തിരുവനന്തപുരം ∙തമ്പാനൂരിലെ കുരുക്ക് അഴിക്കുന്നതിൽ ഏറെ പ്രധാനമായ റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള സ്കൈവോക് പദ്ധതി അനിശ്ചിതത്വത്തിൽ. പദ്ധതിക്കു സഹകരണം തേടി റെയിൽവേ കെഎസ്ആർടിസിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.
438 കോടി രൂപ ചെലവിൽ സ്റ്റേഷൻ നവീകരണ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) കെഎസ്ആർടിസി സിഎംഡിക്ക് ഇതുമായി ബന്ധപ്പെട്ടു കത്ത് നൽകി. ഒരു വർഷം കഴിഞ്ഞിട്ടും മറുപടിയില്ല.
പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്റെ മുന്നിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് സ്കൈ വോക് നിർമിക്കാനാണു പദ്ധതി.
സ്റ്റാൻഡിനു മുന്നിലുള്ള ബസ് ബേകൾക്കു സമീപമോ ബസ് സ്റ്റേഷന്റെ രണ്ടാം നിലയിലോ എത്തുന്ന രീതിയിലാണു സ്കൈവോക് പ്ലാൻ ചെയ്തിരിക്കുന്നത്. രണ്ടായാലും കെഎസ്ആർടിസി അനുമതി നൽകണം.
യാത്രക്കാർക്കു താഴേക്ക് ഇറങ്ങാൻ ലിഫ്റ്റ്, എസ്കലേറ്റർ, പടിക്കെട്ട് സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. 2024 നവംബർ 28ന് കെഎസ്ആർടിസി സിഎംഡിക്ക് അയച്ച കത്തിൽ രൂപരേഖ കെഎസ്ആർടിസി അംഗീകരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകാമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
സ്കൈവോക്കിന്റെ തൂണുകൾ നിർമിക്കാനും ലിഫ്റ്റ്, എസ്കലേറ്റർ, പടിക്കെട്ട് എന്നിവ സ്ഥാപിക്കാനുമുള്ള സ്ഥലമാണ് കെഎസ്ആർടിസി നൽകേണ്ടത്.
പദ്ധതി ചെലവു പൂർണമായി റെയിൽവേ വഹിക്കും. കെഎസ്ആർടിസിക്ക് ഒരു രൂപ പോലും ചെലവില്ലാത്ത പദ്ധതിയായിട്ടും പോലും അനുമതി വൈകുകയാണ്.
തമ്പാനൂർ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കും തിരിച്ചും റോഡ് മുറിച്ചു കടക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.ഇടയ്ക്കിടെ വാഹന ഗതാഗതം തടഞ്ഞാണു ട്രാഫിക് പൊലീസ് കാൽനടക്കാർക്കു വേണ്ട സൗകര്യം ചെയ്തു കൊടുക്കുന്നത്.
കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിന് അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്തും ഇതുപോലെ വാഹനങ്ങൾക്കിടയിലൂടെ ജനം റോഡ് മുറിച്ചു കടക്കുന്നുണ്ട്. ഇവിടെ വരാനിരിക്കുന്ന നോർത്ത് രണ്ടാം ബ്ലോക്കിൽ നിന്ന് കെഎസ്ആർടിസി പാർക്കിങ്ങിലേക്ക് സ്കൈവോക് നിർമിക്കാനും റെയിൽവേയ്ക്ക് ആലോചനയുണ്ട്.
ഗതാഗതക്കുരുക്കഴിക്കാൻ തടസ്സങ്ങളേറെ
തിരുവനന്തപുരം ∙ തമ്പാനൂർ ജംക്ഷനിലും അരിസ്റ്റോ ജംക്ഷൻ ഭാഗത്തുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാതെ അധികൃതർ വലയുന്നു.
അടുത്ത ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് ആലോചന. രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ രാത്രി 9 വരെയുമാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷം.
ദീർഘദൂര ബസുകൾ മുഴുവൻ സർവീസ് ആരംഭിക്കുന്നത് തമ്പാനൂർ ബസ് ടെർമിനലിൽ നിന്നാണ്. ഇതിനൊപ്പം കിഴക്കേകോട്ടയിൽ നിന്നു കരമന, പൂജപ്പുര, മലയിൻകീഴ്, പാപ്പനംകോട്, പാറശാല കളിയിക്കാവിള ഭാഗങ്ങളിലേക്കുള്ള ബസുകൾ കടന്നു പോകുന്നതും ഇതുവഴിയാണ്.നഗരത്തിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പേർ എത്തുന്നതും തമ്പാനൂർ അരിസ്റ്റോ ജംക്ഷൻ ഭാഗത്തേക്കാണ്.
തമ്പാനൂർ ബസ് ടെർമിനലിലേക്ക് ബസുകൾ ഒന്നിച്ച് തിരിഞ്ഞ് കയറുമ്പോൾ മറ്റു വാഹനങ്ങൾ കുരുക്കിൽപെടുന്നത് പതിവാണ്. അരിസ്റ്റോ ജംക്ഷൻ മുതൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിങ്ങും കുരുക്കിന് കാരണമാകുന്നു.
അരിസ്റ്റോ ജംക്ഷൻ ഭാഗത്തെ ഇടറോഡുകളിലെ പാർക്കിങ്ങും വാഹന തിരക്ക് പ്രധാന റോഡുകളിലേക്ക് നീളുന്നതും ഒരു പരിധി വരെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വർഷങ്ങളായി തമ്പാനൂർ അരിസ്റ്റോ ജംക്ഷൻ ഭാഗത്ത് തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഇനിയും അകലെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

