പുൽപള്ളി ∙ ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിന് ഒരുതുമ്പും ലഭിച്ചിട്ടില്ല.
6 ചാക്കുകളിലായി സൂക്ഷിച്ച 3 ക്വിന്റലോളം കുരുമുളകാണ് നഷ്ടമായത്. വീടിനടുത്തുള്ള കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപപ്രദേശത്തുകൂടി അർധരാത്രി ഒരു കാർ ഒന്നിലധികം തവണ കടന്നുപോയതായി അറിയാൻ കഴിഞ്ഞു. എന്നാൽ വാഹനനമ്പർ കണ്ടെത്താനായില്ല.
നാട്ടിലെ കർഷകരെ ആശങ്കപ്പെടുത്തിയ കവർച്ചയിലെ കണ്ണികളെ കണ്ടെത്തണമെന്നും പ്രദേശത്ത് ശക്തമായ ലഹരി വിൽപന തടയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ആലത്തൂർ, പള്ളിത്താഴെ, ശശിമല പ്രദേശങ്ങളിൽ ലഹരി വിൽപനയും അതുമായി ബന്ധപ്പെട്ടവരും തമ്പടിക്കുന്നു. ഇത്തരക്കാരുമായി ബന്ധപ്പെട്ടവർക്ക് മോഷണത്തിൽ പങ്കുണ്ടാവുമെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രദേശത്തെ 12 കർഷകരുടെ മോട്ടറുകൾ, ചെമ്പുപാത്രങ്ങൾ, റബർഷീറ്റ്, ഒട്ടുപാൽ, കാർഷികോൽപന്നങ്ങൾ എന്നിവ മോഷണം പോയിരുന്നു.
നിരവധി പരാതികൾ പൊലീസിൽ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. നാടിന്റെ സമാധാനാന്തരീക്ഷവും സുരക്ഷിതബോധവും തകർക്കുന്ന സാമൂഹികവിരുദ്ധരെ കണ്ടെത്താൻ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശശിമല പള്ളിയിൽ ഒപ്പുശേഖരണവും പ്രതിഷേധവും നടത്തി.
നാട്ടുകാരുടെ ഭീമഹർജി കലക്ടർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നൽകി. പ്രതികളെ പിടിക്കാൻ വൈകിയാൽ ബഹുജന സമരം നടത്താനും തീരുമാനിച്ചു.
ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത്, ബ്രിജേഷ് കെ.തോമസ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

