തിരുവനന്തപുരം ∙ കേരളത്തിൽ നെല്ലുസംഭരണം ആകെ സഹകരണ മേഖലയെ ഏൽപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി, പൈലറ്റ് പദ്ധതിയായി ആരംഭിച്ച പാലക്കാട് ജില്ലയിൽ തന്നെ അതു പരാജയപ്പെട്ടു. എന്നാൽ, ഇതു നടപ്പാക്കാനുള്ള പ്രവർത്തനശേഷിയോ സാങ്കേതികജ്ഞാനമോ സഹകരണ സംഘങ്ങൾക്ക് ഇല്ലെന്നു ബോധ്യപ്പെട്ടതോടെ സർക്കാർ ‘യു ടേൺ’ എടുത്തു സംഭരണം സപ്ലൈകോയെ തിരിച്ചേൽപിച്ചു.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ സംഭരണം ഏൽപിക്കാനും ഇവർ മില്ലുകളിൽ എത്തിച്ച് സംസ്കരിക്കുന്ന അരി സപ്ലൈകോ ഏറ്റെടുത്ത് റേഷൻ കടകളിലേക്കു നൽകാനുമായിരുന്നു നീക്കം. കർഷകർക്കു പണം പ്രാഥമിക സഹകരണ സംഘങ്ങൾ നൽകുമെന്നും പിന്നീട് കേന്ദ്ര– സംസ്ഥാന സർക്കാരുകളിൽ നിന്ന് നെല്ലിന്റെ താങ്ങുവിലയും സംസ്ഥാന പ്രോത്സാഹന ബോണസ് തുകയും മറ്റു ചെലവുകൾക്കുള്ള പണവും ലഭിക്കുമ്പോൾ, സപ്ലൈകോ ഈ പണം സഹകരണ സംഘങ്ങൾക്കു തിരിച്ചു നൽകാനുമായിരുന്നു തീരുമാനം.
ഈ മാസം 19നു പാലക്കാട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിയെന്ന നിലയിൽ എം.ബി.രാജേഷ് തിരുവനന്തപുരത്തു വിളിച്ചു ചേർത്ത സെക്രട്ടറിതല യോഗമാണ് പാലക്കാട് ജില്ലയിലെ നെല്ലുസംഭരണം സംഘങ്ങളിൽ നിന്നു മാറ്റി സപ്ലൈകോയെ തിരിച്ചേൽപിക്കാൻ തീരുമാനിച്ചത്.
ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ യോഗത്തിൽ പങ്കെടുത്തില്ല.
തയാറെടുപ്പില്ലാതെയാണു സഹകരണവകുപ്പ് നെല്ലുസംഭരണത്തിന് ഇറങ്ങിത്തിരിച്ചതെന്നു നേരത്തേ തന്നെ ആരോപണമുണ്ട്. ജനുവരി 5നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു പാലക്കാട് ജില്ലയിലെ നെല്ലു സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കാൻ തീരുമാനിച്ചത്.
14ന് ഇതിനായി സർക്കാർ ഉത്തരവിറക്കി.
ഫെബ്രുവരി 4ന് സഹകരണ മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധൃതിപിടിച്ച് ഇതു നടപ്പാക്കിയാലുള്ള പ്രയാസങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചെങ്കിലും അവഗണിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിലും ഇതിലെ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും മില്ലുടമകളെ ‘സഹായിക്കാനാണെന്ന’ പരാമർശം യോഗത്തിൽ ഉയർന്നതോടെ അദ്ദേഹം പിന്നീട് കൂടുതലൊന്നും സംസാരിച്ചില്ല.
തുടർന്ന് ഫെബ്രുവരി 11ന് പാലക്കാട് ജില്ലയിലെ വിവിധ താലൂക്കുകളിലായി 51 സംഘങ്ങളെ സംഭരണച്ചുമതല ഏൽപിച്ച് ഉത്തരവിറക്കി.
16ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സപ്ലൈകോ നൽകുന്ന പട്ടികയിൽ ഉൾപ്പെട്ട മില്ലുടമകളുമായി സംഘങ്ങൾ കരാർ ഒപ്പിടാനും നിർദേശിച്ചു.
ഇതിനായി തുടർന്നു സപ്ലൈകോ പട്ടിക കൈമാറി. 18ന് പാലക്കാട് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പകുതിയോളം സംഘങ്ങൾ പിന്മാറിയതോടെയാണ് സർക്കാർ അപകടം തിരിച്ചറിഞ്ഞത്.
സപ്ലൈകോയിൽ നിന്നു പണം തിരിച്ചു ലഭിക്കാൻ താമസം നേരിടുമെന്ന് സംഘങ്ങൾക്ക് ആശങ്കയുണ്ടായി.
മില്ലുടമകളും സംഘങ്ങളും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം നെല്ലു സംഭരണം തുടങ്ങുകയാണു വേണ്ടതെന്നു കലക്ടർ സർക്കാരിനെ അറിയിച്ചു. ഇതിനിടെ, രണ്ടാംവിളയിലെ സംഭരണം മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട്ട് രണ്ടു മാസത്തോളം വൈകിയതോടെ അരലക്ഷത്തോളം നെൽകർഷകർ ദുരിതത്തിലുമായി.
ഇതോടെ പ്രതിസന്ധി രൂക്ഷമാണെന്നു തിരിച്ചറിഞ്ഞാണ് സപ്ലൈകോയെ സംഭരണച്ചുമതല തിരിച്ചേൽപിച്ചത്. സംസ്ഥാനത്ത് സംഭരിക്കുന്നതിന്റെ പകുതിയിലേറെ നെല്ല് ഉൽപാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണെന്ന ഗൗരവകരമായ സ്ഥിതിയും സർക്കാരിനെ മറിച്ചു ചിന്തിപ്പിച്ചു.
പണം സഹകരണ സംഘങ്ങൾ നൽകുമോയെന്ന കാര്യത്തിലും അവ്യക്തത
പാലക്കാട് ജില്ലയിൽ സംഭരിക്കുന്ന നെല്ലിന്റെ വില നൽകുന്നത് എങ്കിലും പ്രാഥമിക സഹകരണം സംഘങ്ങളെ ഏൽപിക്കാനാണു സഹകരണ വകുപ്പിന്റെ ഒടുവിലത്തെ നീക്കമെങ്കിലും നടക്കുമെന്ന് ഉറപ്പില്ല.
സപ്ലൈകോയും സംഘങ്ങളും തമ്മിൽ ഏർപ്പെടേണ്ട കരാറിന്റെ കരട് ധനവകുപ്പിന്റെ പരിഗണനയിലാണ്.
സങ്കീർണമായ ധന, നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഇതിൽ തീരുമാനം സംശയത്തിലാണ്.
നിലവിൽ സംസ്ഥാനത്താകെ നെൽകർഷകർക്കു സംഭരണവില നൽകുന്നത് സപ്ലൈകോയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ള കാനറ, എസ്ബിഐ ബാങ്കുകൾ മുഖേനയാണ്. കർഷകർക്കു സംഭരണസമയത്ത് നൽകുന്ന പാഡി രസീത് ഷീറ്റ് (പിആർഎസ്) അടിസ്ഥാനമാക്കി വായ്പയായാണ് (പിആർഎസ് വായ്പ) പണം നൽകുന്നത്.
വായ്പ കാലാവധിക്കുള്ളിൽ സപ്ലൈകോ പലിശയും പണവും തിരികെ ബാങ്കുകൾക്കു നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു നെല്ലു സംഭരിച്ചതിന്റെ പണം ലഭിക്കാൻ 8 മുതൽ 10 മാസം വരെ വൈകുന്നതിനാലാണ് പിആർഎസ് വായ്പ ഇനത്തിൽ വർഷങ്ങളായി പണം നൽകി വരുന്നത്.
സംഭരിക്കാനുള്ളത് 5000 ലോഡ് വരെ എന്ന് റിപ്പോർട്ട്
പാലക്കാട്ട് ഇപ്പോൾ വൈകിയാണെങ്കിലും ഏതാനും ദിവസം മുൻപ് ആരംഭിച്ചിരിക്കുന്ന നെല്ലുസംഭരണം സപ്ലൈകോയുടെ നേതൃത്വത്തിലാണ്.
എന്നാൽ, സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണെന്ന തെറ്റിദ്ധാരണ പൊതുവെയുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ ഇതിന്റെ ഉദ്ഘാടനം പാലക്കാട്ട് നടന്നിരുന്നു.
നിലവിൽ പാലക്കാട്ടു നിന്നു സംഭരിക്കാനുള്ളത് 5000 ലോഡ് നെല്ലാണ് എന്നാണ് സപ്ലൈകോയ്ക്കു ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
ഇതു സംഭരിക്കാൻ മാത്രം ഒരു മാസത്തിലേറെ വേണ്ടി വരും. സംഭരിച്ചാലും പണം ലഭിക്കാനും വൈകുന്നതോടെ ഇതു തിരഞ്ഞെടുപ്പിൽ സർക്കാരിന് എതിരായ പ്രചാരണ വിഷയമായി മാറുമെന്നു മുന്നിൽ കണ്ടാണ് സപ്ലൈകോയെ കൊണ്ട് സംഭരണം ആരംഭിച്ചത്.
ചീഫ് സെക്രട്ടറിയുടെ കർശന നിർദേശത്തെ തുടർന്നാണ് സപ്ലൈകോ ഇതിനു നിർബന്ധിതമായത്. അതേസമയം, പ്രതിഫലം ലഭിക്കാവുന്ന തരത്തിലുള്ള രസീത് കർഷകർക്കു നൽകുന്നില്ല.
‘പച്ച ചീട്ട്’ എന്നു പറയുന്ന നെല്ലെടുത്തിന്റെ സാദാ രസീത് മാത്രമാണ് നൽകുന്നത്. സഹകരണ സംഘങ്ങളും സപ്ലൈകോയും മില്ലുകളും ഉൾപ്പെട്ട
കരാർ സംബന്ധിച്ച തീരുമാനമാണ് പണം ലഭിക്കുന്ന തരത്തിലുള്ള പാഡി രസീത് ഷീറ്റ് നൽകാനുള്ള തടസ്സം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

