
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ-ഇരിട്ടി അങ്ങാടിക്കടവിലെ സഹകരണ സൊസൈറ്റിയിൽ വ്യാജരേഖ ചമച്ച് ബിനാമി വായ്പകൾ തരപ്പെടുത്തി സെക്രട്ടറി ഒന്നരക്കോടി രൂപ തട്ടിയെടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരിട്ടി ബ്ലോക്ക് അഗ്രിക്കൾച്ചറൽ ആന്റ് അലൈഡ് എംപ്ലോയീസ് വെൽഫെയർ കോഓപറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്റെ സെക്രട്ടറിയായ കരിക്കോട്ടക്കരി കൂമൻതോട്ടെ വാഴാംപ്ലാക്കൽ വി.ഡി. ജോളി(48)യാണ് പണം തട്ടിയത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.2006 മുതൽ ഇത്രയും കാലമായി ജോളി നിരവധി പേരുകളിലായി വ്യാജ ലോൺ അപേക്ഷ തയാറാക്കിയാണ് ഒന്നരക്കോടി രൂപ യോളം തട്ടിയെടുത്തത്. സൊസൈറ്റി പ്രസിഡന്റായിരുന്ന എ.ജെ. തോമസാണ് തട്ടിപ്പിന്റെ വിവരങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരമാണ് കരിക്കോട്ടക്കരി പോലീസ് ജോളിക്കെതിരെ കേസെടുത്തത്.
ഒരു വർഷം മാത്രം പ്രസിഡന്റായി പ്രവർത്തിച്ചയാളാണ് തോമസ്. 16 വർഷമായി നടന്നുവരുന്ന തട്ടിപ്പ് ഈ കാലയളവിലാണ് പുറത്തായത്. സഹകരണ ഓഡിറ്റർ ജയശ്രീ സ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിങിലാണ് സാമ്പത്തിക വെട്ടിപ്പ് വ്യക്തമായത്. ഇക്കാര്യം ബോധ്യമായതോടെ കോടതിയിൽ സെക്രട്ടറിക്കെതിരേ ഹരജി നൽകിയ ശേഷം നിലവിലുണ്ടായി രുന്ന പ്രസിഡന്റ് തോമസ് തൽസ്ഥാനം രാജിവെക്കുകയായിരുന്നു. ഇപ്പോൾ ഭരണ സമിതിയംഗമായ തോമസ് വലിയ തൊട്ടിക്കാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
2006 മുതൽ ധനാപഹരണം നടന്ന കാലത്ത് സൊസൈറ്റിയുടെ പ്രസിഡന്റായി ഉണ്ടായിരുന്നത് മുൻ അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പറക്കണശ്ശേരിയാണ്. തുടർച്ചയായി മൂന്ന് തവണ പ്രസിഡന്റായ കോൺഗ്രസ് നേതാവ് സെബാസ്റ്റ്യന്റെ മൗനാനുവാദമില്ലാതെ ഇത്ര വലിയ തട്ടിപ്പ് ഒരാൾക്ക് നടത്താൻ കഴിയില്ലെന്ന് കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നുണ്ട്. രജിസ്റ്റർ, ലഡ്ജർ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ ക്രമക്കേട് കാണിച്ചാണ് സെക്രട്ടറി തട്ടിപ്പ് നടത്തിയതെന്നാണ് ഓഡിറ്റിങിൽ കണ്ടെത്തിയത്. ചുരുങ്ങിയ പലിശക്ക് കാർഷിക വായ്പകൾ ലഭ്യമാക്കുന്നതിന്റെ മറവിൽ അയ്യകുന്ന് പഞ്ചായത്തിലെ നിരവധിയാളുകളുടെ പേരിൽ അവരറിയാതെ സെക്രട്ടറി അവരുടെ ഒപ്പിട്ട് വായ്പയിനത്തിൽ തുക തട്ടിയെടുക്കുകയായിരുന്നു. കാലാവധിയെത്തിയ വായ്പകളിൽ തിരിച്ചടവില്ലാതായതാണ് ഓഡിറ്റർക്ക് സംശയം ജനിപ്പിച്ചത്. കിട്ടാക്കടം പെരുകിയതോടെ സ്ഥാപനം ഏത് നിമിഷവും തകരുമെന്ന അവസ്ഥയാണിപ്പോൾ.
കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ വായ്പകൾ അനുവദിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ്.ജോളി ആറ് മാസമായി സസ്പെൻഷനിലാണ്.അങ്ങാടി കടവിലെ വാടക വീട്ടിൽ താമസിച്ചുവന്ന ജോളി ഇപ്പോൾ ഇടുക്കിയിലെ ഭാര്യവീട്ടിലേക്ക് മാറിയി രിക്കുകയാണ്. സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർ തുക തിരിച്ചുകിട്ടാൻ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. കരിക്കോട്ടക്കരി സി.ഐ, പി.ബി.സജീവിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.