പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാൻ ഇറാനുമായി തൽക്കാലം ചർച്ചയില്ലെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സൈന്യത്തെയും ഇപ്പോഴുള്ള ഭരണ നേതൃത്വത്തെയും പൂർണമായും തകർത്തതിനു ശേഷമായിരിക്കും യുദ്ധത്തിന് അവസാനമെന്നും അദ്ദേഹം പറഞ്ഞു.
കീഴടങ്ങാൻ പോലും ആളില്ലാത്ത വിധത്തിലായിരിക്കും ഇനിയുള്ള സൈനിക നടപടി. ഇറാനിൽ കരയുദ്ധം തുടങ്ങാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് സൂചന നൽകി.
അങ്ങനെയെങ്കിൽ യുദ്ധം ഇനിയും തുടരാനാണ് സാധ്യത. അത് രാജ്യാന്തര തലത്തിൽ വിപണികളെ സാരമായി ബാധിക്കും.
അതേസമയം, അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പറഞ്ഞെങ്കിലും പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മേൽ ഇറാൻ മിസൈൽ, ഡ്രോൺ പ്രയോഗം തുടരുകയാണ്.
ഇറാൻ കീഴടങ്ങുമെന്നത് ട്രംപിന്റെ സ്വപ്നമാണെന്നും ഇന്നലെ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന പ്രസിഡന്റിന്റെ നിലപാടിനോട് ഇറാൻ സൈന്യത്തിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അയൽരാജ്യങ്ങളെയല്ല ഇവിടെയുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
പ്രസിഡന്റിന്റെ നിലപാടിനെതിരെ ഇറാനിലെ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. പെസഷ്കിയാന്റെ നിലപാട് യുഎസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മതപണ്ഡിതനായ ഹമീദ് റാസ പറഞ്ഞു.
ഇറാനിൽ ഇടക്കാല ഭരണം നടത്തുന്ന മൂന്നംഗ കൗൺസിലിനും യുദ്ധം തുടരണമെന്ന നിലപാടാണ്. അമേരിക്കൻ ബേസുകളിൽ ആക്രമണം തുടരുമെന്ന് കൗൺസിൽ അംഗവും നീതിന്യായ വിഭാഗം തലവനുമായ മൊഹസിനി ഇജേയ് പറഞ്ഞു.
മേഖലയിലെ പല കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി ഇറാൻ സൈന്യവും പറയുന്നു.
ചാഞ്ചാട്ടം തുടരാൻ വിപണി
കഴിഞ്ഞ ആഴ്ചകളിൽ കനത്ത നഷ്ടത്തിലായിരുന്ന വിപണി വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരും. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ തന്നെയാകും വിപണിയെ കൂടുതലും ബാധിക്കുക.
ക്രൂഡ് ഓയില്‍ വിലയിലെ മാറ്റമാകും നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം. വിലയിലുണ്ടാകുന്ന ചെറിയ വർധന പോലും സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും.
ഹോർമുസ് കടലിടുക്ക് അടച്ചത് രാജ്യാന്തര തലത്തിൽ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മേഖലയിൽ എന്തു പ്രതിഫലനമുണ്ടാക്കുമെന്നും നിക്ഷേപകർക്ക് ആശങ്കയുണ്ട്.
യുദ്ധം കൂടുതൽ കാലം തുടർന്നാൽ രാജ്യാന്തര തലത്തിൽ പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ചാ മുരടിപ്പിനും വഴി വെക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ചയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1.37 ശതമാനവും നിഫ്റ്റി 1.27 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ബാങ്ക് 2.15 ശതമാനമാണ് നഷ്ടത്തിലായത്. ബാങ്കിംങ് ഓട്ടോ ഓഹരികളിൽ കനത്ത വിൽപന സമ്മർദമാണ് അരങ്ങേറിയത്.
ഐടി സൂചിക മാത്രമാണ് കൂട്ടത്തിൽ പച്ച തെളിഞ്ഞത്. അതും 0.04 ശതമാനത്തിന്റെ നേരിയ നേട്ടം.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതും വിപണിക്ക് ഭീഷണിയാണ്. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 6,030 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി.
പ്രാദേശിക നിക്ഷേപകർ 6,972 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി. ഇക്കൊല്ലം മാത്രം വിദേശനിക്ഷേപകർ 60,000 കോടി രൂപയുടെ അറ്റ വിൽപനയാണ് നടത്തിയതെന്നും കണക്ക് പറയുന്നു.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ വിദേശ നിക്ഷേപകരുടെ തിരിച്ചു വരവിനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധർ പറയുന്നത്. മാർച്ച് 12ന് പുറത്തു വരുന്ന പണപ്പെരുപ്പ കണക്കുകളും ഇന്ത്യൻ വിപണിക്ക് നിർണായകമാകും.
യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളും ഏതാണ്ട് സമാനമായ നഷ്ടത്തിലാണ് കഴിഞ്ഞ ആഴ്ചയിലെ കച്ചവടം അവസാനിപ്പിച്ചത്.
തൊഴിൽ കണക്കുകൾ മോശമായതിനൊപ്പം ക്രൂഡ് ഓയിൽവില കൂടിയതും യുഎസ് വിപണിക്ക് കനത്ത തിരിച്ചടിയാണ്. വരും ദിവസങ്ങളിലും വിപണി ചാഞ്ചാട്ടത്തിൽ തുടരാനാണ് സാധ്യത.
തീപിടിച്ച് ക്രൂഡ്
ഹോർമുസിൽ ഇറാന്റെ പൂട്ടു വീണതോടെ രാജ്യാന്തര എണ്ണ വിപണിയില്‍ ക്രൂഡ് ഓയിൽ വില റോക്കറ്റു പോലെയാണ് കുതിച്ചത്.
കുറച്ചു ദിവസങ്ങൾക്കിടെ മാത്രം 30 ശതമാനം വില വര്‍ധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് അടുത്തെത്തി.
യുഎഇയുടെ മർബൻ ക്രൂഡ് 103 ഡോളറിലെത്തി. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതും സ്ഥിതി വഷളാക്കി.
ഇരുവിഭാഗവും യുദ്ധം നിർത്താൻ മുന്നോട്ടു വരാത്തതോടെ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കു കപ്പലുകൾക്ക് സംരക്ഷണം നൽകാമെന്ന് യുഎസ് സൈന്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതു പ്രായോഗികമല്ലെന്നാണ് കമ്പനികളുടെ നിലപാട്.
ക്രൂഡ് ഓയിൽ വില വർധിക്കുന്നത് കമ്പനികളുടെ പ്രവർത്തന ചെലവ് വർധിപ്പിക്കും.
ഇത് സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കും. എന്നാൽ ഈ സാഹചര്യത്തിൽ ചെലവിടൽ കുറയ്ക്കാനാകും ആളുകളുടെ മനോഭാവം.
പിന്നാലെ ജീവിത ചെലവുകള്‍ ഉയരുകയും നിത്യോപയോഗ സാധനങ്ങൾക്ക് പോലും വില കൂടുകയും ചെയ്യും. ഇത് പണപ്പെരുപ്പത്തിനും സാമ്പത്തിക മേഖലയിലെ മുരടിപ്പിനും കാരണമാകുമെന്നുമാണ് നിക്ഷേപകരുടെ ആശങ്ക.
വെള്ളിയാഴ്ച സ്വർണം, വെള്ളി വിലയും വർധിച്ചിരുന്നു.
വിപണി പ്രതീക്ഷിച്ചതിനേക്കാൾ മോശമായ യുഎസ് തൊഴിൽ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത് ഇക്കൊല്ലം അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷ വർധിച്ചു.
പിന്നാലെ സ്വർണത്തിലുള്ള ഡിമാൻഡ് വർധിച്ചു. ഡോളർ സൂചികയില്‍ വന്ന കുറവും സ്വർണവില കയറാൻ സഹായിച്ചു.
കേരളത്തിൽ ഇന്നലെ പവന് 1,840 രൂപ കൂടിയിരുന്നു. നാളെ വിപണി തുറക്കുമ്പോൾ വില ഇനിയും കയറാൻ സാധ്യതയുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

