ടെഹ്റാൻ: ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. 50 എഫ് 35, എഫ് 22, എഫ് 16 വിമാനങ്ങളാണ് ഇറാൻ അതിർത്തിയിൽ അമേരിക്ക വിന്യസിച്ചിട്ടുള്ളത്.
ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയത്. ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുള്ളത്.
50ഓളം എഫ്35 യുദ്ധവിമാനങ്ങൾ, എഫ്22, എഫ്16 തുടങ്ങിയ അത്യാധുനിക പോർവിമാനങ്ങളാണ് യുഎസ് മേഖലയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമെ സി17 വിമാനങ്ങൾ വഴി വൻതോതിൽ സൈനിക ഉപകരണങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് അമേരിക്ക എത്തിക്കുന്നുണ്ട്.
യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഇറാന് സമീപത്തെ ജലാതിർത്തികളിലും നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ കപ്പലും ഈജിപ്തിലെ സൂയസ് കനാലിലൂടെ മെഡിറ്ററേനിയനിൽ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ വിശദമാക്കുന്നത്. യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഗൾഫിന് മുകളിലൂടെ പ്രവർത്തിക്കുന്നുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്.
ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. മനോഹരമായ ഒരു നാവികവ്യൂഹം ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കാവുന്ന ശക്തമായ സൈനിക നടപടികൾക്ക് പെന്റഗൺ തയ്യാറെടുക്കുന്നതായാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്നാണ് ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മറുപടി നൽകിയത്. ഇതിന് പുറമേ ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസവും നടത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

