പാലക്കാട് ∙ മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനത്തിന് പോയി, യുദ്ധം കാരണം 10 ദിവസം നിൽക്കേണ്ടി വന്ന സംഭവങ്ങൾ വിവരിക്കുകയാണു ധോണി ലീഡ് കോളജ് ചെയർമാൻ ഡോ. കെ.തോമസ് ജോർജ് (തൊമ്മൻ).
പതിനൊന്നാം ദിവസം ചാർട്ടർ ചെയ്ത വിമാനത്തിലാണു നാട്ടിലെത്തിയത്. ധോണി ലീഡ് കോളജിലെ പൂർവ വിദ്യാർഥികൾ ഒരുക്കിയ ഇഫ്താർ സംഗമത്തിനായാണ് ഫെബ്രുവരി 27ന് തൊമ്മൻ ഖത്തറിലെത്തിയത്.
28ന് സൗദിയിലും, മാർച്ച് ഒന്നിന് ദുബായിലുമുള്ള പരിപാടി കഴിഞ്ഞു മൂന്നാം ദിവസം നാട്ടിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. 27ന് ഖത്തറിലെ പരിപാടി കഴിഞ്ഞ് 28നു സൗദിയിലെ റിയാദിലേക്ക് പോകാനായി എയർപോർട്ടിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണു ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിലെ എയർപോർട്ട് അടച്ചുവെന്നും എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്നുമുള്ള സന്ദേശം വരുന്നത്.
ഇറാനിലേക്ക് ഇസ്രയേൽ–യുഎസ് സേനയുടെ ആക്രമണം നടക്കുകയും, ഇതിനു തിരിച്ചടിയായി ഖത്തർ, സൗദി, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ഇറാന്റെ മിസൈലാക്രമണം നടന്നതുമാണ് പ്രശ്നങ്ങൾക്കു കാരണമായത്.
യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ഫോണിലേക്ക് തുടരെ അടിയന്തര സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. യുദ്ധം തുടങ്ങിയ ആദ്യ ദിവസങ്ങളിൽ എല്ലാവരും പേടിച്ചിരുന്നു.
കടകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം വലിയ തിരക്കായി. യുദ്ധം കനത്താൽ സാധനങ്ങളൊന്നും കിട്ടില്ലെന്ന ആശങ്കയായിരുന്നു കാരണം.
എന്നാൽ ഉടൻ തന്നെ ഖത്തർ ഭരണകൂടത്തിന്റെ അറിയിപ്പ് വന്നു.
മാളുകളുൾപ്പെടെയുള്ളവ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്.
റൂമിൽ നിൽക്കുമ്പോൾ രാത്രി ആകാശത്ത് പുക കാണാം. പടക്കം പൊട്ടുന്ന തരത്തിലുള്ള വൻ ശബ്ദവും കേൾക്കാം.
ഇതൊഴിച്ചാൽ മറ്റെല്ലാം ശാന്തമായിരുന്നു. സ്കൂളുകളിലെല്ലാം ക്ലാസുകൾ ഓൺലൈനാക്കി.
ഏതാനും കമ്പനികൾ വർക്ക് ഫ്രം ഹോം ആയി. എങ്കിലും കട
കമ്പോളങ്ങളും റോഡുകളുമെല്ലാം വളരെ സാധാരണ നിലയിൽ തന്നെയായിരുന്നു. നാട്ടിൽ നിന്ന് ആശങ്കയോടെയുള്ള വിളി മാത്രമായിരുന്നു പലരുടെയും സങ്കടം.
ചാർട്ടർ ഫ്ലൈറ്റിനും കാത്തിരിപ്പ്
28നു സൗദിയിലും, മാർച്ച് ഒന്നിനു ദുബായിലും വച്ചിരുന്ന പരിപാടികൾ റദ്ദാക്കി.
എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നായി ചിന്ത. എന്നാൽ തിരിച്ചു വരാൻ വിമാനമില്ല.
അങ്ങനെയാണ് സ്വകാര്യ ട്രാവൽസിന്റെ റിയാദ്–കൊച്ചി പാക്കേജ് എടുത്ത് പോരാൻ തീരുമാനിച്ചത്. ഖത്തറിൽ നിന്ന് അഞ്ചിനു രാവിലെ മൂന്നു ബസുകളിലായി 150 പേരടങ്ങുന്ന സംഘം ഒരു മണിക്കൂർ യാത്ര ചെയ്തു സൗദി അതിർത്തിയിലെത്തി.
അവിടെ നിന്നു വീസയെടുത്തു റിയാദിലെ വിമാനത്താവളത്തിലെത്തുകയും ചെയ്തു.
എന്നാൽ വിമാനത്തിന്റെ സമയം തുടരെ മാറുന്നുണ്ടായിരുന്നു. ഒടുവിൽ ഒൻപതിനാണു കരിപ്പൂരിലേക്കു പറക്കാനായത്.
മൂന്നു ദിവസം എയർപോർട്ടും ഹോട്ടലും മാത്രമായിരുന്നു കൺമുന്നിലുണ്ടായിരുന്നത്. അവസാന ദിവസം രാവിലെ 8 മുതൽ രാത്രി പതിനൊന്നര വരെ എയർപോർട്ടിൽ നിൽക്കേണ്ടി വന്നതും തൊമ്മൻ ഓർത്തെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

