തിരുവനന്തപുരം ∙ 1977 നവംബർ 4. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഇന്ത്യൻ എയർ ഫോഴ്സിന്റെ ‘പുഷ്പക് രഥ്’ എന്നറിയപ്പെട്ടിരുന്ന തുപുലഫ് 124 കെ വിമാനം അസമിലെ ജോർഹട്ട് വിമാനത്താവളം ലക്ഷ്യമിട്ടു ലാൻഡിങ്ങിന് ഒരുങ്ങുകയായിരുന്നു.
പെട്ടെന്നാണ് നിയന്ത്രണംവിട്ട വിമാനം ഇടിച്ചിറങ്ങിയത്.
കുറ്റാക്കൂരിരുട്ടിൽ ഒരു നെൽപാടത്തെ മുട്ടൊപ്പം ചെളിയിലും വെള്ളത്തിലുമായി തെറിച്ചു വീണവർ നിസ്സാരക്കാരായിരുന്നില്ല– പ്രധാനമന്ത്രി മൊറാർജി ദേശായി, മകൻ കാന്തിഭായ് ദേശായി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പി.കെ.തുംഗോൺ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ജോൺ ലോബോ… അന്നു രാത്രി ആകാശവാണിയിൽ ഈ വാർത്ത കേട്ടു ലോകം നടുങ്ങി. അതേ വിമാനത്തിൽ നിന്നു തെറിച്ചുവീണ കെ.ഗോവിന്ദൻകുട്ടി എന്ന മലയാളിയുടെ ‘സ്കൂപ്പ്’ ആയിരുന്നു ആ വാർത്ത.
വടക്കു കിഴക്കേ ഇന്ത്യയിലെ ഉൾപ്രദേശത്തുനിന്ന്, വാർത്താവിനിമയ സംവിധാനങ്ങൾ പരിമിതമായ അക്കാലത്ത് അപകടം നടന്നു മണിക്കൂറുകൾക്കുള്ളിൽ ഈ വാർത്ത ലോകത്തെ അറിയിക്കാൻ ഗോവിന്ദൻകുട്ടിക്കു സാധിച്ചു. മഴ പെയ്യുന്ന ആ രാത്രിയിൽ റൺവേ വ്യക്തമാകാതെ ഒരു കുന്നിൽ ഇടിച്ചിറങ്ങിയ വിമാനത്തിൽനിന്നു തെറിച്ചുവീണ ഗോവിന്ദൻകുട്ടി, ജീവൻ തിരിച്ചുകിട്ടിയപ്പോൾ ആദ്യം ചിന്തിച്ചത് ഈ വാർത്ത ലോകത്തെ എങ്ങനെ അറിയിക്കുമെന്നായിരുന്നു.
കാടും കുന്നും താണ്ടി കിലോമീറ്ററുകൾ നടന്നു. സൈനിക താവളത്തിലെത്തി രാത്രി 10 മണിയോടെ ട്രങ്ക് കോൾ ചെയ്താണ് ഡൽഹി ആകാശവാണിയിൽ വിവരമറിയിച്ചത്.
ആ വിമാനത്തിലെ പൈലറ്റ് ആയിരുന്ന വിങ് കമാൻഡർ ക്ലാരൻസ് ജോസഫ് ഡി ലിമ മരിച്ചതു തന്റെ സമീപത്തു കിടന്നായിരുന്നെന്നു പിൽക്കാലത്ത് ഗോവിന്ദൻകുട്ടി പറഞ്ഞിട്ടുണ്ട്. 5 പേരാണ് അപകടത്തിൽ മരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യു ഉൾപ്പെടെ പലരും സഹായിച്ചതു കൊണ്ടാണ് ആ സ്കൂപ്പ് തന്റെ പേരിൽ അറിയപ്പെട്ടതെന്നും ഗോവിന്ദൻകുട്ടി പറഞ്ഞിട്ടുണ്ട്. 1970 ൽ ആകാശവാണിയിലെത്തിയ അദ്ദേഹം 1979 ൽ ആ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു.
ഇംഗ്ലിഷ്, മലയാളം മാധ്യമങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. കെ.കരുണാകരൻ: എ പൊളിറ്റിക്കൽ ബയോഗ്രഫി (മലയാളത്തിൽ വാഴ്ചയും വീഴ്ചയും), പ്രമുഖ വ്യവസായി രാജൻപിള്ളയുടെ സഹോദരനുമായി ചേർന്നെഴുതിയ ജീവചരിത്രം ‘എ വേസ്റ്റഡ് ഡെത്ത്: ദ് റൈസ് ആൻഡ് ഫാൾ ഓഫ് രാജൻപിള്ള (ഒരു നിഷ്ഫലമായ മരണം), ടി.എൻ.ശേഷൻ: ആൻ ഇന്റിമേറ്റ് സ്റ്റോറി, കാലക്ഷേപം തുടങ്ങിയ പുസ്തകങ്ങളെഴുതി.
മലയാള മനോരമയിൽ ‘മംഗളവാദ്യം’ എന്നതുൾപ്പെടെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കോളം എഴുതി. ടെലിവിഷനിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
കെ.ഗോവിന്ദൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മാധ്യമപ്രവർത്തകൻ കെ.ഗോവിന്ദൻകുട്ടി അന്തരിച്ചു
തിരുവനന്തപുരം ∙ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ആകാശവാണി, ഫിനാൻഷ്യൽ എക്സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയവയിൽ മൂന്നു പതിറ്റാണ്ടിലേറെ മാധ്യമപ്രവർത്തകനായിരുന്നു.
തിരുവനന്തപുരം പാങ്ങോട് വിവേകാനന്ദ നഗർ ഐശ്വര്യയിൽ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന അദ്ദേഹം രോഗത്തെത്തുടർന്നു പുളിയറക്കോണത്തെ സ്വകാര്യ സ്ഥാപനത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം പിന്നീട്. ഭാര്യ ശാരദാമണി തങ്കച്ചി ആകാശവാണി ജീവനക്കാരിയായിരുന്നു.
മക്കൾ: കാർത്തിക, കാർത്തിക് കെ.ഗോവിന്ദ് (ഇരുവരും യുഎസ്). മരുമക്കൾ: അരുൺ, കാതറിൻ.
1970 ൽ ഡൽഹി പിഐബിയിൽനിന്ന് കോഴിക്കോട് ആകാശവാണിയിലെത്തിയ ഗോവിന്ദൻകുട്ടി ഐസോൾ, തിരുവനന്തപുരം, ന്യൂഡൽഹി തുടങ്ങിയ ബ്യൂറോകളിലും പ്രവർത്തിച്ചു.
1977 നവംബറിൽ ഡൽഹിയിൽനിന്ന് അസമിലേക്കു പുറപ്പെട്ട, പ്രധാനമന്ത്രി മൊറാർജി ദേശായി സഞ്ചരിച്ച വിമാനം ജോർഹട്ട് വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപു തകർന്നു വീണ വിവരം ലോകത്തെ ആദ്യമായി അറിയിച്ചത് അന്ന് ആ വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന ഗോവിന്ദൻകുട്ടിയാണ്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, ടി.എൻ.ശേഷൻ, പ്രമുഖ വ്യവസായി രാജൻപിള്ള തുടങ്ങിയവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
‘മലയാള മനോരമ’ ഉൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളിലും ടിവി ചാനലിലും പംക്തികൾ കൈകാര്യം ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

