നും കണക്കുകൾ പറയുന്നു. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ സൾഫർ വരവും മുടങ്ങി.
പശ്ചിമേഷ്യൻ രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിക്കുറച്ചത് സൾഫറിന്റെ ലഭ്യതയിലും കുറവുണ്ടാക്കിയിട്ടുണ്ട്.
അന്നം മുടങ്ങും
രാജ്യത്തെ കൃഷിഭൂമികളിൽ മികച്ച വിള ലഭിക്കാൻ സൾഫർ അടങ്ങിയ വളം അത്യാവശ്യമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇവയുടെ ലഭ്യത ഏറെ നാൾ മുടങ്ങുന്നത് കാർഷിക ഉൽപാദനം കുറയാനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കിയേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നാല്‍ രാജ്യത്ത് ആവശ്യത്തിനുള്ള വളം മുൻകൂട്ടി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.
പഞ്ചസാരയിലും പ്രതിസന്ധി
രാജ്യത്തെ പഞ്ചസാര മില്ലുകൾ പഞ്ചസാര ശുദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങളിലൊന്നു കൂടിയാണ് സൾഫ്യൂരിക് ആഡിസ്. കരിമ്പ് ജ്യൂസില്‍ നിന്ന് പഞ്ചസാര വേർതിരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.
പ്രതിവര്‍ഷം 1.05 ലക്ഷം ടൺ സൾഫ്യൂരിക് ആസിഡ് ഇതിനു വേണ്ടിവരും. ഒരു സാധാരണ പഞ്ചസാര മില്ലിന് സുഗമമായി പ്രവർത്തിക്കാൻ 250 ടൺ സൾഫ്യൂരിക് ആസിഡെങ്കിലും വേണം.
നിലവിലെ അവസ്ഥയിൽ 15–20 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് ഇവരുടെ പക്കലുള്ളത്. ഇതിനിടയിൽ വില വർധിച്ചതും മിൽ ഉടമകൾക്ക് തിരിച്ചടിയാണ്.
ടണ്ണിന് 15,000 രൂപയായിരുന്ന സൾഫ്യൂരിക് ആസിഡിന് 60,000 രൂപ വരെയാണ് വില കൂടിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

