പെരുവെമ്പ് ∙ മണ്ണിനോടു മല്ലിടുന്ന കർഷകന്റെ പ്രശ്നങ്ങൾ അവർക്കൊപ്പമിരുന്നു മനസ്സിലാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. പെരുവെമ്പ് തോട്ടിങ്കലിലെ നെൽപാടത്തിരുന്നാണു സർക്കാർ അവഗണനകളുടെ കണ്ണീർക്കഥകൾ അദ്ദേഹം കേട്ടത്.
ജില്ലയിലെ നെൽക്കർഷകർ അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കൂടിയായ അദ്ദേഹത്തിനു മുന്നിൽ കർഷകർ അവതരിപ്പിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി കർഷകരെ ദ്രോഹിക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്നു കർഷകർ ചൂണ്ടിക്കാട്ടി. നെൽക്കൃഷി ആദായകരമായി നടത്താൻ കഴിയാത്തതിനാൽ പലരും കൃഷിയിൽനിന്നു പിൻമാറുകയാണ്.
വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, കൊയ്ത്തു യന്ത്രങ്ങളുടെയും ട്രാക്ടറുകളുടെയും ഉയർന്ന വാടക, രാസവളങ്ങളുടെ അമിതവില ഇവയെല്ലാം കാർഷിക മേഖലയെ തളർത്തുകയാണ്.
സമയത്തു നെല്ലു സംഭരിക്കാത്തതും സംഭരിച്ച നെല്ലിന്റെ വില മാസങ്ങളോളം വൈകി നൽകുന്നതും സ്വകാര്യ മില്ലുടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ്.കൊയ്ത്തു തുടങ്ങുന്നതിനു മുൻപു സംഭരണ കരാർ ഒപ്പിടാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു കർഷകർ ആവശ്യപ്പെട്ടു. രാസവളങ്ങളുടെ വില വർധന തടയാൻ പ്രത്യേക സബ്സിഡി വേണം.
യൂറിയ ലഭ്യത ഉറപ്പാക്കണം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്നു വേണുഗോപാൽ ഉറപ്പു നൽകി. സംസ്ഥാന സർക്കാർ നെല്ലിനു നൽകിവരുന്ന പ്രോത്സാഹന സബ്സിഡി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കാർഷിക മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമാക്കും.
കേന്ദ്രം നിശ്ചയിച്ച കുറഞ്ഞ താങ്ങുവിലയ്ക്കു മുകളിൽ സംസ്ഥാനങ്ങൾ അധിക ബോണസ് നൽകുന്നതു കേന്ദ്ര ഭക്ഷ്യധാന്യ നയത്തിനു വിരുദ്ധമാണെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
എന്നാൽ കേരളത്തിൽ നെൽക്കൃഷി നടത്തുന്നതു ലാഭത്തിനല്ല, ഭക്ഷ്യസുരക്ഷയ്ക്കും ഭൂസംരക്ഷണത്തിനും വേണ്ടിയാണ്. ഉയർന്ന കൃഷിച്ചെലവും വൈകിയ സംഭരണവിലയും കാരണം സംസ്ഥാനത്തിന്റെ പ്രോത്സാഹന തുക നിർണായകമാണ്.
ഈ ബോണസ് ഇല്ലാതാകുന്നതു കർഷകർക്ക് ഇരുട്ടടിയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, ചിറ്റൂർ– തത്തമംഗലം നഗരസഭാധ്യക്ഷൻ സുമേഷ് അച്യുതൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

