കൽപറ്റ ∙ സേവന വേതന വ്യവസ്ഥ കരാർ പുതുക്കുന്നതിനുള്ള നടപടികൾ വൈകുന്നതിൽ തോട്ടംതൊഴിലാളികൾ പ്രതിഷേധത്തിൽ. 3 വർഷം കൂടുമ്പോഴാണ് തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ കരാർ പുതുക്കുക.
കഴിഞ്ഞതവണ, 2021 ഡിസംബർ 31നു കൂലിയുടെ കാലാവധി അവസാനിച്ചിട്ട് ഒന്നര വർഷത്തിനു ശേഷം 2023 ജൂണിലാണു പുതിയ കൂലി പുതുക്കി നിശ്ചയിച്ചത്. ഒന്നര വർഷത്തെ മുൻകാല പ്രാബല്യം ലഭിക്കേണ്ടത് ഒരു വർഷം നഷ്ടപ്പെടുത്തി 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു കൂലി പുതുക്കി നിശ്ചയിച്ചത്.
അന്ന് മാസ ശമ്പളക്കാരുടേത് അടക്കമുള്ള മറ്റു ആനുകൂല്യങ്ങൾ പുതുക്കി നിശ്ചയിക്കുന്നതിനു ഉപസമിതി രൂപീകരിച്ചിരുന്നു.
എന്നാൽ, നിലവിലുള്ള കൂലിയുടെ കാലാവധി അവസാനിച്ചിട്ടു പോലും ഉപസമിതി യോഗം ചേരുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19ന് തിരുവനന്തപുരത്ത് ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രാഥമിക ചർച്ച നടന്നതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ല.
തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 01.01.2026 അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തോടെ പ്രതിദിന വേതനം 800 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്നാണു തോട്ടംതൊഴിലാളികളുടെ ആവശ്യം.
കഴിഞ്ഞ തവണയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും 42 രൂപയുടെ വർധന മാത്രമാണ് അന്നു വരുത്തിയത്. ജില്ലയിൽ 15ൽ അധികം തേയിലത്തോട്ടങ്ങളുണ്ട്.
ഇതിൽ പല തോട്ടങ്ങളും പ്രതിസന്ധിയിലാണ്. ചിലതിൽ മാസങ്ങളായിട്ടു തൊഴിലാളികൾക്കു ശമ്പളം പോലും വിതരണം ചെയ്തിട്ടില്ല.
വർഷങ്ങളായിട്ടു തൊഴിലാളികളുടെ പിഎഫ് അടയ്ക്കാത്ത മാനേജ്മെന്റുകളും ജില്ലയിലുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളിൽ മേഖലയിൽ തുടരാനാകാതെ ഒട്ടേറെ തൊഴിലാളികൾ മറ്റു തൊഴിൽ മേഖലകളിലേക്കു തിരിഞ്ഞു.
അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതും ഉൽപാദനച്ചെലവു ഗണ്യമായി വർധിച്ചതും കാരണം തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലാണെന്നു തോട്ടമുടമകൾ പറയുന്നു.
800 രൂപയാക്കണം; യൂണിയനുകൾ പ്രക്ഷോഭത്തിന്
കൽപറ്റ ∙ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച നോട്ടിഫിക്കേഷൻ 31.12.2025ന് അവസാനിച്ചതിനാൽ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 01.01.2026 അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തോടെ പ്രതിദിന വേതനം 800 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്നും തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐഎൻടിയുസി-എസ്ടിയു തൊഴിലാളി യൂണിയനുകൾ ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി), സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ (എസ്ടിയു) എന്നിവരുടെ നേതൃത്വത്തിൽ 17ന് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കളായ പി.പി.ആലി, ടി.ഹംസ എന്നിവർ അറിയിച്ചു.
രാവിലെ 10ന് ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്പെഷൽ അലവൻസ് 10 രൂപയായി വർധിപ്പിക്കാനും 60 കിലോഗ്രാമിനു മുകളിൽ 2 രൂപ അധികമായി നൽകാനും നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സർവീസ് വെയ്റ്റേജ് കാലാനുസൃതമായി വർധിപ്പിക്കുക, മാസശമ്പളക്കാർക്ക് തൊഴിൽ സീനിയോറിറ്റി അനുസരിച്ച് ഇൻക്രിമെന്റ് അനുവദിക്കുക, തോട്ടം തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സാ ചെലവ് ഏറ്റെടുക്കുക, മരണാനന്തര ചെലവുകൾക്കായി 10,000 രൂപ അനുവദിക്കുക, തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, തോട്ടം തൊഴിലാളികൾക്കായി സമ്പൂർണ ഭവന പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിക്കുമെന്നും ഇവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

