കറുകച്ചാൽ / മല്ലപ്പള്ളി ∙ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയുടെ മുറ്റത്തെ തണൽമരത്തിനു കീഴിൽ ആലിൻ കിടന്നു. 2 പെൺകുഞ്ഞുങ്ങൾക്കു ജീവിതം നൽകിയ, ഒരുപാട് മനസ്സുകളിൽ സ്നേഹമായ് പടർന്ന, ഒട്ടേറെ ശാഖകൾ വിരിച്ച മരമാണല്ലോ ആലിൻ!
പലനാടുകളിൽനിന്നെത്തിയ പതിനായിരങ്ങളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങി അവൾ മടങ്ങി. വിലപ്പെട്ടതെല്ലാം ജീവനായി നിലനിർത്തിയശേഷം ശരീരം മണ്ണിന് സമ്മാനിച്ചുള്ള മടക്കം.
സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവദാതാവായ മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന് (9 മാസം) നാട് വിടനൽകി.
ഷെറിനും അരുണിനും എന്റെ സല്യൂട്ട്. നമ്മുടെ കുട്ടിയാണ് ആലിൻ.
9 മാസം മാതാപിതാക്കളുടെ സ്നേഹഭാജനമായി ജീവിച്ച കുഞ്ഞ് എത്ര കുട്ടികൾക്കാണു പുതുജീവിതം നൽകിയത്. ഷെറിനും അരുണിനും ഭാവി ജീവിതത്തിൽ സന്തോഷം ആശംസിക്കുന്നു.
കമൽഹാസൻ
വീട്ടിലെ പൊതുദർശത്തിനുശേഷം ഉച്ചയ്ക്കു രണ്ടരയോടെയാണു നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലേക്ക് ആലിനിന്റെ മൃതദേഹം വഹിച്ച് ആംബുലൻസ് എത്തിയത്.
പ്രാർഥനകൾക്കുശേഷം പള്ളി അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകി. ആലിനിന്റെ മാതാപിതാക്കളായ അരുൺ ഏബ്രഹാമും ഷെറിൻ ആൻ ജോണും അടക്കമുള്ള ബന്ധുക്കൾ അന്ത്യ ചുംബനം നൽകി.
മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ 7.45 വരെ ആശുപത്രി ചാപ്പലിൽ പൊതുദർശനത്തിനു വച്ചു.
8ന് നെടുങ്ങാടപ്പള്ളിക്ക് അടുത്തുള്ള വാലുമണ്ണിൽ വീട്ടിൽ മൃതദേഹം എത്തിച്ചു. ബിഷപ് തോമസ് സാമുവൽ, ബിഷപ് ഡോ.ഉമ്മൻ ജോർജ്, നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ.തോമസ് പായിക്കാട്, മഹായിടവക വൈദിക സെക്രട്ടറി റവ.അനിയൻ കെ.പോൾ, ട്രഷറർ റവ.ജിജി ജോൺ ജേക്കബ്, എന്നിവർ പള്ളിയിലെ ചടങ്ങിന് കാർമികത്വം വഹിച്ചു.
‘കുഞ്ഞിനെ തോളിലെടുത്തു; വാഹനങ്ങൾ ഒന്നും നിർത്തിയില്ല’
മല്ലപ്പള്ളി ∙ അപകടത്തിൽപെട്ട
കുഞ്ഞു ജീവൻ നഷ്ടപ്പെടാതിരിക്കാനായി നെട്ടൊട്ടമോടിയ ജോബിൻ ആലിനെ അവസാനമായി കാണാനെത്തി. ആലിനിന്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ പിറകെയെത്തിയ പിക്കപ് വാനിന്റെ ഡ്രൈവറായിരുന്നു തിരുവല്ല കല്ലുങ്കൽ സ്വദേശി ജോബിൻ ജി.മംഗലത്തിൽ.
വിവിധ ആശുപത്രികളിൽ മരുന്നുകൾ എത്തിക്കുന്ന വാഹനമാണ് ജോബിൻ ഓടിച്ചിരുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് എത്തിച്ച് തിരുവല്ലയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുന്നിൽപോയ കാർ കോട്ടയം പള്ളം ബോർമ കവലയ്ക്കു സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്.
അതിൽ ആലിനും അമ്മ ഷെറിൻ ആൻ ജോണും ഷെറിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. കുഞ്ഞിനെ തോളിലെടുത്ത് ഒട്ടേറെ വണ്ടികൾക്ക് ജോബിൻ കൈകാണിച്ചു.
ആരും നിർത്താൻ തയാറായില്ല. ആ സമയം ഒരു ആംബുലൻസ് എത്തിയെങ്കിലും അതിൽ രോഗിയുണ്ടായിരുന്നു.
5 വയസ്സുകാരനായ മകൻ റെൻസിനെ സ്കൂളിൽനിന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ സമയം നഷ്ടപ്പെടുമെന്നതിനാലാണ് മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചത്. അവസാനം പിക്കപ് വാനിൽതന്നെ ആലിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ ആലിനെ കാണാൻ ജോബിനും ഭാര്യ രഹ്നയും മകൻ റെൻസിനും വാലുമണ്ണിലെ വീട്ടിലെത്തിയിരുന്നു.
കൊച്ചുമകളുടെ ജീവനെ കാണാൻ
മല്ലപ്പള്ളി ∙ കൊച്ചുമകൾക്ക് പകർന്നുനൽകിയ വൃക്കകളുടെ ഉടമയെക്കാണാൻ നെയ്യാറ്റിൻകരനിന്ന് വാലുമണ്ണിൽ വീട്ടിലെത്തി ചന്ദ്രൻ. ആലിനിന്റെ ഇരുവൃക്കകളും സ്വീകരിച്ചത് കാരക്കോണം ചെറിയകൊല്ല അമ്പലത്തുവിളാകം പുത്തൻവീട്ടിൽ ശ്രേയയാണ് (10).
നെയ്യാറ്റിൻകര മാരായമുട്ടം ചെമ്മണ്ണ്വിള വീട്ടിൽ ചന്ദ്രന്റെ മകളുടെ മകളാണ് ശ്രേയ. ആലിനിന്റെ സംസ്കാരം നടത്തുന്ന നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലും വീട്ടിലും ചന്ദ്രൻ എത്തിയിരുന്നു.
ആലിന്റെ കുടുംബത്തെ കണ്ട് നന്ദി അറിയിക്കണമെന്നുണ്ടായിരുന്നുവെങ്കിലും അതിനു സാധിച്ചില്ലെന്നു ചന്ദ്രൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

