വ്യാപാര തീരുവ നിയമ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1974ലെ വ്യാപാര നിയമത്തിലെ 122–ാം വകുപ്പ് പ്രയോഗിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
സുപ്രീം കോടതി വിധി എതിരാവുകയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ വൈറ്റ് ഹൗസ് നേരത്തെ തന്നെ തയാറാക്കിയിരുന്നു.
ഇതിലൊന്നാണ് 122–ാം വകുപ്പ് ചുമത്തുകയെന്നത്. ഇതുപയോഗിച്ച് മറ്റ് രാജ്യങ്ങൾക്ക് മേൽ താൽകാലികമായി തീരുവ ചുമത്താൻ ട്രംപിന് കഴിയും.
തന്റെ താരിഫ് നയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ ട്രംപ് നൽകുന്നതെന്നാണ് വിലയിരുത്തൽ.
എന്താണ് സെക്ഷൻ 122
മറ്റ് രാജ്യങ്ങൾക്ക് മേൽ 15 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നല്കുന്ന വകുപ്പാണിത്. എന്നാൽ 150 ദിവസത്തിനു മുകളിൽ ഇത് തുടരാൻ കഴിയില്ല.
കയറ്റുമതിയേക്കാള്‍ കൂടുതൽ രാജ്യത്തേക്കുള്ള ഇറക്കുമതി വർധിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ഈ വകുപ്പ് ഉപയോഗിക്കേണ്ടത്. 1970കളിലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇത്തരമൊരു വകുപ്പിന് അംഗീകാരം ലഭിക്കുന്നതെങ്കില്‍ പോലും ഇതുവരെ പ്രയോഗിച്ചിട്ടില്ല.
തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം ഇല്ലെന്നാണ് സുപ്രീം കോടതി വിധി.എന്നാൽ സെക്ഷൻ 122 അനുസരിച്ച് ഇതിനുള്ള അധികാരം ട്രംപിന് ലഭിക്കും.
മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി അന്വേഷണം കൂടാതെ ഉടനടി തീരുവ ചുമത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 150 ദിവസത്തിനുള്ളില്‍ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ തനിയെ റദ്ദാക്കപ്പെടുമെന്ന് മാത്രം.
ഈ ദിവസത്തിനുള്ളിൽ ട്രംപിന് മറ്റേതെങ്കിലും മാർഗത്തിലൂടെ തീരുവ പുനസ്ഥാപിക്കാനുള്ള അവസരം ട്രംപിന് ലഭിക്കും. 150 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് വകുപ്പ്122 പുനസ്ഥാപിക്കുന്നതിനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനോട് ട്രംപ് തേടിയേക്കില്ലെന്നാണ് കരുതുന്നത്.
പകരം സ്വാഭാവികമായി ഈ വകുപ്പ് റദ്ദാകാൻ അനുവദിച്ച ശേഷം പുതുതായി നടപ്പിലാക്കാനാണ് സാധ്യത.
മറ്റ് നിയമസാധ്യതകൾ
1974ലെ വ്യാപാര കരാറിലെ 122–ാം വകുപ്പ് കൂടാതെ മറ്റ് ചില വകുപ്പുകളും ഉപയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിലൊന്ന് ഓരോ രാജ്യത്തിനുമായി പ്രത്യേകം തീരുവ ചുമത്താൻ കഴിയുന്ന 301–ാം വകുപ്പാണ്.
ഏതെങ്കിലും രാജ്യം യുഎസ് വ്യാപാര താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കഴിയുന്ന വകുപ്പാണിത്. ആദ്യ ടേമിൽ ചൈനയ്ക്കെതിരെ തീരുവ പ്രയോഗിക്കാൻ ട്രംപ് ഉപയോഗിച്ചതും ഇതു തന്നെ.
ഓരോ മേഖലക്കായി പ്രത്യേകം തീരുവ ചുമത്താൻ കഴിയുന്ന 232–ാം വകുപ്പും ട്രംപിന്റെ മനസിലുണ്ട്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചില പ്രത്യേക ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന വകുപ്പാണിത്. എന്നാൽ ഇതിന് വാണിജ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്.
സ്റ്റീൽ, അലുമിനീയം എന്നിവക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയത് ഈ വകുപ്പ് പ്രകാരമാണ്.
കൂടാതെ യുഎസിന്റെ വ്യാപാര താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കാൻ 1930ലെ താരിഫ് നിയമത്തിലെ 338–ാം വകുപ്പും ട്രംപിന് ഉപയോഗിക്കാം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

