ആലപ്പുഴ ∙ വാഹന ഉടമകളിൽ നിന്നു പാർക്കിങ് ഫീസ് ഈടാക്കുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ബീച്ചിൽ വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ ഒരുക്കിയ സ്ഥലത്ത് കുഴിയും ചെളിയും വെള്ളവും. ഈ മാർച്ചിൽ അവസാനിക്കുന്ന 3 വർഷത്തെ കരാർ പ്രകാരം 19 ലക്ഷത്തിലേറെ രൂപ ഡിടിപിസിക്ക് നിക്ഷേപ തുകയായി ലഭിച്ചെങ്കിലും വൃത്തിയും അപകടരഹിതവുമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ബീച്ചിലെയും പരിസരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം കൂടി ശേഖരിക്കണം എന്ന വ്യവസ്ഥയിലാണ് പാർക്കിങ് കരാർ നൽകിയിട്ടുള്ളത്. അതിനാൽ വരുമാനത്തിൽ നിന്നു ശുചീകരണ പ്രവൃത്തികൾക്കു ഒരു രൂപ പോലും ഡിടിപിസിക്ക് ചെലവില്ല.
കൂടാതെ കരാർ എടുത്ത കമ്പനി ദിവസവും 4800 രൂപ ഡിടിപിസിക്ക് നൽകിക്കൊണ്ടിരിക്കുകയാണ്.
അയ്യപ്പൻ പൊഴി മുതൽ വിജയ് പാർക്ക് വരെയുള്ള റോഡ്, റെസ്റ്റ് ഹൗസ്, എസ്ബിഐ, റിക്രിയേഷൻ മൈതാനം, വനിതാ ശിശു ആശുപത്രി, ഫോമാറ്റിങ്സ് എന്നീ റോഡുകളിലും പാർക്കിങ് ഫീസ് ഈടാക്കാൻ കരാർ വ്യവസ്ഥ പ്രകാരം കമ്പനിക്ക് അധികാരമുണ്ട്.
മഴക്കാലം ഒഴികെ മറ്റെല്ലാ ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് വരുന്നത്. അവരിൽ നിന്നെല്ലാം ഡിടിപിസി അനുവദിച്ച പ്രകാരം കാറിനു 25 രൂപ, ബസിനു 84, ട്രാവലറിനു 60 എന്നിങ്ങനെയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്.
ദേശീയപാത അതോറിറ്റി ബൈപാസിന്റെയും, ടൂറിസം വകുപ്പ് ബീച്ചിൽ സ്വദേശ് ദർശൻ പദ്ധതിയുടെ നിർമാണങ്ങൾക്കു വേണ്ടി സാധന സാമഗ്രികൾ ഇറക്കിയിട്ടിരിക്കുന്നതിനാൽ വാഹന ഉടമകളെ സഹായിക്കാനുള്ള പാർക്കിങ്ങിന്റെ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ കഴിയുന്നില്ലെന്നു കരാർ കമ്പനി അധികൃതർ പറഞ്ഞു.
അതേസമയം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പരമാവധി സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെന്നു ഡിടിപിസി സെക്രട്ടറി പറഞ്ഞു. ബൈപാസ് നിർമാണം പൂർത്തിയായി അവർ പിൻവാങ്ങിയ ശേഷം പാർക്കിങ് സ്ഥലത്തെ പൊടി, ചെളി, വെള്ളം, കുഴി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

