പാക്കിസ്ഥാനുമായുള്ള വ്യാപാര ചർച്ചകളിൽ തനിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ ബോർഡ് ഓഫ് പീസ് യോഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം.
‘‘അവർ ഞാനുമായി ചർച്ചയ്ക്ക് വന്നു. ഞാൻ അസ്വസ്ഥനായിരുന്നു.
അവരുമായി ചെറിയ വ്യാപാര ബന്ധമാണ് ഉണ്ടായിരുന്നത്’’ – ട്രംപ് പറഞ്ഞു.
പക്കിസ്ഥാന്റെ സംയുക്ത സേനാമേധാവി അസിം മുനീറുമായി ഉൾപ്പെടെ ചർച്ച നടത്തി ട്രംപ് പിന്നീട് വ്യാപാരക്കരാർ ഉറപ്പിച്ചു. 19% പകരംതീരുവയാണ് പാക്കിസ്ഥാനുമേൽ പ്രഖ്യാപിച്ചത്.
ആ സമയം ഇന്ത്യയ്ക്കുമേലുള്ള തീരുവ 50 ശതമാനമായിരുന്നു. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ മുന്നിൽവച്ച് ട്രംപ് അസിം മുനീറിനെ യോഗത്തിൽ പുകഴ്ത്തുകയും ചെയ്തു.
‘‘അദ്ദേഹമൊരു ഗ്രേയ്റ്റ് ഗ്രേയ്റ്റ് ജനറൽ. ഗ്രേയ്റ്റ് ഫീൽഡ് മാർഷൽ.
ഒരു കടുപ്പക്കാരൻ’’, ട്രംപ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കഴിഞ്ഞവർഷം നടന്ന സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന വാദവും ട്രംപ് ആവർത്തിച്ചു. ‘‘ഇന്ത്യ-പാക്ക് യുദ്ധം കൂടുതൽ വഷളാവുകയായിരുന്നു.
വിമാനങ്ങൾ വെടിവച്ചിട്ടു. ഞാൻ മോദിയെയും ഷഹാബാസിനെയും വിളിച്ചു.
മോദിയെ എനിക്ക് നന്നായി അറിയാം. യുദ്ധം നിർത്തിയില്ലെങ്കിൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം യുഎസ് റദ്ദാക്കുമെന്ന് ഞാൻ പറഞ്ഞു’’ – ട്രംപ് വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ 200% തീരുവ ചുമത്തുമെന്ന് താൻ ഇന്ത്യയെയും പാക്കിസ്ഥാനെയും ഭീഷണിപ്പെടുത്തിയെന്നും ഇതോടെ മോദിയും ഷഹബാസും വഴങ്ങിയെന്നും ട്രംപ് പറഞ്ഞു.
വെടിവച്ചിട്ട വിമാനങ്ങളുടെ എണ്ണം 11 എന്നാണ് ഇക്കുറി ട്രംപ് പറഞ്ഞത്. യുദ്ധം അവസാനിപ്പിച്ചെന്ന് ആദ്യം അവകാശപ്പെടുമ്പോൾ ട്രംപിന്റെ കണക്ക് 5 ആയിരുന്നു.
പിന്നെയത് 7 എന്നു പറഞ്ഞു. ഇപ്പോൾ 11.
അതേസമയം, ട്രംപിന്റെ ഈ വാദം ഇന്ത്യ നേരത്തേയും തള്ളിയിരുന്നു. പാക്കിസ്ഥാൻ ഇങ്ങോട്ട് വിളിച്ച് അഭ്യർഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദത്തെ തുടക്കംമുതൽ പിന്തുണയ്ക്കുകയാണ് പാക്കിസ്ഥാൻ ചെയ്തത്.
ആണവയുദ്ധത്തിലേക്ക് മാറാവുന്ന സംഘർഷമാണ് ട്രംപ് അവസാനിപ്പിച്ചതെന്നും അല്ലായിരുന്നെങ്കിൽ 25 കോടിപ്പേർ കൊല്ലപ്പെടുമായിരുന്നുവെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ഷഹബാസ് തന്നോട് നന്ദി പറഞ്ഞെന്നും ട്രംപ് യോഗത്തിൽ പറഞ്ഞു.
സംഘർഷത്തിൽ ഇടപെട്ടതിന് ട്രംപിനെ നൊബേൽ സമാധാന പുരസ്കാരത്തിന് ഷഹബാസ് ഷരീഫും അസിം മുനീറും നാമനിർദേശം ചെയ്തിരുന്നു. ഇന്ത്യ അതിനു തയാറായില്ല.
ഇതോടെയാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ കടുംപിടിത്തം തുടങ്ങിയതും വൻ തീരുവ ചുമത്തിയതും എന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

