പാലക്കാട് ∙ പ്ലാന്റ് നിർമാണത്തിനു കരാറുകാരെ കിട്ടാനില്ലാത്തതിനാൽ കേരള സർക്കാരിന്റെ സ്വന്തം ബ്രാൻഡ് അരി വിപണിയിലെത്താൻ കാത്തിരിപ്പു നീളും. പദ്ധതിക്കായി രൂപീകരിച്ച കേരള റൈസ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ പാലക്കാട്ടെ കഞ്ചിക്കോട്ടും ആലപ്പുഴയിലെ ചെങ്ങന്നൂരും സ്ഥാപിക്കാനിരുന്ന റൈസ് ടെക്നോളജി പാർക്കുകൾ വൈകുകയാണ്.
സ്വകാര്യ മില്ലുകാരുടെ സഹായത്തോടെയുള്ള നെല്ലു സംഭരണം പ്രതിസന്ധി നേരിടുമ്പോഴാണു സർക്കാരിന്റെ സ്വന്തം പദ്ധതി എങ്ങുമെത്താതെ പോകുന്നത്. പാലക്കാട്ടെയും കുട്ടനാട്ടിലെയും കർഷകരിൽ നിന്നു നെല്ലു സംഭരിച്ച് അരിയും മൂല്യവർധിത ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാക്കാനാണു സർക്കാർ റൈസ് കമ്പനി ലിമിറ്റഡ് രൂപീകരിച്ചത്. കേരളത്തിന്റെ ബ്രാൻഡിനു വിദേശങ്ങളിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. തവിടെണ്ണയുടെയും ഉമിക്കരിയുടെയും കയറ്റുമതി ഉൾപ്പെടെ വിഭാവനം ചെയ്തിരുന്നു. ആധുനിക മില്ലുകൾ, ഗുണനിലവാര പരിശോധന, ലബോറട്ടറി, സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയവയാണു റൈസ് പാർക്കുകളിൽ ഉണ്ടാകുക.
കഞ്ചിക്കോട്ടെ കിൻഫ്ര പാർക്കിൽ 5 ഏക്കർ ഭൂമിയിൽ നാൽപതോളം കോടി രൂപയുടെ പദ്ധതിയായാണ് 2019ൽ നിർമാണം ആരംഭിച്ചത്. കെട്ടിട നിർമാണം ഏതാണ്ടു പൂർത്തിയാക്കി. എന്നാൽ, പ്ലാന്റ്, സംഭരണപ്പുര എന്നിവയ്ക്കും മറ്റ് ഫാക്ടറി സൗകര്യങ്ങൾക്കുമായി 5 തവണ ടെൻഡർ വിളിച്ചെങ്കിലും നിർമാണത്തിന് യോഗ്യതയുള്ള കരാറുകാരെ കിട്ടിയില്ല. കമ്പനികളെ കിട്ടാത്തതും പങ്കെടുക്കുന്ന കമ്പനികൾക്കു സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുമാണു പ്രശ്നം. വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ ചെങ്ങന്നൂരിലെ പ്രഭുറാം മിൽസ് വളപ്പിൽ റൈസ് ടെക്നോളജി പാർക്കിന് 66.05 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ഇവിടെ കെട്ടിടനിർമാണം പുരോഗമിക്കുകയാണെങ്കിലും ടെൻഡർ നടപടികളിലേക്കു കടന്നാൽ പാലക്കാട് അവസ്ഥ തന്നെയാകുമെന്ന് ആശങ്കയുണ്ട്. പാലക്കാടും ആലപ്പുഴയിലുമായി പ്രതിദിനം 160 മെട്രിക് ടൺ അരി സംസ്കരിക്കാനാകും എന്നാണു വ്യവസായ വകുപ്പ് കരുതിയിരുന്നത്. സർക്കാർ തന്നെ സംഭരണവും സംസ്കരണവും നടത്തിയാൽ കർഷകർക്കു മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ സാധിക്കുമായിരുന്നു.
English Summary: ‘Kerala Rice’ will be delayed
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]